2016 ൽ പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങൾ

പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ നായകനോ നായികയോ ആവണമെന്നില്ല ഒരൊറ്റ സീനില്‍ മാത്രം വന്നു പോയി നമ്മുടെ കണ്ണുകള്‍ നിറക്കുകയും ചുണ്ടില്‍ ചിരിപടര്‍ത്തുകയും ചിന്തിപ്പിക്കുയയും ചെയ്യുന്ന അഭിനേതാക്കളുണ്ട്. കേന്ദ്രകഥാപാത്രത്തിനൊപ്പം കഥാഗതിയില്‍ നിര്‍ണായക സാന്നിധ്യമാകുന്നു അവര്‍ ചിലപ്പോള്‍. തിയറ്റര്‍ വിട്ട് ഇറങ്ങുമ്പോഴും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ നമ്മെ പിന്തുടരുന്നു മറ്റു ചിലപ്പോള്‍. ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും 2016ല്‍ പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ച പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ അഭിനേതാക്കളുടെ പ്രകനങ്ങളിലൂടെ ഒരു സഞ്ചാരം. 

ആര്‍ട്ടിസ്റ്റ് ബേബി ആള് സൂപ്പറാ....

നാടകകളരിയില്‍ നിന്ന് അഭിനയത്തില്‍ തഴക്കം തീര്‍ത്ത് വെള്ളിത്തിരയില്‍ ചേകേറിയ വ്യക്തിയാണ് അലന്‍സിയര്‍. 1998-ല്‍ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തില്‍ തുടങ്ങി ഒട്ടേറെ ചെറുവേഷങ്ങളില്‍ അലന്‍സിയര്‍ സിനിമയില്‍ വന്നും പോയും നിന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസിലെ പോലീസുകാരന്റെ വേഷം ക്ലിക്കയാതോടെയാണ് സിനിമാസ്വാദകര്‍ ഈ അഭിനയ പ്രതിഭയെ ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത്. 2016 അലന്‍സിയറിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് എന്നതില്‍ തര്‍ക്കമില്ല.

മണ്‍സൂണ്‍ മാംഗോസ്, കലി, കമ്മട്ടിപാടം, കസബ, കിസ്മത്ത്, ഗപ്പി, തോപ്പില്‍ ജോപ്പന്‍ തുടങ്ങി അര ഡസനിലെറെ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. പക്ഷേ 2016 അലന്‍സിയര്‍ എന്ന നടനെ രേഖപ്പെടുത്തുക മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയായിട്ടാകും. ആര്‍ട്ടിസ്റ്റ് ബേബിയെ അത്രയും നാച്ചുറ്വലായും സരസമായിട്ടുമാണ് അലന്‍സിയര്‍ അവതരിപ്പിച്ചിരിക്കുന്നത്. നായകന്‍ ഫഹദ് ഫാസിലിനൊപ്പം കൂട്ടാളിയായും സൗബിന്‍ അവതരിപ്പിച്ച ഡിസൈനര്‍ ക്രിസ്പിന്റെ മുതലാളിയായും സോണിയയുടെ അപ്പനായുമെല്ലാം അദ്ദേഹം തകര്‍ത്ത് അഭിനയിക്കുന്നു. സ്വതസിദ്ധമായ സംഭാഷണ ശൈലിയിലൂടെയും ഭാവപ്രകടനങ്ങളിലൂടെയും ആര്‍ട്ടിസ്റ്റ് ബേബി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കുന്നു.

ചങ്കു പൊളിച്ച് ബാലനും മണികണ്ഠനും

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ റിയലിസ്റ്റിക്ക് സിനിമയുടെ ഒരു പുതിയ വഴി തുറന്നിട്ട സംവിധായകനാണ് ഛായാഗ്രാഹകന്‍ കൂടിയായ രാജീവ് രവി. പച്ചയായ ജീവിതങ്ങളിലേക്കു ക്യാമറ തുറന്ന് പിടിച്ചു നോണ്‍-ലീനിയര്‍ ശൈലിയില്‍ കഥ പറയുന്ന രാജീവ് മറ്റു സംവിധായകരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. തന്റെ മൂന്നാമത്തെ ചിത്രമായ കമ്മട്ടിപാടത്തിലേക്കു കടന്നുവരുമ്പോഴും അദ്ദേഹത്തിന്റെ ശൈലിയില്‍ മാറ്റമില്ല. ഇന്നു കാണുന്ന കൊച്ചിയെന്ന നഗരം വികസിച്ചപ്പോള്‍ അരികുവത്ക്കരിക്കപ്പെട്ടുപ്പോയ മനുഷ്യരുടെ കഥയാണ് കമ്മട്ടിപാടം. യന്ത്രങ്ങള്‍ കൊണ്ടു നിരപ്പാക്കിയ പാടങ്ങള്‍ക്കു മുകളില്‍ ആകാശസൗധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒറ്റയടിക്കു കുഴിച്ചു മൂടപ്പെട്ട ഒരു സമൂഹത്തിന്റെ ഭൂതകാലമാണ് കമ്മട്ടിപാടം ദൃശ്യവത്ക്കരിക്കുന്നത്. 

