ധ്രുവനച്ചത്തിരത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ജോമോന്‍ ടി ജോണ്‍

ഗൗതം മേനോന്‍-വിക്രം ചിത്രമായ ധ്രുവനച്ചത്തിരത്തില്‍ നിന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ പിന്‍മാറി. ഡേറ്റ് മൂലമാണ് ചിത്രത്തിൽ നിന്നും പിന്മാറേണ്ടി വന്നതെന്ന് ജോമോൻ വ്യക്തമാക്കി.

‘ബോളിവുഡ് ചിത്രം ഗോൽമാൽ ആണ് എന്റെ പുതിയ സിനിമ. രോഹിത്ത് ഷെട്ടി, അജയ് ദേവ്ഗണ്‍, പരിണീതി ചോപ്ര, തബു എന്നിവര്‍ക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് ആദരവായി കാണുന്നു. എന്നാല്‍, എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വില നല്‍കേണ്ടി വരും, അതുകൊണ്ട് ഗൗതം സാറിന്റെ ധ്രുവനച്ചത്തിരത്തില്‍ ഇനി ഞാനുണ്ടാവില്ല.

രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ ഡേറ്റ് ഇല്ലാത്തതാണ് കാരണം. ഗോല്‍മാല്‍ ഞാന്‍ നേരത്തേ എറ്റെടുത്ത ചിത്രമാണ്. ഇത്രയും കഴിവുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അനുഗ്രഹീതനാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി.’ ജോമോൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സന്താന കൃഷ്ണനനാകും ജോമോന് പകരം ധ്രുവനച്ചത്തിരം ചെയ്യുക. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്റെ മകനാണ് സന്താന കൃഷ്ണന്‍. ടു കണ്ട്രീസ് എന്ന മലയാളസിനിമയുടെ ക്യാമറാമാൻ കൂടിയാണ് സന്താന കൃഷ്ണന്‍.

നേരത്തെ ധ്രുവനച്ചത്തിരം അമേരിക്കൻ ഷെഡ്യൂൾ ജോമോന്‍ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ ടീസറിന്റെ ഛായാഗ്രാഹകനും ജോമോനായിരുന്നു. കാനോണ്‍ 5 ഡി ക്യാമറിയിലാണ് ധ്രുവനച്ചത്തിരം ടീസർ ജോമോൻ ഷൂട്ട് ചെയ്തത്. വളരെ ത്രില്ലിങ് ആയ അനുഭവമായിരുന്നെന്നും വിക്രത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും ജോമോ‍ൻ പറഞ്ഞിരുന്നു. കൂടാത ധനുഷ്–ഗൗതം മേനോൻ ചിത്രം എന്നെ നോക്കി പായും തോട്ടയുടെ ഛായാഗ്രഹണവും ജോമോൻ തന്നെയാണ്.

ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ട് നീണ്ടുപോയതാണ് ജോമോൻ പിന്മാറാൻ പ്രധാനകാരണം. ഇതിന് മുമ്പ് ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്ന അനു ഇമ്മാനുവലും ഈ സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. മറ്റു സിനിമകളുമായി ഡേറ്റ് ക്ലാഷ് വന്നതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും അനുവിന് പിന്മാറേണ്ടി വന്നത്.

വളരെ പ്രതീക്ഷയോട് കൂടിയായിരുന്നു അനുവും ഈ ചിത്രം ഏറ്റെടുക്കുന്നത്. വിക്രത്തിനും ഗൗതം മേനോനുമൊപ്പം വലിയൊരു ടീമിന്റെ ഭാഗമാകാൻ സാധിച്ചതിന്റ സന്തോഷവും അനുവിന് ഉണ്ടായിരുന്നു. എന്നാൽ വിക്രത്തിന്റെ ചില തീരുമാനങ്ങൾ കാരണം ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം വീണ്ടും നീട്ടിവച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വിക്രം, വിജയ് ചന്ദറിന്റെ പുതിയ സിനിമയുടെ ഭാഗമായി ചിത്രീകരണം തുടങ്ങുകയായിരുന്നു.

ഇതോടെ അനു കരാർ ഒപ്പിച്ച മറ്റു ചിത്രങ്ങളുടെ ഡേറ്റുമായി ധ്രുവ നച്ചത്തിരത്തിന്റെ ഡേറ്റ് ക്ലാഷ് ആകുകയും മറ്റുമാർഗങ്ങളില്ലാത്തതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. ധ്രുവ നച്ചത്തിരത്തിൽ അനുവിന് പകരം െതലുങ്ക് യുവനടി റിതു വർമയാണ് അഭിനയിക്കുന്നത്. റിതു ചിത്രത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞു.

ധ്രുവനച്ചത്തിരം ഇപ്പോൾ പാതി പൂർത്തിയായ അവസ്ഥയിലാണ്. ഈ സിനിമയുടെ ഷൂട്ടിങിനിടെ വിക്രം മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ പോയതാണ് സിനിമയിലെ മറ്റുതാരങ്ങളെയും അണിയറപ്രവർത്തകരെയും കുഴപ്പത്തിലാക്കിയത്. ഇതോടെ താരങ്ങളുടെ ഡേറ്റ് മുഴുവൻ അവതാളത്തിലായി.

അതേസമയം ധ്രുവനച്ചത്തിരം സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ഗൗതം േമനോനും വിക്രവും തമ്മിൽ ഉടക്കിയെന്നും വിക്രം ചിത്രം ഉപേക്ഷിച്ചെന്നും വാർത്ത വന്നിരുന്നു. ഇതേ തുടർന്നാണ് നടൻ, വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തതെന്നും വാർത്ത വന്നു.

എന്നാൽ ഇവർ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോകുന്നുണ്ടെന്നും ധ്രുവനച്ചത്തിരത്തിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ പുരോഗതിയിൽ വിക്രവും ഗൗതം േമനോനും അതീവസന്തുഷ്ടരാണെന്നും ഗൗതമിന്റെ കൂടി തീരുമാനം അറിഞ്ഞ ശേഷമാണ് വിക്രം പുതിയ ചിത്രത്തിൽ ജോയിൻ ചെയ്തതെന്നും ഇവർ വ്യക്തമാക്കി.