തന്നെക്കാൾ 10 വയസ്സിനു ചെറുപ്പം; അവസാനം ഭർത്താവിനെ പരിചയപ്പെടുത്തി ഊർമിള

ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്ന ഊര്‍മിള മതോണ്ട്കർ തന്റെ നാൽപത്തിരണ്ടാം വയസ്സിലാണ് വിവാഹിതയാകുന്നത്. തന്നെക്കാൾ 10 വയസ് പ്രായം കുറവുളള കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മൊഹ്‌സിൻ അക്തർ മിർ ആയിരുന്നു വരൻ. അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞു രണ്ടുവർഷം പിന്നിട്ടിട്ടും പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ ഇരുവരും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

രണ്ടുപേരുടെയും പ്രായവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ പ്രേക്ഷകർക്കിടയിൽ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാധുരി എന്ന മറാഠി സിനിമയുടെ ട്രെയിലർ ലോ‍ഞ്ചിൽ ഊർമിള തന്നെ തന്റെ ഭർത്താവിനെ വേദിയിലേയ്ക്കു ക്ഷണിച്ച് പരിചയപ്പെടുത്തുകയുണ്ടായി. മൊഹ്‍സിൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് മാധുരി. സൊണാലി കുൽക്കർണിയാണ് സിനിമയിൽ നായികയായി എത്തുന്നത്. 

വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കാനായിരുന്നു ഊർമിളയുടെ തീരുമാനം. രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായികായിരുന്നു ഊര്‍മിള. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ താരം തിളങ്ങി. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നായിക മലയാളത്തില്‍ ‘തച്ചോളി വര്‍ഗീസ് ചേകവറി’ല്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ഈ വർഷം റിലീസ് ചെയ്ത ബ്ലാക്ക്മെയ്‌ൽ എന്ന സിനിമയിൽ ഐറ്റം ഡാൻസിൽ ഊർമിള പ്രത്യക്ഷപ്പെട്ടിരുന്നു.