പൃഥ്വി പ്രതികാരം ചെയ്യുന്നു

പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമെന്ന പ്രത്യേകതയുമായാണ് ശ്യാമപ്രസാദ് ചിത്രമായ ഇവിടെ എത്തുന്നത്. പോസ്റ്ററിലൂടെയും ടീസറിലൂടെയും പ്രേക്ഷകരില്‍ സൃഷ്ടിച്ച ആകാംക്ഷ ട്രെയിലറിയെത്തിയപ്പോള്‍ അത്ഭുതമായി. ഹോളിവുഡ് സിനിമകളുടെ മേയ്ക്കിങ് സ്റ്റൈലില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ തന്നെ ഇതിനോടകം തരംഗമായി കഴിഞ്ഞു.

ഒരു രീതിയില്‍ പറഞ്ഞാല്‍ ഇതൊരു പ്രതികാരം കൂടിയാണ്. സൗത്ത് ഇന്ത്യയില്‍ ഏറ്റവും നന്നായി ഇംഗിഷ് സംസാരിക്കുന്ന നടന്‍ പൃഥ്വിരാജ് ആണെന്ന ഒരു പ്രസ്താവനയായിരുന്നു പൃഥ്വിയ്ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം. പൃഥ്വിക്കു നേരെ ഇക്കാലമത്രെയും ഉണ്ടായിട്ടുള്ള സാമൂഹിക മാധ്യമങ്ങളുടേയും ആളുകളുടേയും ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായ സ്വഭാവം ഉണ്ടായിരുന്നതും ഒരു പക്ഷേ ഈ അഭിപ്രായത്തിനെതിരെ ആയിരുന്നു.

എന്നാല്‍ പൃഥ്വിരാജ് എന്ന വ്യക്തിയേയും നടനേയും ഒരിക്കലും താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും സാധ്യമല്ല എന്ന് അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു തരുന്നു. പൃഥ്വിയുടെ ആരാധകരും മറ്റുള്ളവരുമെല്ലാം ഇന്നു ഏറ്റവും വലിയ ചര്‍ച്ച വിഷയമാക്കിയിരിക്കുന്നതും ഈ ട്രെയിലറും സിനിമയും തന്നെ. അതിനൊരു പ്രധാന കാരണം അമേരിക്കന്‍ ശൈലിയില്‍ (ആക്സെന്റ്) പൃഥ്വി ഇംഗിഷ് സംസാരിക്കുന്നു എന്നതാണ്.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഒരു ത്രില്ലറാണ് ' ഇവിടെ' ഇതിന്റെ സാങ്കേതിക പ്രവര്‍ത്തകരും വിദേശികളാണ്. ഈ സിനിമയുടെ തിരക്കഥ കേട്ടുകഴിഞ്ഞപ്പോള്‍ മുതല്‍ വളരെ മികച്ച തയാറെടുപ്പാണ് സിനിമയ്ക്കായി പൃഥ്വി നടത്തിയിരിക്കുന്നത്. സംവിധായകന്‍ ശ്യാമപ്രസാദിന്റെ സഹായത്തോടെ യു എസിലുള്ള ചില ആളുകളുടെ സംഭാഷണങ്ങള്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് കേട്ട് പരിശീലിച്ചു.

ഇത്രയും വായിച്ചു കഴിയുമ്പോള്‍ 'ഇത് സിനിമയല്ലേ യു എസ് ശൈലി നന്നായി ഉപയോഗിക്കുന്ന ഒരാളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ച് പൃഥ്വിയുടെ സംഭാഷണങ്ങള്‍ക്കു അമേരിക്കന്‍ ടച്ച് നല്‍കാമെന്ന്' നിങ്ങളില്‍ ചിലരെങ്കിലും ചിന്തിക്കാം. അവിടെയും പൃഥ്വി നമ്മെ അതിശയിപ്പിക്കും. കാരണം ' ഇവിടെ'യില്‍ സിങ്ക്സൌണ്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. അഭിനയത്തിനൊപ്പം സംഭാഷണങ്ങളും ലൈവ് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും. ഇനി എന്തായാലും സിനിമയ്ക്കായി കാത്തിരിക്കാം. അഭിനയം കൊണ്ട് പൃഥ്വി എങ്ങനെ പ്രേക്ഷകരെ കൂടുതല്‍ അതിശയിപ്പിക്കും എന്നു നോക്കാം. ധാര്‍മിക് പ്രൊഡക്ഷന്‍സ് ആണ് ' ഇവിടെ' നിര്‍മ്മിക്കുന്നത്.

വാല്‍ക്കഷണം: ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഷ്യല്‍ ചിത്രമാണ് 'ഇവിടെ'. മുന്‍പ് നിരവധി പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'അകലെ'യിലും പൃഥ്വിരാജും ശ്യാമപ്രസാദും ഒരുമിച്ചിരുന്നു.