അനുഷ്ക ഷെട്ടിയുടെ കാരവൻ പൊലീസ് പിടിച്ചെടുത്തു

 ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം അനുഷ്ക അഭിനയിക്കുന്ന അടുത്ത ചിത്രമാണ് ഭാഗ്മതി. സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. പൊള്ളാച്ചിയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ സിനിമയിൽ അനുഷ്ക ഉപയോഗിക്കുന്ന കാരവൻ പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. 

അനുഷ്കയെ കൊണ്ടുവരുന്നതിനായി ഹോട്ടലിലേക്ക് പോകുന്ന വഴിയാണ് കാരവാൻ പൊലീസ് തടഞ്ഞത്. വാഹനത്തിന്റെ വിവരങ്ങള്‍ ചോദിച്ചപ്പോൾ ഡ്രൈവറുടെ കയ്യിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. മതിയായ രേഖകളില്ലാത്തതിനാൽ കാരവൻ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പ്രൊഡക്ഷന്‍ ടീം പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

കാരവാൻ ഇല്ലാത്തതിനാൽ മറ്റൊരു കാറിലാണ് അനുഷ്ക ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ജയറാം, ആശ ശരത് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.