നിങ്ങളുടെ തോളിന്റെ ശക്തിയാണ് ഞങ്ങളുടെ ഊര്‍ജ്ജം: മമ്മൂട്ടി

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ആദരമർപ്പിച്ച് സംഘടിപ്പിച്ച 'മോഹനം' ദക്ഷിണേന്ത്യയിലെ തലയെടുപ്പുള്ള സംവിധായകരുടെയും മലയാളത്തിന്റെ പ്രിയതാരങ്ങളുടെയും സംഗമവേദിയായി. ആയിരങ്ങളുടെ ഹർഷാരവം സാക്ഷി നിർത്തി മെഗാസ്റ്റാർ മമ്മൂട്ടി കോഴിക്കോടിന്റെ ഉപഹാരം മോഹൻലാലിന് കൈമാറി.

മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ കേൾക്കാം–

‘ഇത്രയും വലിയൊരു ജനക്കൂട്ടം കോഴിക്കോട് നഗരത്തില്‍ സ്വാഭാവികമല്ല. എന്നാല്‍ മോഹന്‍ലാലിനെ പോലൊരു നടനെ ആദരിക്കുമ്പോള്‍ ഇത്രയും വലിയൊരു ജനക്കൂട്ടം ഉണ്ടാവുമല്ലോ. ഇത് തന്നെ കുറഞ്ഞ് പോയി എന്നാണ് എന്റെ പക്ഷം. ഇത്രയെങ്കിലും പേര്‍ ഈ വേദിയില്‍ അണിനിരക്കണം എന്നാണ് നമ്മളെല്ലാവരും ആഗ്രഹിച്ചത്. അതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നവരാണ്. മോഹന്‍ലാല്‍ എന്നെ സംബന്ധിച്ച് സുഹൃത്തും സഹോദരനുമാണ്. 35 വര്‍ഷത്തോളമായി ഞങ്ങള്‍ ഒരേ വഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരാണ്.’

‘ഞങ്ങളുടെ പേരില്‍ തര്‍ക്കിച്ചും കലഹിച്ചു സ്‌നേഹിച്ചും നിങ്ങളൊരുപാട് കാലം രണ്ട് തോളുകളിലേറ്റി ഞങ്ങളെ കൊണ്ടു പോയിട്ടുണ്ട്. നിങ്ങളുടെ തോളിന്റെ ശക്തിയാണ് ഞങ്ങള്‍ക്കെന്നും ഊര്‍ജ്ജം പകര്‍ന്നത്. തീര്‍ച്ചയായും ഈ നിമിഷം എനിക്കും നിങ്ങള്‍ക്കും മറക്കാന്‍ കഴിയാത്തതാവട്ടെ, മറക്കാന്‍ കഴിയാത്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

‘മോഹന്‍ലാലിന്, എന്റെ സഹോദരന് ആദരവ് നല്‍കാന്‍ ഇത്രയും വലിയൊരു ആള്‍ക്കൂട്ടം ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെ വ്യക്തിപരമായ, സ്വകാര്യമായ സന്തോഷമാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങളെ അതിന് സാക്ഷി നിര്‍ത്തുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ ഹൃദയം കൊണ്ട് ഞാനദ്ദേഹത്തെ ആദരിക്കുന്നു സ്‌നേഹിക്കുന്നു- മമ്മൂട്ടി പറഞ്ഞു

മധുവും കവിയൂർ പൊന്നമ്മയും മന്ത്രി ടി.പി. രാമകൃഷ്ണനും തിരികൊളുത്തിയ വേദിയിൽ വാദ്യകലാകാരന്മാരൊരുക്കിയ നാദപ്പെരുമഴയോടെയാണ് കലാവിരുന്ന് തുടങ്ങിയത്. ലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തിയ 12 സംവിധായകരിലൂടെ അദ്ദേഹത്തിന്റെ കലാജീവിതത്തിലൂടെയുള്ള യാത്ര ഫാസിലിൽ തുടങ്ങി പ്രിയദർശനിൽ സമാപിച്ചു. ഇഷാ തൽവാർ, രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ആശാശരത്ത്, പാർവതി നമ്പ്യാർ, വിഷ്ണുപ്രിയ, മൈഥിലി തുടങ്ങിയ താരങ്ങൾ മോഹൻലാലിന്റെ സിനിമകളിലെ പാട്ടുകൾക്കൊത്ത് ചുവടുവച്ചു. മുല്ലശ്ശേരി രാജുവിന്റെ കൊച്ചുമകൾ നിരഞ്ജന അനൂപ് ദേവാസുരത്തിലെ പാട്ടിനൊത്ത് നൃത്തമാടി.