കുപ്രസിദ്ധ പയ്യന്റെ വിജയ നിമിഷം; റിവ്യു

ആദ്യകാഴ്ചയിൽ നിഗൂഢരെന്നു തോന്നുന്ന, ഒറ്റപ്പെട്ടു നടക്കുന്ന പയ്യന്മാർ എല്ലാ നാട്ടിലുമുണ്ടാകും. ആളുകളുടെ നേരേ നോക്കാൻ ഇത്തരക്കാർക്കു ഭയമാണ്. ഹോട്ടൽ ജോലിക്കാരനായ അജയനും അതേ സ്വഭാവമാണ്. ആളുകളുടെ മുഖത്തു നോക്കാൻ മടിയും ഭയവുമുള്ള സ്വഭാവം. കള്ളലക്ഷണമെന്ന് ആദ്യകാഴ്‌ചയിൽത്തന്നെ പറയിപ്പിക്കുന്ന നോട്ടവും ഭാവങ്ങളും. അതേസമയം, അയാൾ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്നു പറയാനുമാകില്ല. എന്നാൽ അടുത്തറിയുന്നവർക്ക് അജയൻ വെറും പാവമാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തവനായതുകൊണ്ടാണ് ഈ ഭയമെന്ന് അജയൻ തന്നെ തന്റെ സ്വഭാവത്തെപ്പറ്റി പറയുന്നുണ്ട്.

അമ്മയെപ്പോലെ സ്നേഹിച്ച ചെമ്പമ്മാളിന്റെ മരണത്തോടെയാണ് അജയന്റെ ജീവിതം തന്നെ മാറുന്നത്. അവനൊപ്പം നിന്നവരെയെല്ലാം ആ സംഭവം അവന് എതിരാക്കി മാറ്റുന്നു. അജയന്റെ കുപ്രസിദ്ധിയുടെ കഥ അവിടെനിന്നാണ് ആരംഭിക്കുന്നത്.

ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതു തന്നെയാണ് ഈ സിനിമയിലൂടെ സംവിധായകൻ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത്. പൊലീസും ഭരണകൂടവും ഒരു നിരപരാധിയുടെ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചാൽ നിയമം അവനു രക്ഷയാകുമെന്ന, വർത്തമാനകാലത്ത് ഏറെ പ്രസക്തമായൊരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. നിയമത്തിന്റെ സങ്കീർണതയ്ക്കുള്ളിൽ പെട്ടുപോകുന്ന മനുഷ്യന്റെ നിസഹായതയും ചിത്രം തുറന്നു കാട്ടുന്നു. നിരപരാധിയായൊരു മനുഷ്യന് പൊലീസ് വിചാരിച്ചാൽ അനുഭവിക്കേണ്ടിവരുന്ന നരകയാതനകളും ചിത്രം വരച്ചിടുന്നുണ്ട്.

അവാർഡുകൾ ഏറെ വാരിക്കൂട്ടിയ തലപ്പാവിനും ഒഴിമുറിക്കും ശേഷം ഒരു കുപ്രസിദ്ധ പയ്യനിലൂടെ മധുപാൽ ജനകീയനാകുകയാണ്. കച്ചവടച്ചേരുവയും കലാമൂല്യവും സമകാല പ്രസക്തിയും സമം ചേർത്തൊരു ഫീൽ ഗുഡ് ചിത്രമാണ് കുപ്രസിദ്ധ പയ്യൻ. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നു സംശയമില്ല. ആദ്യ പകുതി ടൊവിനോയ്ക്കും രണ്ടാം പകുതി നിമിഷയ്ക്കും അവകാശപ്പെട്ടതാണെങ്കിൽ സിനിമയുടെ പൂർണ അവകാശി മധുപാലാണ്. എഴുത്തുകാരനായ ജീവൻ ജോബ് തോമസിന്റെ തിരക്കഥ ചിത്രത്തെ കൂടുതൽ മാറ്റുള്ളതാക്കുന്നുണ്ട്.

അജയൻ എന്ന കഥാപാത്രം ടൊവിനോയുടെ കയ്യിൽ ഭദ്രമായിരുന്നു. അജയന്റെ നടപ്പും ദേഷ്യവും നോട്ടവും സങ്കടവുമെല്ലാം ടൊവിനോ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ടൊവിനോയെ അജയനാക്കി മാറ്റിയതുപോലെ, മറ്റുള്ള കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങിലും മധുപാൽ പ്രത്യേകം ശ്രദ്ധ വെച്ചിട്ടുണ്ട്. ചെമ്പമ്മാളായി എത്തുന്ന ശരണ്യ പൊൻവണ്ണനും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനു സിത്താര, ബാലു, സുജിത്ത് ശങ്കർ, സിദ്ദീഖ്, ദിലീഷ് പോത്തൻ, അലൻസിയർ, നെടുമുടി വേണു, ശരണ്യ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ശരണ്യ, ചെമ്പമ്മാളായി കാഴ്ചവെച്ചത് സ്വാഭാവിക പ്രകടനമാണ്. നിമിഷ സജയന്റെ പ്രകടനം എടുത്തു പറയണം. നിമിഷയുടെ കരിയറിലെ മികച്ച വേഷമാണ് അ‍ഡ്വക്കേറ്റ് ഹന്ന. തുടക്കക്കാരിയായൊരു വക്കീലിന്റെ പതർച്ചയും ആശങ്കയുമെല്ലാം അവതരിപ്പിക്കുന്നതിൽ നിമിഷ നൂറു ശതമാനവും വിജയിച്ചു എന്നു വേണം പറയാൻ.

മികച്ചൊരു സംവിധായകന്റെ കയ്യൊപ്പ് ചിത്രത്തിലുടനീളം കാണാം. കോടതി രംഗങ്ങളും ജയിൽ രംഗങ്ങളും ചോദ്യം ചെയ്യൽ രംഗങ്ങളുമെല്ലാം മധുപാൽ മികച്ചതാക്കി. ആദ്യ ചിത്രമാണെങ്കിലും ജീവൻ ജോബ് തോമസ് തിരക്കഥയിലെ കയ്യടക്കത്തിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. നൗഷാദ് ഷെരീഫ് എന്ന ഛായാഗ്രാഹകന്റെ കഴിവ് ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്. വൈക്കത്തിന്റെ ഭംഗി അദ്ദേഹം മനോഹരമായി ക്യാമറയിൽ പകർത്തി.

ഔസേപ്പച്ചൻ സംഗീതം നിർവഹിച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചുനില്‍ക്കുന്നു. ക്രൈം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ വൈകാരികതയും ത്രില്ലും നഷ്ടപ്പെടാത്ത രീതിയിൽ സാജൻ എഡിറ്റിങ് നിർവഹിച്ചിട്ടുണ്ട്. ആഖ്യാന ശൈലിയിലും കഥപറച്ചിലിലും വേറിട്ടു നിൽക്കുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യൻ.

കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് ഒരു കുപ്രസിദ്ധ പയ്യന്റെ നട്ടെല്ല്. അഭിനേതാക്കളുടെ മികച്ച പെർഫോമൻസ് കൂടിയാകുമ്പോൾ ചിത്രം മികച്ചതാകുന്നു. മധുപാൽ എന്ന സംവിധായകനിൽനിന്നും ജീവ് ജോബ് തോമസ് എന്ന തിരക്കഥാകൃത്തിൽനിന്നും കൂടുതൽ മികവുറ്റ ചിത്രങ്ങൾ മലയാള സിനിമയ്ക്കു ലഭിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.