കബാലിയുടെ ‘സൗന്ദര്യ’ ബന്ധം

രജനിക്കൊപ്പം പാ രഞ്ജിത്, സൗന്ദര്യ രജനീകാന്ത്

ആരാധകലോകം കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം ‘കബാലി’ രൂപം കൊണ്ടതിനു പിന്നിൽ രജനിയുടെ മകൾ സൗന്ദര്യയുടെ ഇടപെടൽ. കബാലിയുടെ സംവിധായകൻ പാ രഞ്ജിത്തിനെ താനാണ് അച്ഛനുമായി സംസാരിക്കാൻ അവസരമൊരുക്കിയതെന്ന് സൗന്ദര്യ രജനീകാന്ത് തന്നെയാണ് വെളിപ്പെടുത്തിയത്.

ഗോവയിൽ വെങ്കട് പ്രഭുവിന്റെ സംവിധാനസഹായിയായി രഞ്ജിത്ത് പ്രവർത്തിക്കുമ്പോൾ മുതൽ അദ്ദേഹത്തെ അറിയാമായിരുന്നു. ഒരു വേള അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭമായ ‘ആട്ടകത്തി’യുടെ നിർമാണത്തിനും ശ്രമിച്ചതായി സൗന്ദര്യ വിശദീകരിച്ചു. എന്തുകൊണ്ടോ അന്നത് നടന്നില്ല. പിന്നീട് രഞ്ജിത്തിന്റെ ‘മദ്രാസ്’ എന്ന ചിത്രം ഇഷ്ടപ്പെട്ട കാര്യം അപ്പ പറഞ്ഞപ്പോൾ രഞ്ജിത്തിനെ വീണ്ടും ഓർമിച്ചു.

ഇതിനുശേഷം ഒരിക്കൽ ര‍ഞ്ജിത്തിനെ കണ്ടപ്പോൾ താങ്കൾക്ക് അപ്പയ്ക്കു വേണ്ടി ഒരു കഥ നൽകാനാകുമോ എന്നു ചോദിച്ചു. ആവേശത്തിളപ്പിൽ മരവിച്ചിരുന്നു പോയ രഞ്ജിത്ത് കുറച്ചു ദിവസങ്ങൾക്കകം കഥയുടെ ചെറു സംഗ്രഹവുമായി കാണാനെത്തി. ചിത്രത്തിന്റെ തലം വ്യക്തമാക്കാനായി ‘ഒരു മലേഷ്യൻ ഡോണിന്റെ കഥ’യെന്നു പറഞ്ഞുകേട്ടപ്പോൾ തന്നെ ഇത് വർക്കൗട്ടാകുമെന്ന് മനസിലായി. തന്നിൽ നിന്ന് ഈ കഥയുടെ ചുരുക്കം രജനി കേട്ടതോടെ കബാലി ജന്മമെടുത്തതായി സൗന്ദര്യ ഓർമിച്ചു.

ജൂലൈ ആദ്യ വാരമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന റെക്കോർഡും ഇതിനകം കബാലിക്കു സ്വന്തമാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ടീസറിന് പോലും ഇതിനകം 1.41 കോടി കാഴ്ച മാത്രമാണ് ലഭിച്ചതെന്നത് കണക്കാക്കിയാൽ പോലും കബാലിക്കായി ആരാധകരുടെ കാത്തിരിപ്പിന്റെ തലം വ്യക്തമാകും.

യൂട്യൂബില്‍ തരംഗമായാണ് രജനിയുടെ കബാലി ടീസർ മുന്നോട്ടു പോകുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡിനു പിന്നാലെ ഏഷ്യയിൽ ഏറ്റവും പേർ കണ്ട ടീസറെന്ന റെക്കോർഡിലാണ് കബാലി ടീസറിന്റെ കുതിപ്പ്. ആമിർ ഖാന്റെ ‘ധൂം 3’, സൽമാന്റെ ‘സുൽത്താൻ’ എന്നീ സിനിമകളുടെ ടീസർ റെക്കോർഡുകൾ സ്റ്റൈൽ മന്നന്റെ മുന്നിൽ നിഷ്പ്രഭമായ കാഴ്ച ബോളിവുഡിൽ പോലും സംസാരവിഷയമാണ്.

ഒരു ടീസർ നേടുന്ന ലൈക്കുകളുടെ കാര്യത്തിൽ ഹോളിവുഡ് ചിത്രം ‘അവഞ്ചേഴ്സി’നു മാത്രം പിന്നിലാണ് കബാലി. ഏപ്രിൽ 30 ന് പുറത്തിറക്കി ഇതിനോടകം രണ്ടേകാൽ കോടി കാഴ്ച നേടി ജൈത്രയാത്ര തുടരുന്ന ടീസറിന് 4.34 ലക്ഷം പേരാണ് ഇതിനകം ലൈക് രേഖപ്പെടുത്തിയത്.

കാലിന്മേൽ കാൽ കയറ്റുന്നതിൽ പോലും തനതായ സ്റ്റൈൽ പുലർത്തുന്ന രജനികാന്ത് പതിവിനു വിരുദ്ധമായി ഇടതുകാലിനു മേൽ വലതുകാൽ കയറ്റിവയ്ക്കുന്ന പ്രത്യേകതയും ടീസറിൽ വ്യക്തമാണ്. അടുത്തകാലത്ത് രജനിചിത്രങ്ങളുടെ ടൈറ്റിൽ സോങ് കുത്തകയായി എസ്പിബിക്കു നൽകുന്ന പതിവും ‘കബാലി’ മാറ്റിമറിക്കുന്നു. സംഗീതസംവിധായകൻ സന്തോഷ് നാരായണനൊപ്പം അനന്തു, ഗണ ബാല, റോഷൻ ജാംറോക് എന്നിവർ ചേർന്നാണ് കബാലിയുടെ അവതരണ ഗാനമായ ‘ഉലകം ഒരുവനുക്കാ’ ആലപിക്കുന്നത്.

കബാലി ടീസർ പരമ്പരയിൽ ഹിന്ദിയും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തമിഴ് ഡയലോഗുകളുടെ എടുപ്പൊന്നും അനുഭവവേദ്യമാകുന്നില്ലെങ്കിലും ‘കബാലി ഡാ’ എന്ന പഞ്ച് ഡയലോഗ് ‘കബാലി ഹേ യേ...’ എന്നാണ് ഹിന്ദിയിൽ.