അധ്യാപികയോടുള്ള പ്രണയം ന്യൂജനറേഷനല്ല

മലയാള ചലച്ചിത്രരംഗത്ത് ഇൗ വർ‌ഷം ‘പ്രേമം’ സിനിമ ഉയർത്തിയ തരംഗം സമീപകാലത്ത് കേട്ടുകേ​ൾവിയില്ലാത്തതാണ്.

ചിത്രത്തിന്റെ‌ വിജയത്തിന് ‘വീഡിയോ പൈറസി’യുടെ പേരിലും അല്ലാതെയും ഉണ്ട‌ായ അനേകം വിവാദങ്ങളും വലിയൊരു പരിധിവരെ കാരണമായി എന്നതിൽ തർക്കമില്ല. അതിന്റെ പേരിലുള്ള അന്വേഷണങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും അതിന്റെ വഴിക്ക് പൊയ്ക്കോട്ടെ.

എന്നാൽ ഇൗ സിനിമയെ കുറിച്ച് പല ഭാഗത്ത് നിന്നും കേട്ട കട്ടിയേറിയ വിമർശനങ്ങളിൽ ഒന്ന്, ‘ എന്താണ് പ്രേമം പഠിപ്പിക്കുന്നത്. അധ്യാപികയെ എങ്ങനെ പ്രേമിക്കാമെന്നോ ?...ഇതൊക്കെയാണോ ന്യൂ ജന​റേഷന് ഇഷ്ടപ്പെടുന്നത്.. ? ഇത്തരം ചോദ്യങ്ങളുടെ നീണ്ട പട്ടിക തന്നെ പലയിടത്ത് നിന്നും ഉയർന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിലേക്ക് വരാം. എന്താണ് പ്രേമം പഠിപ്പിക്കുന്നത്.അധ്യാപികയെ എങ്ങനെ പ്രേമിക്കാമെന്നോ ? ദൈവമേ ഇതു ന്യൂ ജനറേഷന്റെ കണ്ടെത്തലാണോ ? ഏതെന്നാകും ചോദ്യം അല്ലേ. ഇൗ അധ്യാപികയെ പ്രേമിക്കുന്നത്. അല്ലേ അല്ല എന്നതാണ് ശരിയായ ഉത്തരം. മലയാളത്തിൽ പുത്തൻ ചലച്ചിത്രസംസ്കാരത്തിനു തന്നെ തുടക്കമിട്ട സംവിധായകൻ ഭരതന്റെ ‘ചാമരം’ എന്ന സിനിമ ഒാർമിക്കുന്നുണ്ടോ ? സറീനാ വഹാബും, നെടുമുടി വേണുവും, പ്രതാപ് പോത്തനും, രതീഷും അസീസും ഒക്കെ ചേർന്ന് ഒരുക്കിയ ആ മനോഹരചിത്രം ക്യാംപസുകൾ​ ഉൽസവമാക്കുകയായിരുന്നു.

അതിന്റെ‌ കഥയുടെ കേന്ദ്രബിന്ദു എന്തായിരുന്നു. നാട്ടിൻപുറത്ത് നിന്ന് നഗരത്തിലെ കോളജിൽ അധ്യാപികയായി എത്തുന്ന സുന്ദരി. അവിടെ ക്യാംപസുകളിലെ എല്ലാ നല്ലതും ചീത്തയുമായ മേളങ്ങളിൽ ഭാഗഭാക്കാകുന്ന യുവാവ്. അവന് ഇൗ സുന്ദരി ടീച്ചറോട് പ്രണയം തോന്നിപ്പോകുന്നു.

