മണിയെ അവസാനമായി കണ്ടത് ഫെബ്രുവരി 20ന്: ഭാര്യ നിമ്മി

കലാഭവൻ മണി സ്വമേധയാ കീടനാശിനി കഴിക്കുമെന്നു വിശ്വസിക്കുന്നില്ലെന്ന് ഭാര്യ നിമ്മി. കുടുംബബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ബിയർ കഴിക്കുമെന്നാണ് മണി തന്നോട് പറഞ്ഞിട്ടുള്ളത്. ഫെബ്രുവരി 20നു ശേഷം മണി വീട്ടിലേക്ക് വന്നിട്ടില്ല. വീട്ടിൽ വരുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. അവസാനമായി മണിയെ കണ്ടതും ഫെബ്രുവരി ഇരുപതിനാണെന്നും നിമ്മി മനോരമ ന്യൂസ് കൗണ്ടർ പോയന്റിൽ പറഞ്ഞു. മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയിൽ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് അറിയില്ല. പൊലീസ് ഇപ്പോൾ നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അവർ പറ‍ഞ്ഞു.

കലാഭവൻ മണിയുടെ ആന്തരിക അവയവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിൽ കീടനാശിനി, മെഥനോൾ, എഥനോൾ എന്നിവയുടെ‌ അംശം മണിയുടെ ശരീരത്തിൽ കണ്ടെത്തി. കാക്കനാട് ലബോറട്ടറിയിൽ നടന്ന പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ക്ളോർപിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെഥനോളിന്റെ അളവ് ശരീരത്തിൽ തീരെ കുറവാണെന്നും ഇത് ചികിൽസയിലൂടെ കുറഞ്ഞതാകാമെന്നും റിപ്പോർട്ട് പറയുന്നു.