ആറ്റിൽ കണ്ടെത്തിയ നാഗരാജ വിഗ്രഹങ്ങൾ സിനിമാസെറ്റിലേത്

നാലു ദിവസത്തിനൊടുവിൽ ആ നാഗരാജ വിഗ്രഹങ്ങൾക്കു പിന്നിലെ ‘ഗൂഢരഹസ്യം’ ചുരുളഴിഞ്ഞു. ഷൂട്ടിങ്ങിനുവേണ്ടി നിർമിച്ച വിഗ്രഹങ്ങൾ കലാസംവിധായകൻ ഉപേക്ഷിച്ചതായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് നാച്ചിവയൽ ആറ്റിലെ കൂടവയൽ പാലത്തിനു സമീപത്തു നിന്നു നാഗവിഗ്രഹങ്ങൾ കണ്ടെത്തിയത്.

സംഭവമറിഞ്ഞു പ്രദേശവാസികൾ ഓടിയെത്തി. ഇവിടെ മുൻപു നാഗക്ഷേത്രമുണ്ടായിരിക്കാമെന്നും കാലാന്തരത്തിൽ തകർന്ന ആ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണിതെന്നും അഭ്യൂഹമുണ്ടായി. പൊലീസ് വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്കു മാറ്റി.

കൂടുതൽ പരിശോധന നടത്തിയപ്പോൾ വിഗ്രഹങ്ങൾ ചകിരിയിൽ തെർമോക്കോളും ചുണ്ണാമ്പും പൊതിഞ്ഞതാണെന്നു മനസിലാക്കിയ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി പ്രാദേശിക ചാനലുകളിൽ വാർത്ത കണ്ട് അഞ്ചുനാട് സ്വദേശികളായ യുവാക്കൾ സ്റ്റേഷനിലെത്തിയപ്പോഴാണ് വിഗ്രഹങ്ങൾക്കു പിന്നിലെ രഹസ്യം ചുരുളഴിഞ്ഞത്. സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന രുദ്രസിംഹാസനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു ഇവർ.

സർപ്പക്കാവ് സെറ്റിൽ ഷൂട്ടിങ് കഴിഞ്ഞ ശേഷം നശിപ്പിക്കുന്നതിനായി കലാസംവിധായകൻ വിഗ്രഹങ്ങൾ യുവാക്കൾക്കു നൽകി. നാട്ടിലേക്കു മടങ്ങുന്നതിനിടെ ഇവർ വിഗ്രഹങ്ങൾ ആറ്റിലുപേക്ഷിക്കുകയും ചെയ്തു. വിഗ്രഹങ്ങൾ മറയൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.