കല്‍പന പോയി; ‘തനിച്ചായി അവർ...’

കൽപന, റസിയ ബീവി, ചെല്ലമ്മ അന്തർജ്‌ജനം

ആരോ പറഞ്ഞിട്ടുണ്ട്- -ഒരാള്‍ മരിക്കുമ്പോള്‍ മരിക്കുന്നത് അയാള്‍ മാത്രമല്ല. കല്‍പനയുടെ കാര്യത്തില്‍ ആ വാക്കുകള്‍ വലിയ സത്യമാണ്.

അവഗണിക്കപ്പെടുന്ന വാര്‍ധക്യത്തെക്കുറിച്ചുള്ള ഒരു പരമ്പരയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് അക്കഥ അറിയുന്നത്. അമ്പലപ്പുഴ നീർക്കുന്നത്തെ റയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിനിന്ന അനാഥയും വൃദ്ധയുമായ ചെല്ലമ്മ അന്തർജനത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഒരു മുസ് ലിം സ്ത്രീ- റസിയ-യെ കുറിച്ച്. അവരുടെ സംരക്ഷണയിലാണ് അപ്പോള്‍ അന്തര്‍ജനം. നടി കല്‍പന അവര്‍ക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നും അറിഞ്ഞു. ജാതിയും മതവും വലിയ തര്‍ക്ക വിഷയമാകുന്ന കാലത്ത് അക്കഥയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നു തോന്നി.

പരമ്പരയിലെ ഒരു കഥയായി മാത്രം നിന്നാല്‍ പോരെന്നും തോന്നി. 2010 ജൂലൈ 25നു മലയാള മനോരമ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച –ഉമ്മയ്‌ക്കൊരമ്മ – എന്ന കവര്‍ സ്റ്റോറിയില്‍ നിന്ന് ഇവരുടെ കഥ കേട്ടറിഞ്ഞാണ് നിർമാതാവും സംവിധായകനുമായ ബാബു തിരുവല്ല അക്കഥ ചലച്ചിത്രമാക്കാൻ തീരുമാനിച്ചത്. അന്തർജ്‌ജനത്തെ രക്ഷിച്ച് സ്വന്തം വീടിനുള്ളിൽ താമസിപ്പിച്ച ശേഷം മറ്റൊരു വീട് നിർമിച്ചു നൽകാൻ റസിയബീവി തയ്യാറായതും ചെല്ലമ്മ അന്തർജ്‌ജനത്തിന്റെ വിശ്വാസങ്ങൾക്കും ,പ്രാർത്ഥനക്കും മുടക്കം വരാതിരിക്കാനും താൽപ്പര്യമെടുക്കുന്നതും കേട്ടറിഞ്ഞ നൂറുകണക്കിന് ആളുകൾ നല്ലവാക്കുകളും സഹായവാഗ്‌ദാനവുമായി എത്തി അതുവരെ കല്‍പന താന്‍ ചെയ്യുന്ന ഈ സത്പ്രവൃത്തി ലോകം അറിയരുതെന്നു കരുതിയിരുന്നു. നന്മയും സത്യവുമൊന്നും ഒരു കാലത്തും മൂടിവയ്ക്കാനാകില്ല.

അന്ന് മനോരമ ഞായറാഴ്ചയിലെ ഉമ്മയ്ക്കൊരമ്മ -ഫീച്ചര്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് അന്തർജനത്തിന്‍റെയും റസിയയുടെയും കഥ ചലച്ചിത്രമാക്കുന്നുവെന്നു പ്രഖ്യാപിക്കാന്‍, ‘അമരം’ ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിര്‍മാതാവായ ബാബു തിരുവല്ല പ്രത്യേകം യോഗം വിളിച്ചു. അതിഥികളായെത്തിയ പി.സി.വിഷ്‌ണുനാഥ് എംഎൽഎയും ഭാര്യകന്നട കവയിത്രി കനകഹാമയും അന്തർജനത്തിനും റസിയയ്‌ക്കും കസവുപുടവ സമ്മാനിച്ചു. ചെല്ലമ്മ അന്തർജനത്തിനും റസിയയ്‌ക്കും ഓണക്കോടിയും കൊണ്ടാണ് അന്നും കൽപനയും വന്നത്.

