മോഹൻലാലിനും സുചിക്കുമൊപ്പം തൊടുപുഴയിൽ പ്രണവ് എത്തി

തൊടുപുഴയിലെ ആദ്യത്തെ മള്‍ട്ടിപ്ലസ് തിയറ്ററായ ആശിര്‍വാദ് സിനിപ്ലസ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് തിയറ്റര്‍ നടത്തുന്നത്. ഉദ്ഘാടനത്തിന് മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മക്കള്‍ പ്രണവും വിസ്മയയും എത്തി.

ആന്റണി പെരുമ്പാവൂരും കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്. ഇവരെ കൂടാതെ സംവിധായകന്‍ ജോഷി, സാബു ചെറിയാന്‍, ജീത്തു ജോസഫ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടത്തിന് മോഹൻലാൽ ചിത്രമായ നരസിംഹം പ്രദർശിപ്പിച്ചിരുന്നു.

നാല് സ്ക്രീനുകളാണ് സിനിപ്ലെക്സിൽ ഉള്ളത്. രണ്ട് തിയറ്ററുകൾക്ക് മോഹൻലാലിന്റെ മക്കളുടെ പേരുകളാണ്. പ്രണവ്, വിസ്മയ. അടുത്ത രണ്ട് തിയറ്ററുകൾക്ക് ആന്റണി പെരുമ്പാവൂരിന്റെ മക്കളുടെ പേരും. ആശിഷ്, അനീഷ.

ഫോർ കെ ഡോൾബി അറ്റ്മോസ് സൗണ്ട് ഇഫക്ടിലാണ് സ്ക്രീനുകൾ തീർത്തിരിക്കുന്നത്. നാല് സ്ക്രീനുകളിലായി 600, 400, 200, 100 എന്നിങ്ങനെയാണ് സീറ്റുകൾ.

ഔദ്യോഗിക ഉദ്ഘാടന ചിത്രം സൂപ്പർസ്റ്റാർ രജനീകാന്തിന്റെ കബാലിയാകും. റിലീസ് ദിവസമായ 22ന് നാല് സ്ക്രീനുകളിലും കബാലി സിനിമയായിരിക്കും. മോഹൻലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ള മാക്സ്‌ലാബും ആശീർവാദും ചേർന്നാണ് കേരളത്തിൽ കബാലി വിതരണത്തിനെത്തിക്കുന്നത്.

എട്ടര കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഇവർ സ്വന്തമാക്കിയത്. കേരളത്തിൽ 250 തിയറ്ററുകളിലാകും കബാലി റിലീസിനെത്തിക്കുക.