തോന്നുക മാത്രമല്ല അതവൻ തുറന്നു പറയുകയും ചെയ്യുന്നു. തന്റെ വിവാഹം ചെറുപ്പത്തിലെ തീരുമാനിച്ച് കഴിഞ്ഞതാണെന്നും മുറച്ചെറുക്കനാണ് വരനെന്നും ടീച്ചർ യുവാവിനോട് വ്യക്തമാക്കുന്നു. എന്നാൽ അപ്പോഴും യുവാവ് തളരുന്നില്ല അവൻ ഉറക്കെ വിളിച്ചു പറയുന്നു, ‘ ബട്ട് ടീച്ചർ സ്റ്റിൽ ഐ ലൗ യൂ.....’ പിന്നീട് പക്ഷേ ടീച്ചറെ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. മുറച്ചെറുക്കൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തിരികെ സ്നേഹം തേടി യുവാവിന്റെ അടുത്ത് അവൾ എത്തുന്നു. അവൻ അവളെ സ്വീകരിക്കുന്നു. എല്ലാ അർഥത്തിലും ടീച്ചർ അവന്റെ‌ സ്വന്തമാകുന്നു. എന്നാൽ അപ്രതീക്ഷിതമായി കോളജിൽ ഉണ്ടാകുന്ന സംഘട്ടനത്തിൽ മാരകമായി യുവാവിനു പരുക്കേൽക്കുന്നു. ആംബുലൻസ് യുവാവിനെയും കൊണ്ട് പായുമ്പോൾ ക്യാംപസിൽ ടീച്ചർ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരയുന്നു.

ഇൗ ചിത്രത്തെക്കാൾ മനോഹരമായി ക്യാംപസിൽ ടീച്ചറിനോട് വിദ്യാർഥിക്കു തോന്നുന്ന പ്രണയം ഏതെങ്കിലും ചിത്രത്തിനു ഇനി വരച്ചിടാനാകുമെന്ന് തോന്നുന്നില്ല. അന്നത്തെ കാലത്ത് സുന്ദരിമാരായ അവിവാഹിതരായ കോളജ് ലക്ച‌റർമാർക്ക് നിത്യവും ക്യാംപസിന്റെ ഏതെങ്കിലും മൂലയിൽ നിന്ന് ‘ബട്ട് ടീച്ചർ സ്റ്റിൽ ഐ ലൗ യൂ.....’ എന്ന വിളി കേൾക്കാൻ സൗഭാഗ്യമുണ്ടായിട്ടുണ്ട്. മാത്രവുമല്ല അവർക്കെല്ലാം ക്യാംപസിൽ ഒരു ചെല്ലപ്പേരുണ്ടായിരുന്നു – ‘ചാമരം’. ഇതെല്ലാം ഒാർമയിൽ എത്തുന്നത് സിനിമയിൽ ഇപ്പോൾ കണ്ടു വരുന്നതെല്ലാം ‘ന്യൂ ജനറേഷന്റെ കണ്ടെത്തലാണെന്നും അവരുടെ മാത്രം കണ്ടെത്തലാണെന്നും ’ഉള്ള ചില നിരീക്ഷകരുടെ വിലയിരുത്തലുകൾ കാണുമ്പോഴാണ്.

ഒന്നുമാത്രമുറപ്പിക്കാം ലഹരിപദാർഥങ്ങളുടെ സങ്കേതങ്ങൾ തേടിയുള്ള യാത്രയോ മദ്യപാനത്തിന്റെ സുവിശേഷങ്ങളോ പഴയ തലമുറ ചെയ്ത ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ വളരെ ‘ബോൾഡായ വിഷയങ്ങൾ’ ഇന്നത്തെ തലമുറ ചെയ്യുന്നതിലും ശക്തമായി ചെയ്തിരുന്ന തലമുറ മുമ്പേ കടന്നു പോയിട്ടുണ്ട്. പി.എൻ. മേനോൻ സംവിധാനം ചെയ്ത ചായം എന്ന ചിത്രത്തിന്റെ പ്രമേയം തന്നെ പരിശോധിക്കൂ. അമ്മയോട് അനുരാഗം തോന്നുന്ന മകൻ.( അവൻ ജാരസന്താനമാണ് ) ​ഇൗഡിപ്പസ് കോംപ്ളക്സ് ​എന്ന ഇൗ പ്രതിഭാസം പോലും പഴയ തലമുറ ചലച്ചിത്രമാക്കി എന്നു പറയുമ്പോൾ ഇനി എന്താണ് ന്യൂ ജനറേഷന് പറയാൻ പുതിയതായി ബാക്കി ?