തിരക്കഥാകൃത്ത് മണി ഷൊർണൂർ അന്തരിച്ചു

രാഗങ്ങളും പ്രണയവും സമന്വയിച്ച ഭരതൻ ചിത്രം ദേവരാഗത്തിന് കഥയെഴുതിയ മണി ഷൊർണൂർ (71) അന്തരിച്ചു. ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിൽ മണി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും തീയറ്ററുകളില്‍ വൻവിജയം നേടിയവയായിരുന്നു. നര്‍മത്തിൽ കലർന്ന കഥകളും തിരക്കഥകളുമായിരുന്നു അധികവും. ജയറാം ചിത്രങ്ങൾക്കായിരുന്നു കൂടുതലും മണി തിരക്കഥ രചിച്ചത്. മലയാളി ഏറെ ചിരിച്ച ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കഥാനായകൻ, എന്നീ രാജസേനനൻ ചിത്രങ്ങളുടെ സംഭാഷണവും ഈ ഷൊർണൂർകാരന്റേതായിരുന്നു.

ഗൃഹപ്രവേശം, ഒരു മുത്ത മണിമുത്തം, ആഭരണച്ചാർത്ത്, ഗ്രീറ്റിങ്സ്, മയിലാട്ടം, സർക്കാർ ദാദ, ഗൃഹനാഥൻ എന്നിവയാണ് മണി തിരക്കഥയെഴുതിയ മറ്റ് ചിത്രങ്ങൾ. സാജൻ സംവിധാനം ചെയ്ത ആമിന ടെയ്‍ലേഴ്സിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ഹാസ്യത്തിനപ്പുറത്തേക്കും മണി തൂലിക ചലിപ്പിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത ആക്ഷൻ സിനിമ രാജധാനിക്ക് വേണ്ടി തിരക്കഥയെഴുതിയതും അദ്ദേഹമായിരുന്നു.