ഈ സദസു കണ്ടപ്പോൾ തമാശയെല്ലാം മറന്നുപോയി: മമ്മൂട്ടി

ലോ കോളജ് പഠന കാലത്ത് അയൽവക്കത്ത് സെന്റ് തെരേസാസ് കോളജിലെ സുന്ദരികളെ കാണാനായി നടത്തിയ ശ്രമങ്ങളുടെ മധുര സ്മരണകൾ അയവിറക്കി മമ്മൂട്ടി. സെന്റ് തെരേസാസിലെ പുതുതലമുറ മെഗാ സ്റ്റാറിന്റെ ആ തുറന്നു പറച്ചിൽ മനം നിറഞ്ഞ് ആസ്വദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ ആ പഴയ കാലഘട്ടത്തിന്റെ ഓർമകളുമായി അക്കാലത്തെ സെന്റ് തെരേസാസ് സുന്ദരികളും സദസിലുണ്ടായിരുന്നു.

കോളജിലെ തെരേസിയൻ വീക്കിനു സമാപനം കുറിച്ചു തെരേസിയൻ നൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ലോ കോളജിൽ നിന്ന് മേനക ജംക്‌ഷനിലേക്കും തിരിച്ചും പല തവണ മാർച്ച് ചെയ്തിട്ടുണ്ട്. സെന്റ് തെരേസാസിലെ കുട്ടികളെ കാണുക തന്നെയായിരുന്നു ലക്ഷ്യം. ‌

അന്നു ഞങ്ങളൊക്കെ നോക്കിയിരുന്ന പലരും ഇപ്പോൾ ഈ സദസിലുണ്ടാവും. ആണായി പിറന്നതിന്റെ നിർഭാഗ്യമാണ് ഈ കോളജിൽ പഠിക്കാനാവാഞ്ഞത്. എങ്കിലും പിന്നീട് ഇവിടെ പരിപാടികളിൽ അതിഥിയായി പങ്കെടുത്തിട്ടുണ്ട്. ഇന്നും ഈ വേദിയിൽ പറയാനായി തമാശകളുൾപ്പടെ പലതും തയാറാക്കിയാണു വന്നത്. പക്ഷേ ഇവിടെ എത്തി ഈ സദസു കണ്ടപ്പോൾ അതെല്ലാം മറന്നുപോയി’- മമ്മൂട്ടി തമാശയിൽ സദസ് ചിരിയിലമർന്നു. കലാലയങ്ങൾ അക്ഷരാർഥത്തിൽ കലകൾക്കു കൂടി പ്രാധാന്യം നൽകണമെന്നും മമ്മൂട്ടി പറഞ്ഞു.

കോളജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനിത, പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റിൻ, യൂണിയൻ ചെയർപഴ്സൺ ഡോണ ഡെന്നി എന്നിവർ പ്രസംഗിച്ചു. ശ്രീശാന്ത്, പേളി മാണി തുടങ്ങിയ താരങ്ങളും അർധരാത്രിയോളം നീണ്ട തെരേസിയൻ നൈറ്റിൽ വിവിധ സമയങ്ങളിലായി അതിഥികളായെത്തി.

വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും പൂർവ വിദ്യാർഥികളുടേയും സംഗമ വേദിയായിരുന്നു തെരേസിയൻ നൈറ്റ്. തെരേസിയൻ വീക്കിൽ സംഘടിപ്പിച്ച വിവിധ മൽസരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയ കലാപരിപാടികളും സമാപന രാത്രിയിൽ വീണ്ടും വേദിയിലെത്തി. ഇതിനൊപ്പം പുറത്തുനിന്നുള്ള സംഘങ്ങളും നൃത്ത, സംഗീത പരിപാടിയും അരങ്ങേറി. സെന്റ് തെരേസാസ് കോളജിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി 90 വിദ്യാർഥികൾക്കു പഠന സഹായത്തിനും, കോളജിലെ പുതിയ കെട്ടിട നിർമാണത്തിനുള്ള ധനശേഖരണാർഥവും കൂടിയാണ് തെരേസിയൻ നൈറ്റ് സംഘടിപ്പിച്ചത്.