മഹേഷിനെ വെല്ലുന്ന പ്രതികാരം; പിതാവിന്റെ ഘാതകരെ കൊല്ലും വരെ ചെരുപ്പിടാതെ

ടൗണിൽ തന്നെ തല്ലിയ ജിംസണെ തിരിച്ചു തല്ലാതെ ചെരിപ്പിടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പകരം വീട്ടിയ ആളാണ് മഹേഷ്. എന്നാൽ മഹേഷിനെ വെല്ലുന്ന കഥയാണ് മലയാളിയായ കുമാർ കൃഷ്ണപിള്ളയുടേത്. തന്റെ പിതാവിനെ വധിച്ച ഘാതകരെ ഇല്ലാതാക്കുന്നതുവരെ ചെരിപ്പു ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത പിള്ള പ്രതികാരം വീട്ടാൻ അധോലോക സംഘത്തിലാണ് ചേർന്നത്.

മലയാളിയായ കൃഷ്ണപിള്ളയുടെ മകനായി വിക്രോളിയിൽ ജനിച്ച കുമാർ കൃഷ്ണപിള്ളയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്. ക്ലബ് ഉടമയായ പിതാവിന്റെ കൊലപാതകത്തിനു പകരംവീട്ടാനാണു ടെക്‌സ്‌റ്റൈൽ എൻജിനീയറായ കുമാർ തൊണ്ണൂറുകളുടെ തുടക്കത്തിൽ അമർ നായിക്കിന്റെ അധോലോക സംഘത്തിൽ ചേർന്നത്. സ്ഥലത്തെ കോർപറേറ്റർക്കു ക്ലബ് വിൽക്കാൻ വിസമ്മതിച്ചതിനാണു കുമാറിന്റെ പിതാവിനെ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട ലാൽസിങ് ചൗഹാൻ കൊലപ്പെടുത്തിയത്. പിതാവിന്റെ ഘാതകരെ ഇല്ലാതാക്കുന്നതു വരെ ചെരിപ്പു ധരിക്കില്ലെന്നു പ്രതിജ്ഞയെടുത്തായിരുന്നു തുടർന്നുള്ള നീക്കങ്ങൾ.പിന്നീടു ബോറിവ്‌ലി സ്‌റ്റേഷനു പുറത്തുവച്ചു ചൗഹാൻ കൊല്ലപ്പെട്ടു. തുടർന്ന് അമർ നായിക്കിന്റെ സഹോദരൻ അശ്വിൻ നായിക്കിന്റെ വലംകയ്യായി മാറിയ പിള്ള വിക്രോളി മേഖലയിൽ കെട്ടിടനിർമാതാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടുക പതിവാക്കി.

1996ൽ പൊലീസ് ഏറ്റുമുട്ടലിൽ അമർ നായിക് കൊല്ലപ്പെടുകയും അശ്വിൻ നായിക് വീൽചെയറിലാവുകയും ചെയ്തതോടെ കുമാർ ചെന്നൈയിലേക്കു തട്ടകം മാറ്റി. അവിടെ ഹോട്ടൽ ബിസിനസ് ആരംഭിച്ച് എൽടിടിഇയ്ക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ഇടനിലക്കാരനായി.1998ൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി. നാടുവിട്ടശേഷവും വിദേശത്തിരുന്നു കുറ്റകൃത്യങ്ങൾക്കു ചുക്കാൻപിടിച്ച പിള്ളയുടെ സംഘാംഗങ്ങൾ പലപ്പോഴായി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. എംഎൽഎ ആയിരുന്ന മംഗേഷ് സാംഗ്ലെയെ ഭീഷണിപ്പെടുത്തി 2013ൽ 25 ലക്ഷംരൂപ ആവശ്യപ്പെട്ട കേസാണ് ഏറ്റവുമൊടുവിലത്തേത്.

ഇപ്പോൾ പിള്ള പൊലീസ് പിടിയിലായി. സിംഗപ്പൂരിൽ പിടിയിലായ കുമാർ കൃഷ്ണപിള്ളയെ അടുത്തയാഴ്ച മുംബൈയിൽ എത്തിച്ചേക്കും. കൊലപാതകം, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങി വിവിധ കേസുകൾ ഇയാൾക്കെതിരെ മുംബൈയിൽ നിലവിലുണ്ട്. മുംബൈ ക്രൈം ബ്രാഞ്ചിലെ അഞ്ച് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ജൂൺ രണ്ടിനുശേഷം പിള്ളയെ കൂട്ടിക്കൊണ്ടുവരാൻ സിംഗപ്പൂരിലേക്കു പോകും.

സിംഗപ്പൂരിൽ കയറ്റുമതി-ഇറക്കുമതി വ്യവസായിയായി കഴിയുകയായിരുന്ന പിള്ളയെക്കുറിച്ചുള്ള വിവരങ്ങൾ മുംബൈ പൊലീസ് ഇന്റർപോളിനു കൈമാറിയതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിലാണു പിടിയിലായത്. പിള്ളയെ ഇന്ത്യയ്ക്കു കൈമാറാൻ സിംഗപ്പൂരിലെ കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും മേൽക്കോടതിയിൽ അപ്പീൽ നൽകാൻ ജൂൺ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്. പിള്ള അപ്പീലിനു പോകാൻ ഇടയില്ലെന്നാണു മുംബൈ പൊലീസിന്റെ കണക്കുകൂട്ടൽ.