സിതാര വീണ്ടുമെത്തുന്നു

മലയാളത്തിലെ മറ്റൊരു പ്രിയപ്പെട്ട നായിക കൂടി തിരികെയെത്തുന്നു. ആദ്യകാല നായികയായിരുന്ന സിതാരയും അമ്മവേഷത്തിലൂടെ വീണ്ടുമെത്തുകയാണ്. സിബിമലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലൂടെയാണു തിരിച്ചുവരവ്. സിബിയും ടി.എ. റസാഖും വീണ്ടും ഒന്നിക്കുന്ന സൈഗാള്‍ പാടുകയാണ് പേരുപോലെ തന്നെ സംഗീതപ്രാധാന്യമുള്ള ചിത്രമാണ്. ഷൈന്‍ ടോം ചാക്കോയാണു നായകന്‍. രമ്യ നമ്പീശന്‍ നായികയായി എത്തുന്നു.

ഒരുകാലത്ത് മലയാളത്തില്‍ നായികമാരായി തിളങ്ങിയവരെല്ലാം ഇപ്പോള്‍ അമ്മ വേഷത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. വടക്കന്‍ സെല്‍ഫിയിലൂടെ ശ്രീലക്ഷ്മി വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. നിവിന്‍ പോളിയുടെ അമ്മ വേഷത്തിലായിരുന്നു ശ്രീലക്ഷമി എത്തിയത്.

ഷൈന്റെ അമ്മ വേഷത്തിലാണ് സിതാര അഭിനയിക്കുന്നത്. കോഴിക്കോട്ടെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന സൈഗാള്‍ യൂസുഫിന്റെ ഭാര്യയായ സുജാത തമ്പുരാട്ടി. ഇവരുടെ മകന്‍ ചന്ദ്രബാബു കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറാണ്.പിതാവിന്റെ സംഗീത പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രബാബുവിന്റെയും അമ്മയുടെയും കഥയാണിത്.