വിനായകന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാകുന്നു കമ്മട്ടിപാടത്തിലെ ഗംഗ. ഒരു ഘട്ടത്തില്‍ കൃഷ്ണനെന്ന ദുല്‍ഖര്‍ സല്‍മാന്‍ കഥാപാത്രത്തെ പോലും അപ്രസക്തനാക്കി വിനായകന്‍ നായകനായി ഉയരുന്നു. തന്റെ മണ്ണും തനിക്കൊപ്പമുള്ളവരും നഷ്ടപ്പെട്ടുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന നഗരസന്തതിയായ വിനായകന്‍ തകര്‍ത്താടുന്നു. ഗംഗയായി അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ ജീവിക്കുന്നു സ്‌ക്രീനില്‍. പ്രേക്ഷകരുടെ മനസ്സിലൊരു നീറ്റലായി അവശേഷിക്കുന്നു ഗംഗ. അരങ്ങേറ്റം അവീസ്മരണീയമാക്കിയ മണികണ്ഠനാണ് കമ്മട്ടിപാടത്തിലെ മറ്റൊരു താരം. ബാലേട്ടന്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലൊരു ഇടം കണ്ടെത്താന്‍ ഈ നടനു കഴിയുന്നു. വിനായകനും ദുല്‍ഖറിനും ഒപ്പം കിടപിടിക്കുന്ന കഥാപാത്രം. സംഭാഷണങ്ങള്‍ ഇല്ലാത്ത രംഗങ്ങളില്‍ പോലും ചിരികൊണ്ടും നോട്ടങ്ങള്‍കൊണ്ടും മൂളലുകള്‍കൊണ്ടുമൊക്കെ അവീസ്മരണീയമാക്കുന്നു ഈ നടന്‍. ഗംഗയും ബാലേട്ടനുമൊക്കെ ഇനിയും ഒരുപാട് കാലം പ്രേക്ഷകരെ വേട്ടയാടുമെന്നു തീര്‍ച്ച. 

കണ്ണുനനയിപ്പിച്ച് പവിത്രന്‍ മേസ്തിരി

ടൈപ്പ്കാസ്റ്റ് കോമഡി വേഷങ്ങളില്‍ തളച്ചിടേണ്ടാ നടനല്ല താനെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് സൂരാജ് വെഞാറമൂട്. ദേശീയപുരസ്‌കാരം നേടിയ പേരാറിയാത്തവര്‍ എന്ന ചി്ത്രത്തിലെ പ്രകടനത്തിനു ശേഷം സൂരാജിനു ലഭിച്ച മറ്റൊരു മികച്ച കഥാപാത്രമാണ് പവിത്രന്റേത്. പതിവ് പോലീസ് കഥകളില്‍ നിന്ന് വേറിട്ട് സഞ്ചരിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എസ്‌ഐ ബിജു പൗലോസിന്റെ സ്‌റ്റേഷന്‍ പരിധിയില്‍ പരാതിക്കാരായും പ്രതികളായും എത്തുന്ന സാധാരണക്കാരായ മനുഷ്യരിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

രണ്ടേ രണ്ടു സീനില്‍ മാത്രമാണ് സൂരാജിന്റെ പവിത്രന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. കൂട്ടുകാരനൊപ്പം ഒളിച്ചു ഓടിപോയ ഭാര്യയില്‍ നിന്നു സ്വന്തം മകളെ തിരിച്ചു കിട്ടണമെന്ന ഒരേയൊരു ആവശ്യം മാത്രമായിട്ടാണ് അയാള്‍ സ്‌റ്റേഷനിലെത്തുന്നത്. ഒടുവില്‍ താന്‍ ഇതുവരെ സ്വന്തമായി  കരുതിയിരുന്ന മകള്‍ തന്റേതല്ലെന്നു അയാള്‍ തിരിച്ചറിയുന്നു. അത് ഉള്‍കൊള്ളാന്‍ കഴിയാതെ പവിത്രന്‍ നടത്തുന്ന വൈകാരികമായ പ്രതികരണം കാണുന്ന ഒരു പ്രേക്ഷകനും കണ്ണു നനയാതെ ആ രംഗം കണ്ടിരിക്കാന്‍ ആവില്ല. ഇനിയും സൂരാജ് എന്ന നടനെ കോമേഡിയനായി മാത്രം തള്ളച്ചിടാന്‍ ശ്രമിക്കുന്ന സംവിധായകര്‍ ഈ പ്രകടനം കാണാതെ പോകരുത്.