അന്ന് കല്‍പന പറഞ്ഞു-- -‘‘-ഒരു നന്മ ചെയ്‌താൽ ഒൻപതു നന്മ തിരികെ ലഭിക്കുമെന്നറിയാം. ഇവര്‍ക്കു നല്‍കിയ എളിയ സഹായം അതിന്‍റെ നന്മ എനിക്കു തന്നെ തിരികെ ലഭിക്കുന്നു. ’’ റസിയാബീവിക്കും അന്തർജനത്തിനും വർഷങ്ങളായി സാമ്പത്തികസഹായം നൽകുന്ന കൽപന തന്നെ റസിയയുടെ വേഷമിടാന്‍ വിധി തീരുമാനിച്ചു വച്ചിരുന്നു.

ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിട്ട് അന്തർജനത്തെ സംരക്ഷിക്കാൻ തീരുമാനമെടുത്ത റസിയയുടെ വേഷം തനിക്കു ലഭിക്കുന്നതു നന്മയ്ക്കു ലഭിച്ച പ്രതിഫലമാണെന്നു കൽപന പറഞ്ഞു. റസിയയ്‌ക്കും അന്തർജനത്തിനും സഹായം നൽകുന്നുവെന്നു വായിച്ചറിഞ്ഞ് വിദേശത്തുനിന്നുൾപ്പെടെ നിരവധിപേർ തന്നെ അഭിനന്ദിക്കുന്നുവെന്നും കൽപന പറഞ്ഞു. അവരെ സഹായിക്കുന്നത് സാമാന്യനീതി മാത്രമാണെന്നും അവര്‍ പറഞ്ഞു. നടി സുബ്ബലക്ഷ്‌മിയെ ആയിരുന്നു അന്തർജനത്തിന്റെ വേഷം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.( പക്ഷേ പിന്നീട് കെപിഎസി ലളിതയായിരുന്നു റസിയയുടെ വേഷം സിനിമയില്‍ ചെയ്തത്) അന്ന് വെള്ളിത്തിരയിൽ റസിയയും അന്തർജനവുമായി അഭിനയിക്കാന്‍ തീരുമാനിക്കപ്പെട്ട കൽപനയും സുബ്ബലക്ഷ്‌മിയും ക്യാമറയ്‌ക്കു മുന്‍പില്‍ പോസു ചെയ്യുമ്പോൾ കൽപനയുടെ തമാശകളിൽ കുരുങ്ങി ഫോട്ടോയെടുപ്പ് പലപ്പോഴും ചിരിമേളയായി. പല്ലില്ലാത്ത വാ കൊണ്ടു ചിരിച്ചുചിരിച്ച് സുബ്ബലക്ഷ്മിയും ഓരോ നിമിഷവും തമാശകളാലും ഒളിയമ്പുകളാലും ഹൃദ്യമാക്കിയ കല്‍പനയും- ആ ചടങ്ങ് വല്ലാത്തൊരു അനുഭവമാക്കി.

അന്‍പത്തൊന്നു വയസ്സില്‍ കല്‍പനയുടെ ജീവിതത്തിനു ‘കട്ട്’ പറഞ്ഞ വിധി 2012ല്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും കല്‍പനയ്ക്കു സമ്മാനിച്ചു. ‘തനിച്ചല്ല ഞാന്‍’ എന്ന ചലച്ചിത്രം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ആ വര്‍ഷം നേടി.

കാലാന്തരത്തില്‍ കല്‍പന ആലപ്പുഴ വിട്ടു. വിവാഹമോചനത്തെ തുടര്‍ന്നായിരുന്നു, ഭര്‍ത്താവ് അനിലിന്‍റെ ആലപ്പുഴയിലെ വീട്ടില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള കൂടുമാറ്റം. എന്നിട്ടും കല്‍പന അന്തര്‍ജനത്തെയും റസിയയെയും മറന്നില്ല. മാസം തോറും നല്‍കിയിരുന്ന ആയിരം രൂപ സഹായം -രണ്ടായിരമാക്കി വര്‍ധിപ്പിച്ചു. വേണ്ടപ്പോഴൊക്കെ സഹായമെത്തി. വിശേഷാവസരങ്ങളില്‍ വസ്ത്രങ്ങളുമെത്തി.

ഇപ്പോള്‍ കല്‍പന ഓര്‍മയുടെ അഭ്രപാളികളിലെ വെള്ളിത്തിളക്കമായി മറയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി ഇരിക്കുകയാണ് റസിയയും അന്തര്‍ജനവും. ഒരു പൊട്ടിക്കരച്ചിലായി കരഞ്ഞിട്ടും കരഞ്ഞിട്ടും തീരാത്ത നോവായി കല്‍പന ഇവരില്‍ ജീവിക്കുന്നു.