ലാലേട്ടന്‍ റോക്ക്സ്: രഞ്ജിനി ഹരിദാസ്

തെരുവ് നായ വിഷയത്തില്‍ മോഹന്‍ലാലിന്‍റെ പ്രതികരണം അനുയോജ്യമായതെന്ന് രഞ്ജിനി ഹരിദാസ്. മോഹന്‍ലാല്‍ കൃത്യമായി തന്നെ ഈ വിഷയത്തെ വിവരിച്ചിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു. മാത്രമല്ല രഞ്ജിനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് രഞ്ജിനി ഷെയര്‍ ചെയ്യുകയും ചെയ്തു.

കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്ന തലക്കെട്ടോട് കൂടി മോഹന്‍ലാല്‍ എഴുതിയ പുതിയ ബ്ലോഗില്‍ തെരുവുനായ വിഷയമാണ് ചര്‍ച്ച. നായ്ക്കളെ കൊല്ലാമോ ഇല്ലയോ എന്ന വിഷയത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന കാര്യമാണ് ഏറ്റവും ദുഃഖകരം. എന്തുകൊണ്ട് ഇങ്ങിനെ നായ്ക്കള്‍ തെരുവില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി അലഞ്ഞു നടക്കുന്നു എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നില്ല. നാം തന്നെയാണ് ഈ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. നാം പലയിടത്തും കൊണ്ടിടുന്ന മാലിന്യങ്ങളാണ് ഇവരുടെ ഭക്ഷണം. വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നതുപോലെ നാട്ടിലും റോഡിലും നായ്ക്കളെ വളര്‍ത്തുകയാണ്. മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.

രഞ്ജിനി ഉള്‍പ്പടെയുളള മൃഗസ്നേഹികള്‍ നേരത്തെ തന്നെ തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തയിരുന്നു. നായ്ക്കൾ‌ക്കും ലൈഫ് റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഇപ്പോൾ ഒരു വീട്ടിൽ ഒരു പട്ടിയെ വാങ്ങിയാൽ പഞ്ചായത്തിന്റെ കീഴിൽ അതിനെ റജിസ്റ്റർ ചെയ്യാം. അത് മരണപ്പെടുകയാണെങ്കിലും അവിടെ അറിയിക്കാം. അങ്ങനെ ആകുമ്പോൾ ഏതെങ്കിലും നായ തെരുവിൽ അലയുകയാണെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ഇപ്പോൾ എല്ലാവർക്കും ആധാർ കാർഡ് നിർബന്ധമാക്കിയതു പോലുള്ള എന്തെങ്കിലും ഫലപ്രദമായ മാര്‍ഗം ഇതിലും ഉണ്ടായേ മതിയാകൂ.’ രഞ്ജിനി പറയുന്നു.