ദുൽക്കറിന് ഹൈവോൾട്ടേജ് മാസ്സ് എന്റർടെയ്നറുമായി വൈശാഖ്

പോയവർഷം മലയാളസിനിമാസംവിധായകരിൽ ഒന്നാംനിരയിലാണ് വൈശാഖ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകൻ നൂറും കടന്ന് 150 കോടി ക്ലബിൽ എത്തിയിരുന്നു. മാത്രമല്ല പുതുവർഷത്തിലേക്ക് കടക്കുമ്പോള്‍ വമ്പൻ പ്രോജക്ടുകളുമായി 2017 ഉം കീഴടക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹം.

മമ്മൂട്ടിയെ നായകനാക്കി മുളകുപാടം നിർമിക്കുന്ന രാജാ 2 ആണ് ഇതിൽ ആദ്യ പ്രോജ്ക്ട്. അതിന് ശേഷം മോഹൻലാൽ, ദിലീപ്, ജയറാം, ദുൽക്കർ എന്നിവർക്കൊപ്പവും വൈശാഖ് ഒന്നിക്കുന്നു.

രാജാ 2

മമ്മൂട്ടിയിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റർടൈനർ തന്നെയായിരിക്കും രാജാ 2. ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടുതൽ ചടുലവും കൂടുതൽ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പോക്കിരിരാജ എന്ന സിനിമയിലെ 'രാജാ' തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം. എന്നാൽ കഥ പോക്കിരിരാജയുടെ തുടർച്ചയാകില്ല.

അടുത്ത പ്രോജക്ടുകളെക്കുറിച്ച് വൈശാഖ് പറയുന്നു.

ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന 3D ചിത്രം. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇന്ത്യ മുഴുവൻ റിലീസ് ചെയ്യുന്ന ഒരു സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്...

മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ജയറാമേട്ടനാണ് നായകനാകുന്നത്... വിഎഫ്എക്സ്, സ്പെഷൽ ഇഫക്റ്റ്സ് കേന്ദ്രീകൃതമായ ഒരു സിനിമ കൂടിയാണിത് ...

ആശിർവാദ് സിനിമയുടെ ബാനറിൽ ലാലേട്ടൻ നായകനായി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാണ് മറ്റൊരാലോചന. പുലിമുരുകൻ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അതെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയസുഹൃത്ത് ഉദയ്‌കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്...
ഇഫാർ ഇന്റർനാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ.. ദുൽഖർ സൽമാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോൾട്ടേജ് മാസ്സ് എന്റർടൈനർ...