ആദ്യ സിനിമയിൽ സംഭവിച്ച ദുരന്തം; പാർവതി പറയുന്നു

2008ലെ മിസ് വേള്‍ഡ് മത്സരം ഒരു മലയാളിക്കും മറക്കാന്‍ സാധിക്കില്ല. തലനാരിഴക്ക് ലോക സുന്ദരിപ്പട്ടം നഷ്ടമായ പാര്‍വതി ഓമനക്കുട്ടന്‍ എന്ന മലയാളിപ്പെണ്‍കുട്ടിയെയും. മലയാളിയുടെ സൗന്ദര്യം ലോകത്തിന്റെ നെറുകൈയില്‍ എത്തിച്ച താരം മോഡൽ രംഗത്തും സിനിമാരംഗത്തും തന്റെ കഴിവ് തെളിയിച്ചു.

ഒരു മലയാളചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. അത് പിന്നീട് വലിയ വിവാദങ്ങളും സൃഷ്ടിച്ചു. ഒരു ഘട്ടത്തിൽ ആ സിനിമ ഉപേക്ഷിക്കാൻ തന്നെ പാർവതി തീരുമാനിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടാണ് അത് പൂർത്തിയാക്കാൻ തീരുമാനിച്ചത്? അതിനുത്തരം പാർവതി തന്നെ പറയുന്നു.

‘പെട്ടുപോയ അവസ്ഥയായിരുന്നു. അങ്ങനെയൊരു ചിത്രത്തിന് കരാർ ഒപ്പിട്ട് പോയെല്ലോ എന്ന ചിന്തയായിരുന്നു സിനിമ ചിത്രീകരിക്കുമ്പോൾ ഉടനീളം മനസ്സിൽ.

ആദ്യം എന്നോട് പറഞ്ഞ താരങ്ങളൊന്നുമല്ല ചിത്രത്തിൽ അഭിനയിച്ചത്. കരാർ ഒപ്പിട്ട് ഒരാഴ്ച ചിത്രീകരണം പിന്നിട്ടപ്പോളാണ് അഭിനയിക്കുന്ന താരങ്ങൾ വേറെയാണെന്ന് അറിയാൻ കഴിഞ്ഞത്. അങ്ങനെ കുറേ പ്രശ്നങ്ങൾ. അവസാനം ആ ചിത്രം പകുതി വഴിയില്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് നിർമാതാവിന്റെ ഭാര്യ എന്നെ വിളിക്കുകയും ഒരുപാട് സങ്കടങ്ങൾ പറയുകയും ചെയ്തു. ആരെയും വിഷമിപ്പിക്കരുതെന്ന വിശ്വാസത്തോടെയാണ് എന്റെ കുടുംബം വരുന്നത്. ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ അമ്മയാണ് പറഞ്ഞത് ‘നിനക്ക് വേണ്ടിയല്ലെങ്കിലും ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മറ്റൊരുപാട് പേർക്ക് വേണ്ടി ആ സിനിമ ചെയ്യണം. അവരുടെ ജീവിതം ഈ സിനിമയിൽ നിന്ന് കിട്ടുന്ന ദിവസവേതനം കൊണ്ടാണ് കഴിഞ്ഞ് പോകുന്നത്.

അങ്ങനെ ഞാൻ ആ ചിത്രം തീർത്തു. പ്രതീക്ഷച്ചതുപോലെ തന്നെ ആ സിനിമ വിജയമായില്ല. നമ്മുടെ നാട്ടിൽ ഒരു സിനിമ പരാജയമായാൽ അത് നടന്റെയോ നടിയുടെയോ കുറവ് മൂലമാണെന്നാണ് പലരുടെയും വിചാരം. അങ്ങനെ ഉള്ളതുകൊണ്ടാകാം പിന്നീട് മലയാളത്തിൽ നിന്ന് ഓഫറുകളൊന്നും വന്നില്ല. പിന്നീട് ഒന്നുരണ്ടു ഓഫറുകൾ വന്നു. പക്ഷേ അതൊന്നും നല്ല തിരക്കഥകൾ അല്ലായിരുന്നു.

എന്നാൽ ഇപ്പോൾ ഒരുപാട് നല്ല ടാലന്റുകൾ മലയാളസിനിമയിൽ വന്നിട്ടുണ്ട്. അവരുടെ വർക്കുകൾ എല്ലാം ഗംഭീരം. അവർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.’ പാർവതി പറഞ്ഞു.