മോഹൻലാലിനെ തെലുങ്കിലേക്കെത്തിച്ചതിന് നന്ദി: രാജമൗലി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകൻ ഒരു കാത്തിരിപ്പിലാണ് ഒരു ചിത്രം കാണാൻ. ഹോളിവുഡ് മൂവിയൊന്നുമല്ല, നമ്മുടെ ലാലേട്ടൻ അഭിനയിച്ച മനമന്ദയ്ക്കായാണ് രാജമൗലിയുടെ കാത്തിരിപ്പ്. അതുപോലെ മോഹൻലാലിനെ തെലുങ്കിലേക്കെത്തിച്ചതിൽ അദ്ദേഹം അണിയറ പ്രവർത്തകരോട് നന്ദിയും പറഞ്ഞു. ഒപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിക്കണമെന്നുള്ള അഭ്യർഥനയും. ഫേസ്ബുക്കിലൂടെയാണ് രാജമൗലി തന്റെ ആകാംഷയ കുറിച്ച് പങ്കുവച്ചത്.മോഹൻലാൽ എന്ന അഭിനയ വിസ്മയത്തോടുള്ള തന്റെ സ്നേഹവും ആദരവും രാജമൗലി പണ്ടേ പറഞ്ഞിട്ടുള്ളതുമാണ്.    

മോഹൻലാൽ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണിത്. ലാൽ തന്നെയാണ് ഡബ്ബിങും. ചിത്രത്തിന്റെ ടീസർ ഇന്നലെയാണ് യുട്യൂബിലെത്തിയത്. ചന്ദ്രശേഖർ യേലേടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതമി, വിശ്വനാഥ്, റെയ്നാ റാവു, ഉർവശി, നാസർ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.