രാജിവച്ചതിന്റെ വിശദീകരണവുമായി സലിം കുമാർ

നടൻ സലിംകുമാർ അമ്മ താരസംഘടനയിൽ നിന്നു രാജിവച്ചു. താരങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തിനു പക്ഷം പിടിക്കാൻ സിനിമാതരങ്ങൾ പോകരുതെന്ന നിർദേശം അമ്മയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെ അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ മോഹൻലാൽ പത്തനാപുരത്ത് ഗണേഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. സലിംകുമാർ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

സംഘടയിൽ പരാതിപ്പെട്ടിരുന്നോ?

പ്രചാരണത്തിനു പോയിക്കഴിഞ്ഞിട്ടു പരാതിപ്പെട്ടിട്ട് എന്താണു കാര്യം. അഥവാ പരാതിപ്പെട്ട ശേഷം എന്തെങ്കിലും നടപടിയെ‍ടുക്കുമെന്ന് പ്രതീക്ഷിച്ചാലും ഭാരവാഹികളും ഇതിന്റെ ഉത്തരവാദിത്തപ്പെട്ടവരും തന്നെയല്ലേ ഉതു ചെയ്യുന്നത്. ഇതു കണ്ടു നിൽക്കാൻ വയ്യാത്തതിന്റെ പേരിൽ തന്നെയാണ് രാജി വച്ചത്.

ജഗദീഷുമായി ഈ കാര്യം സംസാരിച്ചിരുന്നോ?

അതേ, സംസാരിച്ചിരുന്നു. എന്തായാലും നമുക്ക് ഇതിൽ ഒരു വിഷമം ഉണ്ടാകുമല്ലോ. അവിടെ നിൽക്കുന്ന മൂന്ന് സ്ഥാനാർഥികളും, ഭീമൻ രഘു ആയാലും ജഗദീഷ് ആയാലും, ഗണേഷ് ആയാലും അമ്മയുടെ അംഗങ്ങൾ തന്നെയാണ്.

അമ്മ തന്നെ ഇങ്ങനെ ഒരു നിലപാടെടുത്തിട്ട് ഭാരവാഹി തന്നെ അതു ലംഘിക്കുന്നു എന്നതാണോ?

അതേ. അതു തന്നെയാണ്. ഇത് ആരോടുള്ള പക തീർക്കലും പകപോക്കലുമൊന്നുമല്ല. സംഘടനയ്ക്കുള്ളിൽ പറയുന്ന കാര്യങ്ങൾക്ക് ഒരു വിലയുമില്ല എന്ന രീതിയിലേക്ക് ആയിപ്പോകുകയും ചെയ്യും.

ഇതുമായി ബന്ധപ്പെട്ട് അമ്മയുടെ ഭാരവാഹികൾ ബന്ധപ്പെട്ടിരുന്നോ?

ഇല്ല. ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല.