എന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൃഥ്വിരാജിനെതിരെയല്ല: വി.ടി ബല്‍റാം

പൃഥ്വിരാജ് ചിത്രം എന്നു നിന്‍റെ മൊയ്തീനെതിരെ എംഎല്‍എ വി.ടി ബല്‍റാം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെക്കുറിച്ച് താനഭിപ്രായം പറയുന്നില്ലെന്നും എന്നാല്‍ സിനിമയില്‍ പരാമര്‍ശിക്കുന്ന രാഷ്ട്രീയകാര്യങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തിനും തെറ്റുപറ്റിയെന്നും ബല്‍റാം ചൂണ്ടികാണിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ വി.ടി ബല്‍റാമിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിടി ബല്‍റാം.

തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൃഥ്വിരാജിനെതിരെ ആയിരുന്നില്ലെന്നും ഒരു സംഭവകഥയെ സിനിമയാക്കിയപ്പോള്‍ സംവിധായകന് സംഭവിച്ച നോട്ടപിശകുകകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വി.ടി ബല്‍റാം വിശദീകരിക്കുന്നു.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം- സൈബർ ലോകത്തെ പുതിയ കൂട്ടുമുന്നണി അത്യാവേശത്തോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഫോട്ടോ കമന്റ്‌ ഞാൻ തന്നെ ഷെയർ ചെയ്യാമെന്ന് വിചാരിക്കുന്നു. "വി.ടി.ബൽറാമിനെതിരെ" എന്ന് എന്തെങ്കിലും എവിടെയെങ്കിലും കണ്ടാൽ ഉടൻ മുൻ പിൻ നോക്കാതെ അതെടുത്ത്‌ ആഘോഷിക്കുക എന്നതാണല്ലോ ഈയിടെയായിട്ട്‌ അവരുടെ ഒരിത്‌. ഒരു വാർത്താ പോർട്ടലിൽ വന്ന ഒരു വാർത്തയാണു ഇപ്പോൾ പൊങ്കാലക്കമ്മിറ്റിക്കാരെ ആവേശം കൊള്ളിച്ചിരിക്കുന്നത്‌.

ഒരു വാർത്താ ചാനലിൽ തന്റെ സിനിമയേക്കുറിച്ചുള്ള ചർച്ചക്കിടെ ശ്രീ. പൃഥ്വിരാജ്‌ പറഞ്ഞ അഭിപ്രായങ്ങൾ എങ്ങനെയാണു വാര്‍ത്ത പോര്‍ട്ടല്‍ വ്യാഖ്യാനിച്ചെടുക്കുന്നതുപോലെ എനിക്കുള്ള "തക്ക മറുപടി" ആവുന്നതെന്ന് എന്റെ ഫേസ്ബുക്ക്‌ പോസ്റ്റും ഒരു മണിക്കൂർ ദീർഗ്ഘമുള്ള ആ ചാനൽ ചർച്ചയും കാണുന്നവർക്ക്‌ എത്ര ആലോചിച്ചാലും മനസ്സിലാവില്ല. സിനിമയേക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടെന്നോ അവക്ക്‌ മറുപടി നൽകണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നതായോ ഒരു സൂചനയുമില്ല. എന്നിട്ടും ഒരു ബന്ധവുമില്ലാത്ത തലക്കെട്ട്‌ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്താലേഖകനും കേട്ടപാതി കേൾക്കാത്ത പാതി ഒന്ന് വായിച്ചുനോക്കാൻ പോലും മെനക്കെടാതെ അതെടുത്ത്‌ ആഘോഷിക്കുന്നവരും സത്യത്തിൽ സഹതാപമാണർഹിക്കുന്നത്‌.

