വണ്ണം കുറയ്ക്കണോ ; വിദ്യ ഇനി ലെന പറയും

ലെന

പൂര്‍ണിമ ഇന്ദ്രജിത്ത്, കാവ്യ മാധവന്‍ എന്നീ താരസുന്ദരിമാര്‍ക്കു പിന്നാലെ ബിസിനസ് രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് നടി ലെന. പുതുതലമുറയിലെ വ്യാപാരങ്ങളില്‍ ഏറ്റവുമധികം മുന്നേറിയ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്കായിരുന്നു കാവ്യയുടെ രംഗപ്രവേശമെങ്കില്‍ സൗന്ദര്യസംരക്ഷണം മുന്‍നിര്‍ത്തി ആരോഗ്യരംഗത്തേക്കാണ് ലെന ചുവടുവെക്കുന്നത്.

വണ്ണം കുറച്ചു കൂടുതൽ സുന്ദരിയായ സിനിമാ താരങ്ങളെ കണ്ടു അസൂയപ്പെട്ടവർക്ക് വണ്ണം കുറയ്ക്കാനുള്ള വിദ്യ പറഞ്ഞു തരാൻ ഇനി ലെന റെഡി. ആരോഗ്യകരവും സുരക്ഷിതവുമായ മാർഗ്ഗങ്ങളിലൂടെ താൻ വണ്ണം കുറച്ച അതേ വിദ്യ മറ്റുള്ളവരോടും പങ്കിടാനുള്ള പുതിയ പദ്ധതിയാണ് ലെനയും രണ്ടു സുഹൃത്തുക്കളും ചേർന്ന് കോഴിക്കോട് ഒരുക്കുന്നത്.

ഇതിനായി ചേവായൂരിൽ ആകൃതി എന്ന പേരിൽ സ്ലിമ്മിങ് സെന്റർ ആരംഭിക്കാനുള്ള ഒരുക്കത്തിലാണു സംഘം. കുറഞ്ഞ ചെലവിൽ ഫലപ്രദമായ തരത്തിൽ എങ്ങനെ മെലിയാം എന്നതിനുള്ള ഉത്തരം ആകൃതി നൽകുമെന്നാണു ലെനയുടെ വാഗ്ദാനം. ഇഷ്ടഭക്ഷണം കഴിച്ചു കൊണ്ടു തന്നെ വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങളാകും ആകൃതി പറ‍ഞ്ഞു തരികയെന്നും ലെന പറയുന്നു. ലൂയീസ, വൃന്ദ എന്നീ സുഹൃത്തുക്കളും ആശയത്തിനു പിന്നിലുണ്ട്. ഓഗസ്റ്റ് ആദ്യ വാരത്തിൽ തുടക്കമിടുന്ന ആകൃതിയുടെ ഒരു ശാഖ തൃശൂരും ഉണ്ടാകും.