നിന്നോട് എനിക്ക് പുച്ഛം; പൊട്ടിത്തെറിച്ച് ഹന്‍സിക

തെന്നിന്ത്യന്‍ നടിമാരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പൊങ്കാല ഏറ്റുവാങ്ങുകയാണണ് ഹിന്ദി സീരിയല്‍ താരവും ബിഗ് ബോസ് സീസണ്‍ പതിനൊന്നിലെ മത്സരാര്‍ത്ഥിയുമായ ഹീന ഖാന്‍. തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയും ഖുശ്ബുവുമാണ് ഹീനയെ രൂക്ഷമായി വിമര്‍ശിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.

ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്പ വസ്ത്രധാരണവും ഗ്ലാമറസും ആയാല്‍ മാത്രമേ സാധിക്കൂ എന്ന് ബിഗ് ബോസ്സിന്റെ ഒരു എപ്പിസോഡില്‍ ഹീന പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഇത്തരത്തില്‍ തരംതാഴ്ത്താന്‍ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹന്‍സിക ചോദിക്കുന്നു.

‘മിക്ക ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും സൗത്ത് ഇന്ത്യന്‍ സിനിമകളിലാണെന്ന് അവര്‍ക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പുച്ഛം മാത്രം.’ ഒരു തെന്നിന്ത്യന്‍ സിനിമാതാരമാണ് താനെന്ന് പറയാന്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളൂവെന്നും ഹീനാ ഖാന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഹന്‍സിക ട്വിറ്ററില്‍ കുറിച്ചു.

വണ്ണമുള്ള നായികമാരെയാണ് സൗത്ത് സിനിമയിലെ നിർമാതാക്കൾക്കും സംവിധായകർക്കും താല്‍പര്യമെന്നും അവരുടെ ശരീരവടിവുകൾ പകർത്തുകയാണ് ലക്ഷ്യമെന്നും ഹീന പറഞ്ഞിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പല തമിഴ്, തെലുങ്ക് സിനിമകളിൽ നിന്ന് താൻ പിന്മാറിയിരുന്നതായും ഹീന പറഞ്ഞു.