ബേബിയെന്ന മുതലാളിയും സുരേന്ദ്രന്‍ എന്ന തൊഴിലാളിയും

വേണ്ടവിധത്തില്‍ അംഗീകരിക്കപ്പെടാത്ത മലയാളത്തിലെ മറ്റൊരു അഭിനയ പ്രതിഭയാണ് സിദ്ധിഖ്. ഏതു തരം കഥാപാത്രങ്ങളെയും അനായസമായി വഴക്കത്തോടെ സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കുന്ന താരമാണ് അദ്ദേഹം. 2016-ല്‍ സിദ്ധിഖ് എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നാം കണ്ടത് ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലും കട്ടപ്പനയിലെ ഋത്വിക് റോഷനിലുമാണ്. ആന്‍മരിയില്‍ ബേബി മുതലാളിയായിട്ടാണ് അദ്ദേഹം വേഷമിടുന്നത്. സണ്ണി വെയ്‌നുമായുള്ള കോംമ്പിനേഷന്‍ സീനില്‍ മരിച്ചു പോയ മകളെക്കുറിച്ചു പറഞ്ഞ് വീകാരധീനാനാകുന്ന ഒറ്റ രംഗം മതി സിദ്ധിഖ് എന്ന നടന്റെ പ്രതിഭ തിരിച്ചറിയാന്‍.

ഋത്വിക് റോഷനില്‍ ജയന്റെ മരണത്തെ തുടര്‍ന്നു ജൂനിയര്‍ ജയനാകാന്‍ മദിരാശിയിലേക്കു വണ്ടി കയറി ഒന്നുമാകാതെ തിരിച്ചു വന്നു നാട്ടുകാരുടെ പരിഹാസത്തിനു പാത്രമാകുന്ന ചുമട്ടുതൊഴിലാളിയായ സുരേന്ദ്രനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. തന്റെ മകനെ മലയാളം അറിയുന്ന ഒരു നായകനടനാക്കണമെന്നു അയാള്‍ ശപഥം ചെയ്യുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ അച്ഛന്‍ സുരയെന്ന സുരേന്ദ്രനായും അദ്ദേഹം സ്‌ക്രീനില്‍ നിറഞ്ഞാടുന്നു. ചിരിയും കണ്ണീരും ചിന്തയും ഇടകലര്‍ന്ന മികച്ചൊരു കഥാപാത്രം. 

കിടുക്കി തിമിര്‍ത്തു കലക്കി ധര്‍മ്മജന്‍

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ബ്രേക്കാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ദാസപ്പന്‍. നായക കഥാപാത്രം കിച്ചുവിന്റെ സന്തതസഹചാരിയാണ് പണക്കാരന്‍ എന്ന ഓട്ടോയുടെ ഡ്രൈവര്‍കൂടിയായ ദാസപ്പന്‍. ആദ്യപകുതിയില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു കയ്യടി നേടുന്ന ധര്‍മ്മജന്‍ അവസാനപകുതിയില്‍ പ്രേക്ഷകരുടെ കണ്ണില്‍ ഈര്‍പ്പം പടര്‍ത്തുന്നു. ഒട്ടേറെ സിനിമകളില്‍ ചെറിയ ചെറിയ കോമഡിവേഷങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള ധര്‍മ്മജന്റെ ഒരു മുഴുനീളവേഷം കൂടിയാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലേത്. 

