ഇന്നസെന്റ് എന്ന പ്രതിഭാസം; പ്രിയദർശന്‍ പറയുന്നു

ഇന്നസെന്റ് പറയും പ്രിയൻ എന്നെ കൊണ്ടുപോയി ഹിന്ദിസിനിമയിൽ അഭിനിയിപ്പിക്കുന്നത് വെറുതേയല്ല, കുറേ ദിവസം എന്റെ തമാശയൊക്കെ കേട്ടിരിക്കാൻ വേണ്ടിയാണെന്ന്. അല്ലാതെ ഹിന്ദി സിനിമയിൽ വേറെ നടന്മാർ ഇല്ലാഞ്ഞിട്ടല്ല. ഇന്നസെന്റ് പറയുന്നത് സത്യമായ കാര്യമാണെന്ന് പ്രിയദർശൻ പറയുന്നു. മനോരമ ഓൺലൈനിന്റെ ഐ മി മൈസെൽഫ് എന്ന അഭിമുഖത്തിനിടെയാണ് ഇന്നസെന്റുമായുള്ള ആത്മബന്ധം പ്രിയദർശൻ തുറന്നു പറഞ്ഞത്.

‘ഇന്നസെന്റിന്റെ ഫോൺ എപ്പോൾ വന്നാലും എത്ര തിരക്കാണെങ്കിലും ഫോൺ എടുക്കുകയോ അല്ലെങ്കിൽ തിരിച്ചു വിളിക്കുകയോ ചെയ്യും. കാരണം ജീവിതത്തിനെ മുഴുവൻ ഒരു തമാശയായി കാണുന്ന മനുഷ്യനാണ് ഇന്നസെന്റ്. ഇന്നസെന്റിന്റെ വിദ്യാഭ്യാസ യോഗ്യതവച്ചു നോക്കുമ്പോൾ പലപ്പോഴും ആലോചിക്കാറുണ്ട് ‘എന്തിനാണ് വിദ്യാഭ്യാസം’ എന്ന്. ബുദ്ധിയാണ് ആവശ്യം വിദ്യാഭ്യാസമല്ല ആവശ്യം എന്ന് തെളിയിക്കുന്ന ഒരാളാണ് അദ്ദേഹം.

എല്ലാ യൂണിവേഴ്സിറ്റികളും പൂട്ടിപ്പോകുന്ന സംഭവമാണ് ഇന്നസെന്റ് എന്ന ആളുടെ വിദ്യാഭ്യാസവും വിവരവും കൂടി മിക്സ് ചെയ്തു പറയുമ്പോൾ തോന്നുക. ഇന്നസെന്റിന്റെ കുട്ടിക്കാലം ആർ കെ ലക്ഷ്മണന്റെ മാൽഗുഡി ഡെയ്സിനെക്കാളും ഇന്ററസ്റ്റിങ് ആണ്. മാൽഗുഡി ഡെയ്സ് എന്ന പുസ്തകത്തിനേക്കാളും മനോഹരമാണ് ‘ഇന്നസെന്റ് കഥകൾ’. അനുഭവങ്ങൾ പാഠമാക്കി, അതിനെ തമാശയുടെ രൂപത്തിൽ മാത്രം ജീവിതത്തെ കണ്ട ആളാണ് ഇന്നസെന്റ്. കൂടുതൽ അറിയപ്പെടുന്ന ലോകത്തായിരുന്നു അദ്ദേഹം ജീവിച്ചിരുന്നിരുന്നെങ്കിൽ തീർച്ചയായിട്ടും ഇന്നസെന്റ് ലോകത്തിനൊരു മാതൃകയാകുമായിരുന്നു. ഒരു നോബൽ പ്രൈസ് ഒക്കെ കിട്ടേണ്ട ആളായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

എത്ര കഷ്ടപ്പെട്ട സാഹചര്യത്തിൽ നിന്നാൽപോലും വേറൊരു രീതിയിലുള്ള കാഴ്ചപ്പാടുകൾ ആണ് എടുക്കുന്നത്. ഇന്നസെന്റ് എന്ന പേര് വന്നത് എങ്ങനെയെന്ന് അക്ഷയ്ഖന്ന ഒരുതവണ അദ്ദേഹത്തോട് ചോദിച്ചു. ഇത് എന്തു പേരാണ്. ഇങ്ങനെയൊരു പേര് ജീവിതത്തിൽ കണ്ടിട്ടില്ലല്ലോ? എന്നായിരുന്നു അക്ഷയ്‌യുടെ ചോദ്യം. അപ്പോൾ ഇന്നസെന്റ് പറഞ്ഞു. ഞാൻ ജനിച്ചപ്പോഴേ അച്ഛനു മനസിലായി ഇവൻ ജയിലിൽ പോകും, കുറ്റം ചെയ്യും, ഇവനെ കൊണ്ട് കോടതിയിൽ നിർത്തും, അപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ പറയും ഇവൻ ഇന്നസെന്റ് ആണ് എന്ന്. അങ്ങനെ പറഞ്ഞെങ്കിലും രക്ഷപെട്ടു പോകട്ടെ എന്ന്.

അക്ഷയ്ഖന്ന ചോദിച്ചു എന്തുതരം മനുഷ്യനാണ് ഇയാള്‍, ഇങ്ങനെയാരെങ്കിലും ഉത്തരം പറയുമോ. എല്ലാ കാര്യങ്ങൾക്കും ഇന്നസെന്റിന് അപ്പോഴപ്പോൾ മറുപടി ഉണ്ട് ചിന്ത ഉണ്ട്, വേറൊരു കാഴ്ചപ്പാടുണ്ട്.’ പ്രിയൻ പറഞ്ഞു.