സത്യനും ഞാനും ലാലും ഈ വർഷം വീണ്ടും ഒന്നിക്കും

സത്യൻ അന്തിക്കാട് – മോഹൻലാൽ – ശ്രീനിവാസൻ സിനിമ ഈ വർഷം സാധ്യമാകുമെന്നു ശ്രീനിവാസൻ. സംസ്ഥാന സ്കൂൾ കലോത്സവം സാംസ്കാരികോത്സവത്തിന്റെ സമാപനത്തിൽ കുട്ടികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ മുൻപു മനോരമയിൽ എഴുതിയ കുറിപ്പുകൾ തന്നെയാണ് ഇന്നും തന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളാൽ സംരക്ഷിക്കപ്പെടുന്നു എന്ന ബോധ്യം വരുത്തി കൂടെ നിർത്തുന്നത് അക്രമികൾക്കു ധൈര്യം പകരുന്നു. വേദനാജനകമാണ് മനുഷ്യരെ പച്ചയ്ക്കു വെട്ടിക്കൊല്ലുന്ന മനഃസ്ഥിതി. ഇത്തരം സ്വഭാവരീതികൾ തെറ്റായ വിദ്യാഭ്യാസരീതിയുടെ പരിണതഫലം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കൾ ഉൽപന്നത്തിന്റെ ഗുണമേൻമയെക്കുറിച്ച് പൂർണ ബോധ്യം വരുത്തണം. സമൂഹത്തിനെതിരാവുന്ന നിലയിൽ ആരും അഭിനയിക്കരുത്. നടിമാരെ ഒരു പ്രായം കഴിഞ്ഞാൽ നായികമാരായി സ്വീകരിക്കാതിരിക്കുന്നതു പ്രേക്ഷകർ കൂടിയാണ് – ശ്രീനിവാസൻ പറഞ്ഞു.

എന്താണ് നടനാകാന്‍ വേണ്ട യോഗ്യത? - ഒരു കുട്ടി ചോദ്യവുമായി എഴുന്നേറ്റു. ''എന്നെ കണ്ടപ്പോള്‍ മനസ്സിലായില്ലേ, യോഗ്യതയൊന്നും വേണ്ടെന്ന്'' ''നടനുവേണ്ടത് അഭിനയംതന്നെ. ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും എങ്ങനെ പെരുമാറുന്നുവെന്നത് ക്യാമറയ്ക്കുമുന്നില്‍ പ്രകടിപ്പിക്കലാണ് അഭിനയം. ഒരു സിനിമയില്‍ ഏതൊക്കെ ഷോട്ടുകള്‍വേണമെന്ന് നിശ്ചയിക്കലാണ് സംവിധായകന്റെ ജോലി, അല്ലാതെ നടന്മാരെ അഭിനയിപ്പിക്കലൊന്നുമല്ല''.

പുതിയ നടന്മാര്‍വന്ന് ജനമനസ്സില്‍ സ്ഥാനംനേടുമ്പോഴാണ് താരങ്ങളാകുന്നത്. താരമായാല്‍ അയാള്‍ക്കുവേണ്ടി സിനിമാക്കഥയുണ്ടാകും. പുതിയതാരങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇത് ആസൂത്രണംചെയ്യുന്നതല്ല, ഉണ്ടായിവരുന്നതാണ്. തിയറ്ററില്‍ ആളുകൂടിയാല്‍ ആ സിനിമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുന്ന സംവിധായകനെ തനിക്കറിയാം. കൂടുതല്‍ ആളുകളുടെ മനസ്സുകാണാന്‍ കഴിയുന്നവര്‍ക്കാണ് കൂടുതല്‍പേര്‍ കാണുന്ന സിനിമയെടുക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.

ചക്ക മലയാളിയുടെ ഇഷ്ടഭക്ഷണമാക്കി മനുഷ്യന്റെ അനിവാര്യമായ നിലനിൽപിനുവേണ്ടി ജൈവകൃഷി ശീലമാക്കണമെന്നും കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ഈ വർഷം തന്നെ സത്യൻ അന്തിക്കാട് – മോഹൻലാൽ – ശ്രീനിവാസൻ സിനിമ സാധ്യമാകുമെന്നു പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടി. സമാപന സമ്മേളനം എ.എൻ.ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. മേയർ ഇ.പി.ലത, ഡപ്യൂട്ടി മേയർ പി.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.