അതു മെരുങ്ങാത്ത പുലി തന്നെ; ജയറാം പറയുന്നു

പുലിമുരുകനും വാറുണ്ണിയും. മലയാളത്തിലെ പ്രധാന സിനിമാ ചർച്ചകളിൽ ഇവർ രണ്ടു പേരുമാണിപ്പോൾ താരം. മനുഷ്യനും മൃഗവും കാടും പ്രമേയമായ, മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളായ, ഈ ചിത്രങ്ങളിൽ ആരാണ് കഥാപാത്രങ്ങളെ ഏറ്റവും വീരോജ്വലമായി ചെയ്തത് എന്നതാണു തർക്ക വിഷയം. വാദങ്ങൾ എന്തായാലും ഒരു കാര്യം ഉറപ്പാണ് മമ്മൂട്ടി വാറുണ്ണിയായ ഐ വി ശശി ചിത്രം മൃഗയ ആവിഷ്കരിക്കപ്പെട്ടത് ഗ്രാഫിക്‌സിന്റെയും സാങ്കേതികവിദ്യയുടെയും സൗകര്യങ്ങള്‍ ഏറെയില്ലാത്ത ഒരു കാലത്താണ്.

പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ചർച്ച വന്നിരു്നു. എന്നാല്‍ പൂര്‍ണമായും മെരുങ്ങിയിട്ടില്ലാത്ത പുലിയെ ഉപയോഗിച്ചാണ് മൃഗയ ചിത്രീകരിച്ചതെന്ന് സംവിധായകൻ ഐവി ശശി പറഞ്ഞിരുന്നു. ഐ.വി ശശി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് ഉള്ളതിന് നടൻ ജയറാം സാക്ഷിയാണ്. ഒരു ചാനൽ ഷോയിൽ ജയറാം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ജയറാം പറഞ്ഞ കഥ –

പണ്ട് മൃഗയയുടെ ചിത്രീകരണം നടക്കുന്ന സമയം. ജയറാമിനും അന്ന് കോഴിക്കോട് ഷൂട്ടിങ് ഉണ്ട്. ആ സമയത്താണ് ഈ പുലി എങ്ങനെയുണ്ടെന്ന് അറിയാൻ ആദ്യദിനം മമ്മൂട്ടി സെറ്റില്‍ ചെല്ലുന്നത്. ഗോവിന്ദരാജ എന്ന പരീശീലകനാണ് പുലിയെ കൊണ്ടുവന്നിരിക്കുന്നത്.

പുലി എങ്ങനെ ഉണ്ടെന്ന് ട്രെയിനറോട് മമ്മൂട്ടി ചോദിച്ചപ്പോൾ കൊച്ചു കുഞ്ഞിനെപ്പോലെ വെറും പാവമാണെന്നായിരുന്നു അയാളുടെ മറുപടി. ഇതൊന്നും പോരാതെ റാണി എന്നായിരുന്നു ആ പുലിയുടെ പേരും.

പുലി പ്രശ്നക്കാരനാണോ എന്നറിയാൻ മമ്മൂട്ടിക്ക് ആകാംക്ഷ ഉണ്ടായിരുന്നു. ധൈര്യമായി പുലിയുടെ അടുത്തേക്ക് പോകാമോ എന്നൊക്കെ മമ്മൂക്ക ഇതിനിടെ ചോദിക്കുന്നുമുണ്ടായിരുന്നുവെന്ന് ജയറാം പറയുന്നു.

ഷൂട്ടിങിന് വേണ്ടി ഒരു ആടിനെ അൽപം അകലെ കെട്ടിയിരുന്നു. മാത്രമല്ല അഞ്ച് ദിവസമായി പുലി പട്ടിണിയിലാണ്. കൂട് തുറന്നുവിട്ടാല്‍ ആടിനെ പിടിക്കുന്ന സീനോ മറ്റോ ആണ് ചിത്രീകരിക്കേണ്ടത്. ആ രംഗം നന്നായി കിട്ടാന്‍വേണ്ടിയാണ് പുലി പട്ടിണിക്കിട്ടിരിക്കുന്നത്. എന്തായാലും മമ്മൂട്ടിയുടെ അഭ്യർഥന പ്രകാരം പുലിയെ അഴിച്ചുവിട്ടു. കൂട് തുറന്നുകിട്ടിയ പുലി പരിശീലകന്റെ നിര്‍ദേശമൊന്നും കേട്ടില്ല. നേരെ ചെന്ന് ആടിനിട്ട് ഒരടി. രണ്ട് പീസാക്കി കുടഞ്ഞ് വലിച്ചെടുത്ത് കൂട്ടിനകത്തേക്ക് കൊണ്ടുപോയെന്നും ജയറാം ഓർത്തെടുത്തു.

മഴവില്‍ മനോരമ ചാനലില്‍ മുന്‍പ് സംപ്രേക്ഷണം ചെയ്ത 'സിനിമാ ചിരിമാ'യുടെ ഒരു എപ്പിസോഡില്‍ പങ്കെടുക്കവെയാണ് ജയറാം ഇക്കാര്യം ഓർത്തെടുത്തത്. പൂര്‍ണമായും മെരുങ്ങിയിട്ടില്ലാത്ത പുലിയെ ഉപയോഗിച്ചാണ് മൃഗയ ചിത്രീകരിച്ചതെന്ന് ഐവി ശശി തന്നെ നേരത്തേ പറഞ്ഞിരുന്നുവെങ്കിലും ആരോപണങ്ങൾക്കു ശമനം വന്നിരുന്നില്ല.എന്തായാലും ജയറാമിന്റെ വാക്കുകളിലൂടെ ഈ വാദങ്ങൾക്കു അന്ത്യമാകുമെന്നു പ്രതീക്ഷിക്കാം.