ഹൃതിക് നിങ്ങൾ വേട്ടക്കാരനായ അമ്മാവൻ; കങ്കണയുടെ സഹോദരി

ഹൃതിക് റോഷനും കങ്കണ റാവത്തും തമ്മിലുള്ള പ്രണയവും തകര്‍ച്ചയും അതിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുമാണ് ഇപ്പോള്‍ ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന വിവാദം. ഈ പോര് നാൾക്ക് നാൾ ചെല്ലുന്തോറും വികൃതമായി വരുകയാണ്. ഹൃത്വിക്ക് റോഷനുവേണ്ടി മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്മലാനി നല്‍കിയ പരാതിയുടെ കോപ്പികള്‍ പുറത്തുവന്നതാണ് ഏറ്റവും പുതിയ സംഭവം.

ഇരുവരുടെയും ബന്ധത്തിലെ അറിയാത്ത കാര്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന 29 പേജുള്ള പരാതിയുടെ പകര്‍പ്പ് ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. ഇതില്‍ കങ്കണ ഹൃത്വിക്കിനെ നിത്യകാമുകന്‍ എന്നായിരുന്നു വിശേഷിപ്പിച്ചതെന്നും ഹൃത്വിക്കിനുവേണ്ടി യുഗങ്ങള്‍ സഞ്ചരിച്ചുവെന്നും പറയുന്നുണ്ട്. 

കങ്കണ ഹൃത്വിക്കിനെ ശാരീരക ബന്ധത്തിന് പ്രേരിപ്പിക്കുക വരെ ചെയ്തുവെന്നും ആരോപണമുണ്ട്. നിരന്തരം ഇമെയ്ൽ അയച്ച് ശല്യപ്പെടുത്തുകയും കങ്കണയുടെ സഹോദരി രംഗോലി ഹൃതിക്കിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു.

എന്നാൽ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്ത്. ഹൃത്വിക്കിനെ വേട്ടക്കാരനായ അമ്മാവന്‍ എന്നാണ് രംഗോലി ഇതില്‍ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്. നിങ്ങള്‍ക്ക് ഇനി മുഖം രക്ഷിക്കാന്‍ ഇതുപോലെ പഴയ വേട്ടയാടല്‍ നടത്തുകയും ലൈംഗികമായി അപമാനിക്കുകയും അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിക്കുകയും ഒക്കെ ചെയ്യുകയേ നിര്‍വാഹമുള്ളൂ–രംഗോലി ട്വീറ്റിൽ പറയുന്നു.

നിങ്ങള്‍ സിനിമാരംഗത്ത് വരുമ്പോള്‍ കങ്കണ സ്‌കൂളിലായിരുന്നു. സിനിമയിലല്ലായിരുന്നെങ്കില്‍ അവള്‍ നിങ്ങളെ അമ്മാവാ എന്നായിരുന്നു വിളിക്കുക. കങ്കണയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയും ധനികയുമായ ഒരു പെണ്‍കുട്ടിക്ക് നിങ്ങളെപ്പോലുള്ള ഒരു അമ്മാവന്റെ പിറകെ നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ അവളുടെ പിറകെയാണ് നടന്നത്. അല്ലാതെ അവള്‍ നിങ്ങളുടെ പിറകെ വരികയായിരുന്നില്ല. 

കൂടുതലായൊന്നും അവൾക്കെതിരെ പറയാൻ ഇല്ലാത്തതിനാൽ നിങ്ങള്‍ പിറകെ നടന്ന് അപമാനിക്കുകയാണ്. ഇക്കാര്യത്തില്‍ ആരാണ് അപരാധിയെന്ന് എല്ലാവര്‍ക്കും അറിയാം. അവള്‍ ഇതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞു. നിങ്ങള്‍ക്ക് ദയവു ചെയ്ത് അവളെ മറന്ന് നിങ്ങളുടെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തില്‍ ശ്രദ്ധിക്കൂ-രംഗോലി പറഞ്ഞു...