അത്രയ്ക്ക് മസിലു വേണ്ടെന്ന് ചാക്കോച്ചനോട് റോഷൻ

മലയാള സിനിമയിൽ ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴാണു കുഞ്ചാക്കോ ബോബനെ തേടി പൊലീസ് വേഷമെത്തുന്നത്. റോഷൻ ആൻഡ്രൂസിന്റെ സ്കൂൾ ബസിലെ ഗോപകുമാർ എന്ന സൗമ്യനായ പൊലീസുകാരൻ, ചാക്കോച്ചനെ പോലെ സൗമ്യനും ശാന്തനുമാണ് ഈ പൊലീസ് ഓഫിസർ.

ആദ്യമായി കാക്കി അണിഞ്ഞപ്പോൾ ?

സിനിമയിൽ ഓട്ടോ ഡ്രൈവറും ബസ് കണ്ടക്ടറുമൊക്കെയായി കാക്കിയിട്ടിട്ടുണ്ട്. പൊലീസായിട്ട് ആദ്യമായാണ്. ലോറിയും വലിയ വാഹനങ്ങളുമൊക്കെ ഓടിക്കുന്നവർക്കു റോഡിലെ ചെറിയ വാഹനങ്ങൾ കാണുമ്പോൾ ഇതൊക്കെയെന്ത് എന്ന ഒരു തോന്നലുണ്ടാകും. എനിക്കും അതു തോന്നി. ആദ്യ ഷോട്ട് എടുക്കാൻ നേരം ഞാൻ വെയിറ്റ് ഇട്ടു നടന്നു വരികയാണ്. അപ്പോൾ റോഷൻ ആൻഡ്രൂസ് പറഞ്ഞു. അത്രയ്ക്കു മസിലു പിടിക്കണ്ട. കെ.ആർ.ഗോപകുമാർ എന്ന പൊലീസുകാരൻ ആദ്യം ദിനം ഡ്യൂട്ടിയിൽ പ്രവേശിക്കുകയാണന്ന്. ഡ്യൂട്ടിയുടെ ആദ്യ ദിനം തന്നെ മിസിങ് കേസ് അന്വേഷിക്കാനുള്ള അസൈൻമെന്റ് ലഭിക്കുന്ന ഗോപകുമാറിന്റെ ഭാര്യ അതേ ദിവസം പ്രസവത്തിനായി ആശുപത്രിയിലാണ്. രണ്ടും ചേർന്നുള്ള അമ്പരപ്പും പകപ്പും മുഖത്തു വേണമെന്നു സംവിധായകൻ പറഞ്ഞതോടെ ഞാൻ വലിയ പൊലീസ് കളിക്കുന്നതു നിർത്തി. നാച്ചുറലായി.

ഇത്രയും സോഫ്റ്റായ പൊലീസുകാരെ അറിയാമോ ?

ഇത്രയും സോഫ്റ്റായ പൊലീസുകാരുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. കടുപ്പക്കാരായ പൊലീസുകാരെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. തിരഞ്ഞെടുപ്പു സമയത്തു ഫ്ലാറ്റിലെത്തിയ കടവന്ത്ര സ്റ്റേഷനിലെ കോൺസ്റ്റബിൾ വളരെ സോഫ്റ്റായിരുന്നു. ജനമൈത്രിയൊക്കെ ഉള്ളതിനാൽ പൊലീസ് ഇപ്പോൾ വളരെ നല്ല രീതിയിലാണു പൊതുജനങ്ങളോടു പെരുമാറുന്നതെന്നാണ് എനിക്കു തോന്നിയത്.

സ്കൂൾ ബസിലെ ടീം വർക്ക് ?

ഒരു ഫാമിലി ടീം വർക്കായിരുന്നുവെന്നു പറയാം. സഞ്ജയ് ബോബി, റോഷൻ ആൻ‍ഡ്രസ്, ജയസൂര്യ തുടങ്ങിയവരുമായി നല്ല ബന്ധമാണുള്ളത്. ബോളിവുഡ് ക്യാമറാമാൻ സി.കെ. മാത്രമായിരുന്നു കൂട്ടത്തിലെ പുതിയ ആൾ. അദ്ദേഹത്തിന്റെ മകൻ അഭിനയിക്കുന്നതിനാൽ അദ്ദേഹവും കുടുംബമായി എത്തിയിരുന്നു. എല്ലാവരുടെയും കുടുംബങ്ങൾ സെറ്റിലെത്തുമായിരുന്നു.

നിർമാതാവിന്റെ ടെൻഷനുകൾ ?

നിർമാതാവിന്റെ ടെൻഷനുകൾ ഞാൻ ഏറെ ആസ്വദിക്കുന്നു. ഉദയായുടെ ബാനറിൽ 30 വർഷത്തിനു ശേഷം സിനിമ ചെയ്യുമ്പോൾ ആ സിനിമ നല്ലതായിരിക്കണം എന്നായിരുന്നു ആഗ്രഹം. നല്ല കഥയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു. ദേശീയ അവാർഡ് നേടിയ സിദ്ധാർഥ് ശിവയാണു ചിത്രം സംവിധാനം ചെയ്യുന്നത്. സീരിയസ് സിനിമയല്ല. എല്ലാവർക്കും രസിക്കുന്ന കഥയാണ്. ഒട്ടേറെ ഇമോഷൻസുളള സിനിമയാണ്.

കുട്ടികൾക്കൊപ്പം സിനിമ ചെയ്യുമ്പോൾ ?

കുട്ടികൾക്കൊപ്പം അഭിനയിക്കുമ്പോൾ അവരാകും കാര്യങ്ങൾ തീരുമാനിക്കുക. അവരെ പേടിപ്പിച്ച് ഒന്നും ചെയ്യിക്കാൻ കഴിയില്ല. അനിയത്തിപ്രാവിലും പ്രിയത്തിലുമൊക്കെ ഞാൻ കുട്ടികൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രിയത്തിൽ ത്രൂഒൗട്ട് കുട്ടികളുടെ ചാച്ചനായാണ് അഭിനയിച്ചത്. അവരേ‌ാടൊപ്പം അഭിനയിക്കുമ്പോൾ അവർക്ക് ഒപ്പം ചേരുകയാണ് എളുപ്പവഴി. ഞാൻ കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കാനും ഓടിപ്പിടിക്കാനുമൊക്കെ കൂടാറുണ്ട്.