പ്രിയദർശനും ലിസിയും സൗഹൃദപൂർവ്വം പിരിയുന്നു

ചെന്നൈ ∙ പ്രിയദർശനും ലിസിയും സൗഹൃദപൂർവ്വം പിരിയുന്നു. കോടതിയിലുള്ള തർക്കങ്ങൾ‍ ഇരു കൂട്ടരും അവസാനിപ്പിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം രണ്ടു പേരും ഒരുമിച്ചു ചർച്ച നടത്തിയതോടെയാണ് പ്രശ്നം അവസാനിച്ചത്. കുടുംബ, സിവിൽ,ക്രിമിനൽ കോടതികളിലുള്ള എല്ലാ കേസുകളും പിൻവലിക്കു. ഇരു കൂട്ടരുടെയും സമ്മത പ്രകാരം സ്വത്തുകൾ വീതിക്കാൻ ധാരണയായി. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് സ്വത്തുക്കൾ വിഭജിച്ചത്. ഇരു കൂട്ടരുടെയും സ്വത്തിൽ കുട്ടികളുടെ അവകാശം വ്യക്തമാക്കിയിട്ടുണ്ട്.

24വർഷം ഒരുമിച്ചു ജീവിച്ച ഇവർ പിരിയാൻ തീരുമാനിച്ചത് ഒരു വർഷം മുൻപാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.

ചർച്ചകൾക്കൊടുവിൽ പ്രിയദർശനും ലിസിയും നടത്തിയ കൂടിക്കാഴ്ചകൾക്ക് ഒടുവിലാണു കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വളരെ മാന്യമായി ജീവിക്കുന്ന രണ്ടു കുടുംബങ്ങളായിരിക്കും ഇനിയെന്നും പരസ്പരം ബഹുമാനം പുലർത്തുമെന്നും ഇരുവരും മധ്യസ്ഥർക്ക് ഉറപ്പു നൽകി. പ്രിയന്റെ പുതിയ സിനിമയ്ക്കു ലിസി ഭാവുകങ്ങൾ നേർന്നു. നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് കോടതിയിൽ ഇവർ നൽകിയ ഉറപ്പ്.