രാജു ജീത്തുവിനോട് ചോദിച്ചു, എന്തൊരു പേരാണിത്

സിനിമയുടെ തിരക്കഥ എഴുതുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ചിത്രത്തിന് പേരിടാൻ എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഓരോ സിനിമകളുടെ പേരിലും വ്യത്യസ്തയും ആകാംക്ഷയും കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകനാണ് ജീത്തു.

മെമ്മറീസ് എന്ന സിനിമ തന്നെ ഉദാഹരണമെടുക്കാം. ആദ്യം ഫ്രൈഡേ എന്നാണ് പേരിടാനിരുന്നത്. പിന്നീട് അത് മാറി ഓർമകൾ ആയി. അങ്ങനെ വീണ്ടും ആലോചിച്ച് ആണ് മെമ്മറീസിൽ എത്തുന്നതെന്ന് ജീത്തു പറയുന്നു. ദൃശ്യം എന്ന സൂപ്പർഹിറ്റ് സിനിമയുടെ പേരു വന്നതിൽ പൃഥ്വിരാജിനും ഒരു പങ്കുണ്ട്. ആ കഥ ജീത്തു പറയുന്നു.

‘മൈ ഫാമിലി എന്നാണ് ദൃശ്യം സിനിമയ്ക്ക് ആദ്യം ഇടുന്ന േപര്, സത്യത്തിൽ എന്നോട് പോലും ആലോചിക്കാതെ എല്ലാവരുംകൂടി അങ്ങനെയൊരു പേര് ഇടുകയായിരുന്നു. മെമ്മറീസിന്റെ ഷൂട്ടിന്റെ സമയത്ത് രാജു തന്നെ എന്നോട് ചോദിച്ചു ‘എന്തൊരു പേരാണിത്’.

‘പൃഥ്വിരാജിന് കഥ മുഴുവൻ വ്യക്തമായി അറിയാമായിരുന്നു. നല്ലൊരു മലയാളം പേരു തന്നെ ചിത്രത്തിന് വേണമെന്ന് രാജു പറഞ്ഞു. അതുതന്നെയാണ് ഞ​ാനും നോക്കുന്നതെന്നും പക്ഷേ കിട്ടുന്നില്ലെന്നും ഞാൻ രാജുവിനോട് പറഞ്ഞു. ’

‘അത് താനെ വന്ന് വീഴുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. അങ്ങനെ ചിത്രീകരണം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കഥ വെറുതെ മറിച്ച് നോക്കിയപ്പോൾ കണ്ട വാക്കാണ് ദൃശ്യം. അങ്ങനെ ആ േപരു തീരുമാനിക്കുകയായിരുന്നു. ’

‘ഊഴത്തിന്റെ കാര്യവും അങ്ങനെ തന്നെ. തുടക്കത്തിൽ രാജു ഒരു പേരു നിർദേശിച്ചിരുന്നു. അതുപോലെ കുറേപേരുകൾ വന്നുപോയി. ഒന്നും ശരിയായില്ല. നിർമാതാക്കളും ഇടക്കിടെ ചോദിക്കുന്നു, ‘ജീത്തു നല്ല പേര് ആയിരിക്കണം’..അപ്പോൾ ഞാൻ പറഞ്ഞു ‘വന്നു വീഴും’. കുറച്ച് ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ഒരു ദിവസം ഞാനും ഭാര്യ ലിൻഡയും ഇരുന്ന് പേര് തീരുമാനിക്കുകയാണ്. പല പേരുകൾ വന്ന് പോകുന്നു. പെട്ടന്ന് ലിൻഡ പറഞ്ഞു ‘ഊഴം’. ആ പേരു പെട്ടന്നു തന്നെ രാജുവിന് അയച്ചുകൊടുത്തു. രാജുവും പറഞ്ഞു കൊള്ളാം.’