മാലമോഷണക്കേസിൽ മലയാളയുവനടൻ അറസ്റ്റിൽ

‘‘സത്യം പറയെടാ, ഈ സിറ്റിയിലെ പ്രധാന മാല മോഷണക്കാരൻ നീയല്ലേ?’’ അടുത്തു പുറത്തിറങ്ങാനിരിക്കുന്ന സിനിമയിൽ മാല മോഷ്ടാവായി വേഷമിട്ട ഇടപ്പള്ളി കണ്ടങ്ങാക്കുളം അജിത് എന്ന തവള അജിത്തിനോടു സിനിമയിലെ പൊലീസ് കഥാപാത്രത്തിന്റെ ചോദ്യമാണ്. സിനിമയിൽ ഈ ചോദ്യം നേരിടുംമുൻപ് ജീവിതത്തിൽ 56 പേരുടെ സ്വർണമാല ഈ ഇരുപത്തിമൂന്നുകാരൻ മോഷ്ടിച്ചിരുന്നുവെന്ന സത്യം സിനിമാ പ്രവർത്തകർ അറിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായ ആറംഗ മാല മോഷണ സംഘത്തിലെ പ്രധാനിയാണ് അജിത്. ക്രിക്കറ്റ് പ്രമേയമാക്കി കന്നി സിനിമ ചെയ്ത സംവിധായകന്റെ രണ്ടാമത്തെ സിനിമയിലാണു ബൈക്കിലെത്തി മാല പൊട്ടിച്ചു മുങ്ങുന്ന കഥാപാത്രമായി അജിത് വേഷമിട്ടത്. മാല മോഷണക്കേസിൽ ‘നടൻ’ പൊലീസിന്റെ പിടിയിലായതറിഞ്ഞു സംവിധായകൻ സ്റ്റേഷനിൽ കാണാനെത്തിയിരുന്നു.

മാല പൊട്ടിച്ച് വിൽപന നടത്തി കിട്ടിയ പണം കൊണ്ട് ആഡംബര ജീവിതമാണു പ്രതികൾ നയിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഗോവയിലെയും മുംബൈയിലെയും പബ്ബുകളായിരുന്നു പ്രധാന താവളം. അനാശാസ്യത്തിനായി മാത്രം ഗോവയിൽ ചെലവഴിച്ചതു പത്തു ലക്ഷം രൂപ. സ്ത്രീ വിഷയം കഴിഞ്ഞാൽ, മുന്തിയ ബൈക്കുകൾ വാങ്ങുന്നതിലും ബൈക്ക് റേസിങ്ങിലുമായിരുന്നു ഭ്രമം.

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങൾക്കു പുറമേ, തൃശൂർ, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇവർ മാല പൊട്ടിക്കൽ നടത്തിയത്. പ്രതികൾ ഓരോരുത്തർക്കും മാല പൊട്ടിക്കലിനു സ്വന്തം ശൈലിയുണ്ടായിരുന്നതു പൊലീസിന് ഇവരെ തിരിച്ചറിയാൻ സഹായകമായി. മാല പൊട്ടിച്ചയുടൻ വായുവിലേക്ക് മാല എറിഞ്ഞു പിടിച്ചശേഷം ചൂണ്ടുവിരലിൽ കറക്കുന്നതായിരുന്നു വിഷ്ണുവിന്റെ രീതി.

മാല നഷ്ടപ്പെട്ട സ്ത്രീകൾ പൊലീസിൽ പരാതി നൽകിയ സമയത്ത് ഇതു പൊലീസിനോടു പറഞ്ഞിരുന്നു. ഈ മാസം രണ്ടിനു പാലാരിവട്ടത്ത് മാല പൊട്ടിച്ചപ്പോൾ ഇയാൾ മാല ഉയർത്തി എറിഞ്ഞു പിടിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചു. ഇതു കാണിച്ചു ചോദ്യം ചെയ്തപ്പോഴാണു കൂടുതൽ കേസുകൾ ഇയാൾ സമ്മതിച്ചത്. ഇരുചക്രവാഹനത്തിലെത്തുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന്, റോഡിലെ ഹംപ് കയറാനായി വേഗം കുറയ്ക്കുമ്പോൾ മാല തട്ടിയെടുക്കുന്നതായിരുന്നു ഇമ്രാൻഖാന്റെ രീതി.