ലാല്‍ ഇരുന്ന ആ ആൽത്തറയിൽ മമ്മൂട്ടിയും

ഒരു ആൽത്തറ. അവിടെ രണ്ടു സിനിമകളുടെ രണ്ടു നിർണായക മുഹൂർത്തങ്ങൾ ഇതൾ വിരിയുന്നു. ആദ്യം അവിടെയെത്തിയതു മോഹൻലാൽ, രണ്ടാമതു മമ്മൂട്ടിയും. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലെ ആൽത്തറ പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന സിനിമ കണ്ടവർ മറക്കില്ല.

തനിക്കൊരു കാമുകിയുണ്ടെന്നു നായകൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയോടു പറയുന്നത് ഈ ആൽത്തറയിൽ വച്ചാണ്. കഥയുടെ മറ്റു നിർണായക മുഹൂർത്തത്തിലും ഈ ആൽത്തറ വരുന്നുണ്ട്. എ.കെ. സാജൻ എഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത മമ്മൂട്ടി ചിത്രത്തിലും തന്റെ കുടുംബവുമായി ബന്ധപ്പെട്ട വികാരപരമായ ഒരു കാര്യം മമ്മൂട്ടി പറയുന്നത് ഈ ആൽത്തറയിൽവച്ചാണ്.

സാജൻ പഴയ ആൽത്തറ തേടി വന്നതല്ല. വന്നപ്പോൾ അതിന്റെ അന്തരീക്ഷം കണ്ട് അവിടെ വച്ചു പറയാൻ തീരുമാനിക്കുകയായിരുന്നു. പണ്ട് ഈ ആൽത്തറയിൽ ഇരിക്കാൻ അനുവാദമുണ്ടായിരുന്നു. ഇപ്പോഴില്ല. തൂവാനത്തുമ്പികൾ റിലീസ് ചെയ്യുന്നത് 1987 ലാണ്. 28 വർഷങ്ങൾക്കു ശേഷം അതേ ആൽച്ചുവട്ടിൽ വികാര നിർഭരമായൊരു നിമിഷവുമായി മമ്മൂട്ടി എത്തിയതു യാദൃച്ഛികം മാത്രം.