വരുന്നു ബോക്സ് ഒാഫിസിൽ താരയുദ്ധം

വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സ്വന്തം സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരു ദിവസം റിലീസിനെത്തുന്നു. ഇക്കൊല്ലം ഒക്ടോബർ 7–ന് ഇരുവരുടെയും ഒാരോ ചിത്രങ്ങൾ ഒന്നിച്ച് തീയറ്ററുകളിലെത്തും. 

മോഹൻലാൽ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനുമായി എത്തുമ്പോൾ മമ്മൂട്ടി ഹാസ്യത്തിനു പ്രാധാന്യം നൽകിയിരുക്കുന്ന തോപ്പിൽ ജോപ്പനുമായാണ് എത്തുന്നത്. നാല് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരുടെയം ചിത്രങ്ങൾ ഒരു ദിവസം തന്നെ റിലീസ് ചെയ്തത്. അന്ന് മേജർ രവി സംവിധാനം ചെയ്ത് കർമയോദ്ധയുമായി മോഹൻലാൽ എത്തിയപ്പോൾ ജി എസ് വിജയൻ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തിലായിരുന്നു മമ്മൂട്ടിയുടെ സിനിമ.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകൻ മോഹൻലാലിന്റെ ബിഗ് ബജറ്റ് പ്രോജക്റ്റാണ്. ഷൂട്ടിങ്ങിനായി ഏറെ സമയം ചെലവഴിച്ച് ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഭയ്യാ ഭയ്യായ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പിൽ ജോപ്പൻ മമ്മൂട്ടിയുടെ ഇക്കൊല്ലത്തെ പ്രധാന റിലീസുകളിലൊന്നാണ്. നാളുകൾക്ക് ശേഷം താരരാജാക്കന്മാർ ഒന്നിക്കുമ്പോൾ ആര് വീഴും അരു വാഴും എന്ന ചർച്ചകൾ ആരാധകർ തുടങ്ങിക്കഴിഞ്ഞു.