കാട്ടിലെ മുരുകൻ V/S നാട്ടിലെ ജോപ്പൻ

ഒാണത്തിന്റെ ഒാളങ്ങൾക്ക് ശേഷം തീയറ്ററിൽ ആവേശം ജ്വലിപ്പിക്കാൻ മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എത്തുന്നു. കാട്ടിൽ‌ നിന്ന് മുരുകനും നാട്ടിൽ നിന്ന് ജോപ്പനും തീയറ്ററിൽ എത്തുമ്പോൾ മോഹൻലാൽ – മമ്മൂട്ടി ആരാധകർ ആവേശത്തിലാണ്. വർഷങ്ങൾക്ക് ശേഷമാണ് ഇവരിരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത്.

പല കേന്ദ്രങ്ങളിലും പുലിമുരുകന് അതിരാവിലെ തന്നെ ഫാൻസ് ഷോകൾ ഒരുക്കിയിട്ടുണ്ട്. കോട്ടയമുൾപ്പടെയുള്ള പല കേന്ദ്രങ്ങളിലും രണ്ടു തീയറ്ററുകളിൽ വരെ ഫാൻസ് ഷോകളുണ്ട്. എന്നാൽ മമ്മൂട്ടി ചിത്രത്തിന് ഫാൻസ് ഷോ ഇത്തവണ ഒരുക്കിയിട്ടില്ല. മിക്ക തീയറ്റർ പരിസരങ്ങളും ഫ്ലെക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് സൂചനയുള്ളതിനാൽ പൊലീസും മുൻകരുതൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ആവേശം അക്രമത്തിനു വഴിമാറാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അതിനാൽ തീയറ്ററിലും കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ മമ്മൂട്ടി സിനിമകൾ ഒരേ ദിനം റിലീസ് ചെയ്തിട്ട് ഒരുപാട് വർഷങ്ങൾ പിന്നിട്ടതിനാൽ സ്ഥിതിഗതികൾ ഉൗഹിക്കാവുന്നതിലും അപ്പുറമാകുമെന്ന് അധികൃതർ കണക്കു കൂട്ടുന്നു. ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലൊഴിവാക്കാൻ ജോപ്പൻ ഫാൻസ് ഷോ മന:പൂർവം ഒഴിവാക്കിയതാണെന്നും തീയറ്ററുകാരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തെയും വലിയബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണവുമായാണ് പുലിമുരുകൻ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മുതൽമുടക്കിൽ മാത്രമല്ല ഷൂട്ടിങ് ദൈർഘ്യത്തിലും മറ്റു സാങ്കേതിക വിദ്യകളിലും മലയാളത്തിന്റെ പരിമിതികൾ‌ കടന്ന സിനിമയാണ്. പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് സീനുകളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നൽകിയിരുക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ. ഭയ്യാ ഭയ്യായ്ക്ക് ശേഷം ജോണി ആന്റണി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അൻഡ്രിയയും മംമ്തയുമാണ് നായികമാർ.