ഷേര്‍ളി ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

പ്രവാസി മലയാളി ജേക്കബ് സക്കറിയയുടെ സംഭവബഹുലമായ അനുഭവകഥ തീവ്രത നഷ്ടപ്പെടാതെ സ്‌ക്രീനിലെത്തിച്ചത് വിനീത് ശ്രീനിവാസനാണ്. ജേക്കബ് സക്കറിയായി രന്‍ജി പണിക്കരും അദ്ദേഹത്തിന്റെ മകന്‍ ജെറിയായി നിവിന്‍ പോളിയും വേഷമിടുന്നു. എന്നാല്‍ ജേക്കബിന്റെ പത്‌നി ഷേര്‍ളി ജേക്കബായി വേഷമിട്ട ലക്ഷമി രാമകൃഷ്്ണന്‍ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. ലക്ഷമിയുടെ പ്രകടനം കൃത്യമായി വിലയിരുത്തണമെങ്കില്‍ യഥാര്‍ഥ ഷേര്‍ളി ജേക്കബിനൊപ്പം ഒരു താരതമ്യം നടത്തുന്നത് നന്നായിരിക്കും. ഷേര്‍ളി ജേക്കബിന്റെ ചലനങ്ങളും ഭാവങ്ങളും പൂര്‍ണതയോടെ ലക്ഷമി പകര്‍ത്തുന്നു. പതറി പോകുന്ന ജേക്കബ് എന്ന ഭര്‍ത്താവിനും പകച്ചു നില്‍ക്കുന്ന ജെറിയെന്ന മകനും ഇടയില്‍ അതിജീവനത്തിന്റെ നെടുതൂണായി ഈ കഥാപാത്രം നിലയുറപ്പിക്കുന്നു. 

ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് മമ്മുട്ടിക്കാ ഇഷ്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ് 

2016ലെ ഒട്ടേറെ ഹിറ്റുചിത്രങ്ങളിലെ നിറസാന്നിധ്യമാണ് സൗബിന്‍. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സംഭാഷണത്തിലെ സ്വന്തം സ്റ്റെയിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമാണ് സൗബിന്‍. ഹാപ്പി വെഡിങ്, കമ്മട്ടിപ്പാടം, കലി, അനുരാഗകരിക്കിന്‍വള്ളം തുടങ്ങി 2016ലെ ഹിറ്റുകളില്‍ എല്ലാം സൗബിന്‍ സാന്നിധ്യം അറിയിച്ചു. എങ്കിലും 2016 അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചിത്രത്തിലെ സൗബിന്റെ ഓരോ ഡയലോഗുകളും സൂപ്പര്‍ഹിറ്റാണ്. പോയ വര്‍ഷം ട്രോളന്‍മാര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചതും സൗബിന്റെ കഥാസന്ദര്‍ഭങ്ങളാണ്. ആര്‍ട്ടിസ്റ്റ് ബേബി, മഹേഷ് ഭാവന, സോണിയ ഇവരോടൊപ്പമുള്ള കോംമ്പിനേഷന്‍ സീനുകളില്‍ എല്ലാം സൗബിന്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്നു. 

സോണിയ മുത്തല്ലേ....

ഇടുക്കികാരിയായ ലിജോമോള്‍ക്കു 2016 സ്വപ്‌നതുല്യമാണ്. ഇടുക്കി കേന്ദ്രകഥാപാത്രമായ രണ്ടും ചിത്രങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ലിജോമോള്‍ പ്രേക്ഷകരുടെ മുത്തായത്. മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയുടെ മകള്‍ സോണിയായി അരങ്ങേറ്റം കുറിച്ച ലിജോമോള്‍ സിനിമയിലേക്കുള്ള ആദ്യ വരവ് ഗംഭീരമാക്കി. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ വീണ്ടും ലിജോമോള്‍ സാന്നിധ്യമറിയിച്ചു. കിച്ചുവിനെ ചങ്കുപറിച്ചു സ്‌നേഹിക്കുന്ന കനിയായി ലിജോമോള്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തു. നമ്മളറിയാതെ നമ്മളെ സ്‌നേഹിക്കുന്ന കനിയെപോലൊരു പെണ്‍കുട്ടി കാണുമെന്നു നാട്ടിലെ ഫ്രീക്കന്‍മാര്‍ ട്രോളിറക്കിയാണ് ആ കഥാപാത്രത്തോടുള്ള ഇഷ്ടം പങ്കുവെച്ചത്. 

