ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാല

കാഞ്ചനയുടെയും മൊയ്തീന്‍റെയും തീവ്രപ്രണയകഥ പ്രേക്ഷകര്‍ ആദ്യം കാമറയില്‍ കാണുന്നത് ജലം കൊണ്ടു മുറിവേറ്റവള്‍ എന്ന ഡോക്യുമെന്‍ററിയിലൂടെയാണ്. എന്നു നിന്‍റെ മൊയ്തീന്‍ സിനിമ ഒരുക്കിയ ആര്‍.എസ് വിമല്‍ തന്നെയാണ് ഈ ഡോക്യുമെന്‍ററിയ്ക്ക് പിന്നിലും.

ഇന്നു തിയറ്ററുകളില്‍ കണ്ണീരിന്റെ പെരുമഴ പെയ്യിക്കാന്‍ കഴിയുന്നതുപോലെ ഈ ഡോക്യുമെന്ററിയും പ്രേക്ഷകനെ കരയിക്കും. ഡോക്യുമെന്ററിയിൽ കാഞ്ചനമാല പറഞ്ഞ അവരുടെ സ്കൂൾ കാലവും അവരുടെ ഇപ്പോഴത്തെ ജീവിതവും ഒഴികെയുള്ള ഭാഗങ്ങൾ സിനിമയിൽ ഉണ്ട്.

ആരെയും കൊതിപ്പിക്കുന്ന പ്രണയകഥയാണ് കാഞ്ചനമാലയുടേയും മൊയ്തീന്റേയും. 1960കളിൽ മുക്കത്ത് സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും രാഷ്ട്രീയസാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയകഥ സമാനതകളില്ലാത്തതാണ്. അക്കാലത്ത് മതത്തെ അവഗണിച്ച് ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച കാഞ്ചനയുടേയും മൊയ്തീന്റേയും വിധി മറ്റൊന്നായിരുന്നു.