ഞാൻ തോമസിനേക്കാൾ സീനിയർ: മമ്മൂട്ടി

ഡോ. തോമസ് ഐസക് എം.എല്‍.എ, മമ്മൂട്ടി, എം കെ സാനു

ഡോ. തോമസ് ഐസക് എം.എല്‍.എയുടെ ഫേസ് ബുക് ഡയറി എന്ന പുസ്തകം പ്രകാശനം ചെയ്യാൻ എത്തിയത് മമ്മൂട്ടിയായിരുന്നു. ആധുനിക സമൂഹത്തിന്‍െറ അസ്ഥിത്വം നിര്‍ണയിക്കുന്നത് ഫേസ് ബുക്കും ഇ-മെയിലുമാണെന്ന് മമ്മൂട്ടി പറഞ്ഞു.

ഫേസ് ബുക്കും ഇ-മെയിലും ഇല്ലാത്തവര്‍ക്ക് സമൂഹത്തില്‍ ഐഡര്‍ന്‍റിറ്റിയില്ലാത്ത അവസ്ഥയാണ്. പണ്ട് രാഷ്ട്രീയക്കാര്‍ കവലകള്‍ തോറും മൈക്ക് കെട്ടി പ്രസംഗിക്കണമായിരുന്നു. ഇന്ന് തൊണ്ട പൊട്ടാതെ, വിയര്‍ക്കാതെ എല്ലാം ഫേസ്ബൂക്കിലൂടെ പറയാമെന്നായി. ആധുനിക സമൂഹത്തിന്റെ തുറന്ന മുഖമാണ് ഫേസ് ബുക്കെന്നും അതില്ലാത്തവരെ അഡ്രസില്ലാത്തവരായാണ് നവമാധ്യമ രംഗത്തുള്ളവര്‍ വീക്ഷിക്കുന്നതെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

തോമസ് ഐസക്കിന്റെ കുറിപ്പ് വായിക്കാം–

"ഐസക്കിന്റെ നരച്ച താടിയും മുടിയുമെല്ലാം അദ്ദേഹത്തിന്റെ പണിക്കു പറ്റിയതാണ് എന്റെ തൊഴിലിന് ഇതു പറ്റില്ല അതുകൊണ്ട് ഐസക്കിന്റെ സമകാലീനനാണെന്നു പറയാൻ കുറച്ച് മടിയുണ്ട് സത്യത്തിൽ ഞാൻ ഒരു വർഷം മഹാരാജാസിൽ സീനിയർ ആയിരുന്നു" ഇത് പറഞ്ഞു കൊണ്ടാണ് എന്റെ ഫേസ്ബുക്ക് ഡയറി പ്രകാശന പ്രഭാഷണം മമ്മൂട്ടി ആരംഭിച്ചത്.

ഞങ്ങളിരുവരുടെയും ഗുരുനാഥനായിരുന്ന സാനു മാഷിന്‍റെ സാന്നിദ്ധ്യം ഒട്ടേറെ ഗതകാല സ്മരണകളുയർത്തി പ്രായാധിക്യത്തെ വകവക്കാതെ മുക്കാൽ മണിക്കുർ നീണ്ട ഉജ്വലമായ പ്രഭാഷണമായിരുന്നു സാനു മാഷിന്‍റെത് പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്സിന്റെ എം.ഡി രവി ഡി സി ചടങ്ങിനെത്തിയിരുന്നു. റൂബിൻ ഡിക്രൂസ് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ കടന്നു വരവിന്റെ ആരവം.

രണ്ട് ഡസനോളം ഫേസ് ബുക്ക് കഥാപാത്രങ്ങളും സന്നിഹിതരായിരുന്നു ഓരോരുത്തരെയും ഏതാനും വാചകങ്ങളിൽ ഞാൻ പരിചയപ്പെട്ടുത്തിയത് അവർക്കും കേൾവിക്കാർക്കും ഹൃദ്യമായ അനുഭവമായിരുന്നു പത്തു വർഷത്തിനിടയിൽ എന്‍റെ 20 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് ഓരോന്നുമായി ബന്ധപ്പെട്ടും പ്രകാശന ചടങ്ങുമുണ്ടായിരുന്നു പക്ഷെ ഇന്നലെ നടന്ന എന്റെ ഫേസ് ബുക്ക് ഡയറി എന്നഗ്രന്ഥത്തിന്റെ പ്രകാശനം പോലൊരനുഭവം ഇതിനു മുമ്പുണ്ടായിട്ടില്ല ഫേസ്ബുക്ക് ഡയറിയുടെ 500 കോപ്പികളാണ് പ്രകാശന സമ്മേളന സ്ഥലത്ത് കൊണ്ടുവന്നത് സമ്മേളനം പകുതിയായപ്പോഴേക്കും മുഴുവൻ ബുക്കുകളും വിറ്റ് കഴിഞ്ഞിരുന്നു ഒരു പുസ്തകത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല തുടക്കമാണിത് ഈ പ്രകാശനം ഏപ്രിൽ 10നു നടക്കേണ്ടതായിരുന്നു പരവൂര്‍ വെടിക്കെട്ടു ദുരന്തം മൂലം മാറ്റി വച്ചതാണ്, യാദൃശ്ചികമാണെങ്കിലും മമ്മൂട്ടി തെരഞ്ഞെടുത്ത ദിവസം ഏപ്രില്‍ 23 ആയിരുന്നു. ലോക പുസ്തക ദിനമാണെന്നതാണ് 23 ന്റെ സൗഭാഗ്യം.