ആമിനാന്റെ ഉപ്പൂപ്പ 

ശ്രീനിവാസന്റെ സമീപകാലത്തെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജിന്റെ ഗപ്പിയിലെ ഉപ്പൂപ്പ. ചെറുമകള്‍ ആമിനക്കു വേണ്ടി ജീവിക്കുന്ന സ്‌നേഹനിധിയായ ഉപ്പൂപ്പ. റെയില്‍വേ ഗേറ്റ് കീപ്പറാണ് അദ്ദേഹം. റെയില്‍വേ ഓവര്‍ബ്രിഡ്ജിനായി കോപ്പുകൂട്ടുകയാണ് നാട്ടുകാര്‍. റെയില്‍വേ ഓവര്‍ബ്രിഡ്ജ് വന്നാല്‍ റെയില്‍വേ ഗേറ്റ് ഇല്ലാതെയാകും. വിദ്യഭ്യാസമോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്തതു കൊണ്ടു ഗേറ്റ് ഇല്ലാതെയായല്‍ അദ്ദഹത്തിനു ജോലി നഷ്ടമാകും. ജോലി നഷ്ടപ്പെട്ടാല്‍ ചെറുമകളെ കൊണ്ടു എങ്ങോട്ടു പോകും. ഇത്തരം ചോദ്യങ്ങള്‍ നിസാഹായനാക്കുന്ന വയോധികനായ കഥാപാത്രത്തെ തീവ്രതയോടെ സ്‌ക്രീനില്‍ പകര്‍ത്തുന്നു ശ്രീനിവാസന്‍. 

ലീലയിലെ തങ്കപ്പൻ നായര്‍

രഞ്ജിത് ചിത്രമായ ലീലയിലെ ജഗദീഷിന്റെ അഭിനയപ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത അഭിനയശൈലിയാണ് ജഗദീഷ് പരീക്ഷിച്ചിത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ജഗദീഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

കലിച്ചും ചിരിച്ചും പ്രണയിച്ചും ചാക്കോ മാഷ്

പോലീസ് ഉദ്യോഗസ്ഥന്‍, ജേണലിസ്റ്റ്, പട്ടാളക്കാരന്‍ തുടങ്ങി ഗൗരവമുള്ള റോളുകളില്‍ മാത്രം നമ്മള്‍ കണ്ടിട്ടുള്ള ഡോ. റോണിക്കു ഹ്യൂമറും നന്നായി വഴങ്ങുമെന്നു തെളിയിച്ചത് സംവിധായകന്‍ ഗണേശ് രാജാണ്. ആനന്ദത്തിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തിലൂടെ റോണി എല്ലാവരെയും ഞെട്ടിച്ചു. കലിപ്പനായ അധ്യാപകനായിട്ടാണ് അദ്ദേഹം ആദ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സ്റ്റഡി ടൂര്‍ തുടങ്ങുമ്പോള്‍ ലൗവി മിസിനോടുള്ള പ്രണയത്തില്‍ കുളിച്ചു നില്‍ക്കുന്ന ചാക്കോ മാഷ് പ്രേക്ഷകരെ ചിരിപ്പിച്ചു മുന്നേറുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചാക്കോ. 

നിങ്ങള്‍ നായകനോ അതോ വില്ലനോ....

Last but not the least... എന്‍ജീനിയര്‍ തേജസ് വര്‍ക്കി. ഗപ്പിയിലെ നായകന്‍ ടൈറ്റില്‍ കഥാപാത്രമായ മാസ്റ്റര്‍ ചേതനാണെന്ന് ചിന്തിക്കുന്നതാകും ഉചിതം. അങ്ങനെയെങ്കില്‍ പോയ വര്‍ഷം ക്യാരക്ടര്‍ റോളില്‍ വിസ്മയിപ്പിച്ച താരം ടൊവിനോ തോമസാണെന്നു പറയേണ്ടി വരും. മലയാളത്തിലെ മുന്‍നിര നായകന്‍മാരിലേക്കു തന്റെ ഗ്രാഫ് ഉയര്‍ത്തുകയാണ് സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാത്ത ടൊവിനോ. ഓരോ സിനിമ കഴിയുമ്പോഴും അഭിനയം മെച്ചപ്പെടുത്തുന്നു ഈ നടന്‍. തന്റെ ഇമേജിനെ ബാധിക്കുമോ എന്ന ഭയമില്ലാതെയാണ് തേജസ് വര്‍ക്കിയുടെ കഥാപാത്രം ടൊവിനോ ഏറ്റെടുക്കുന്നത്. കാരണം തേജസ് വര്‍ക്കിയുടെ കഥാപാത്രത്തിനു ഒരു നെഗറ്റീവ് ഛായയും ഉണ്ട്. നായകനാണോ പ്രതിനായകനാണോ എ്ന്നു പ്രേക്ഷകര്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്ന ഒരു മിസ്റ്റിക്ക സ്വാഭാവമുള്ള കഥാപാത്രമാണിത്. അത്ര എളുപ്പത്തില്‍ വഴങ്ങാത്ത, ചലഞ്ചിങായ കഥാപാത്രത്തെ തികവോടെ അഭിനയിച്ചു ഫലിപ്പിക്കുന്നു ടൊവിനോ. ഏറെ പ്രതീക്ഷ നല്‍കുന്നു ഈ യുവതാരം. 

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്