ഈ സിനിമ കണ്ട ഒരു പ്രേക്ഷകനെന്ന നിലയിൽ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൃഥ്വിരാജിനോ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെയല്ല, മറിച്ച്‌ ഒരു യഥാർത്ഥ സംഭവകഥ എന്ന വ്യക്തമായ അവകാശവാദത്തോടെ കടന്നുവന്ന ഒരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും പറ്റിയ ചില നോട്ടപ്പിശകുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളത്‌ മാത്രമായിരുന്നു എന്ന് ബൽറാം വിരുദ്ധ രാഷ്ട്രീയ തിമിരം ബാധിക്കാത്ത എന്നതൊരാൾക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. പ്രത്യേകിച്ചും രാഷ്ട്രീയ കാലഗണനയുമൊക്കെയായി ബന്ധപ്പെട്ടത്‌. അതിനൊന്നും ഇപ്പോഴും വ്യക്തമായ ഒരു മറുപടിയും കിട്ടിയിട്ടില്ല. പൃഥ്വിരാജ്‌ പറയുന്നത്‌ പോലെ ഈ സിനിമ മൊയ്തീന്റെ പ്രണയത്തിനു തന്നെയാണു മുൻഗണന നൽകിയിരിക്കുന്നത്‌. അതിലാർക്കും സംശയമോ എതിർപ്പോ ഇല്ല. അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യമാണുതാനും. ഒരു സിനിമയാകുമ്പോൾ സമയദൈർഗ്ഘ്യം ഒരു പ്രധാന പ്രശ്നം തന്നെയാണ്. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞത്‌ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലെ മൊയ്തീന്റെ കാരക്റ്ററൈസേഷനു കൂടുതൽ സമയം നീക്കിവെക്കണമെന്നല്ല, നീക്കിവെച്ച സമയത്ത്‌ കുറച്ചുകൂടി കൃത്യമായും വസ്തുനിഷ്ഠമായും മൊയ്തീനോട്‌ നീതിപുലർത്തിക്കൊണ്ടും അത്‌ ചെയ്യണമെന്ന് മാത്രമായിരുന്നു.

നായികയെ കേൾപ്പിക്കാൻ വേണ്ടി മാത്രമായി നായകന്മാർ പാട്ടുപാടുകയും നൃത്തം ചെയ്യുന്നതുമൊക്കെ കച്ചവട സിനിമകളുടെ സ്ഥിരം ചേരുവകളാണ്. അതേമട്ടിൽ മൊയ്തീൻ ഇലക്ഷനു നിന്നതും നാടകമവതരിപ്പിച്ചതുമൊക്കെ കാഞ്ചനയെ കേൾപ്പിക്കാനും വീട്ടുകാരെ അവഹേളിക്കാനുമൊക്കെ മാത്രമാണെന്ന് വരുത്തുന്നത്‌ അദ്ദേഹം നടത്തിയ നിസ്വാർത്ഥമായ പല സാമൂഹിക ഇടപെടലുകളേയും വില കുറച്ചു കാണിക്കുന്നതാണ്. മൊയ്തീനും കാഞ്ചനയും തമ്മിലുള്ള കത്തുകൾ പോലും സാധാരണ പ്രണയിനികളുടെ മട്ടിൽ പൈങ്കിളി സ്വഭാവമുള്ളതായിരുന്നില്ല, മറിച്ച്‌ ദേശീയ, അന്തർദ്ദേശീയ തലത്തിലുള്ള ആനുകാലിക വിഷയങ്ങളെ വരെ ഉൾക്കൊള്ളുന്ന തരത്തിൽ ശക്തമായ പൊളിറ്റിക്കൽ കണ്ടന്റ്‌ ഉള്ളവയായിരുന്നു എന്ന് കേട്ടിട്ടുണ്ട്‌.

മൊയ്തീൻ കമ്മ്യൂണിസ്റ്റുകാരനായിരുന്നു, എല്ലാ നല്ലവരും ബൈ ഡിഫോൾട്ട്‌ കമ്മ്യൂണിസ്റ്റുകാരായിരിക്കും എന്നൊക്കെയുള്ള ധാരണപ്പുറത്ത്‌ ചില നിഷ്ക്കളങ്ക സൈബർ സഖാക്കൾ മൊയ്തീന്റെ പേരിൽ ഇറക്കിയ ഫോട്ടോ കമന്റുകളും ഇതേപോലെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ മെനക്കെടുക എന്നത്‌ അവരുടെ ശീലമല്ലാത്തതുകൊണ്ടും തെറിവിളിയും പൊങ്കാലയിടലുമാണു അതിനേക്കാൾ എളുപ്പമായി അവർ കരുതുന്നതെന്നതിനാലും അവരോട്‌ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല. എന്നാൽ യഥാർത്ഥ ജീവിതത്തിലെ ബി.പി. മൊയ്തീൻ ഒരുകാലത്തും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്‌. മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം പ്രജാ സോഷ്യലിസ്റ്റ്‌ പാർട്ടിക്കാരനായിരുന്നു. പിന്നീട്‌ അതിന്റെയും അപചയത്തിൽ മനസ്സുമടുത്ത്‌ പിന്മാറി സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മൊയ്തീൻ പഞ്ചായത്തിലേക്ക്‌ മത്സരിച്ച്‌ ജയിച്ചത്‌. എന്നാൽ സിനിമയിലെ മൊയ്തീന്റെ പ്രചരണവാഹനത്തിൽ നിരത്തിക്കെട്ടിയിരിക്കുന്നത്‌ അരിവാൾ ചുറ്റിക വരച്ച ചുവപ്പുകൊടി ആണ്. ചരിത്ര സിനിമകൾ എന്നമട്ടിൽ കടന്നുവരുന്ന പല സിനിമകളും മുൻപും ഇങ്ങനെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ഇല്ലാത്ത ക്രഡിറ്റ്‌ നൽകിയതിന്റെ പേരിൽ വിമർശ്ശിക്കപ്പെട്ടിട്ടുണ്ട്‌. വർഷങ്ങൾക്ക്‌ മുൻപിറങ്ങിയ 'രക്തസാക്ഷികൾ സിന്ദാബാദ്‌' എന്ന ചിത്രത്തിൽ സർ സി.പി.രാമസ്വാമി അയ്യരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്‌ നായകനായ മോഹൻലാൽ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റ്‌ കഥാപാത്രമായിരുന്നു. എന്നാൽ യഥാർത്ഥ ചരിത്രത്തിൽ സർ സി.പി.യെ വെട്ടിയത്‌ കെ.സി.എസ്‌. മണി എന്ന ആർ.എസ്‌.പി. നേതാവാണ്.

പോലീസുകാരനാണെങ്കിൽ പേരു കുട്ടൻ പിള്ള, ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലിക്കാരനാണെങ്കിൽ അലക്സ്‌, വീട്ടുവേലക്കാരിയാണെങ്കിൽ ജാനു എന്നതൊക്കെ പഴയകാലം തൊട്ട്‌ മലയാള സിനിമയിലുള്ള ക്ലീഷേകളാണെന്ന് ഹാസ്യാത്മകമായി നിരീക്ഷിക്കുന്നവരുണ്ട്‌. അതേമട്ടിൽ സിനിമയിലെ ഒരു പതിവ്‌ രീതിയാണു നല്ല വ്യക്തികളുടെയും സംഭവങ്ങളുടെയും കാര്യം വരുമ്പോൾ അത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ പതിച്ച്‌ കൊടുക്കുക, അഴിമതിയും ഉഡായിപ്പും ഒക്കെ ഖദറിട്ട കോൺഗ്രസ്സുകാരുടെയും മറ്റും സ്ഥിരം സ്വഭാവമാണെന്ന് വരുത്തിത്തീർക്കുക എന്നത്‌. കമ്മ്യൂണിസ്റ്റുകാരെല്ലാം നന്മ മാത്രം കൈമുതലാക്കിയ എല്ലാം തികഞ്ഞ മാതൃകാ പൊതുപ്രവർത്തകരാണെന്നും ബാക്കിയെല്ലാവരും മോശക്കാരാണെന്നുമുള്ള പൊതുബോധങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ ഇത്തരം സിനിമകൾ വഹിച്ച പങ്ക്‌ കാണാതെ പോകാനാവില്ല. അത് തുറന്നു കാട്ടപ്പെടുമ്പോൾ മറുപടികൾ പൊങ്കാല രൂപത്തിലാവുന്നത് സ്വാഭാവികം മാത്രം എന്നേ ഞാനും കരുതുന്നുള്ളൂ. വിട.ി ബല്‍റാം പറഞ്ഞു.