അജിത് എങ്ങനെ ‘തല’ ആയി ?

‘തല’ യെ കാണണമെങ്കിൽ സ്ക്രീനിൽ നോക്കണം. പൊതുവേദികളിൽ അത്യപൂർവം. പരസ്യചിത്രങ്ങളിൽ കാണില്ല. ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ ഇല്ല. സ്വന്തം സിനിമയുടെ പ്രചാരണത്തിനു പോലും വരാറില്ല. അഭിമുഖങ്ങളും ചാനൽ പരിപാടികളും വിരളം. ഫാൻ ക്ലബ്ബുകൾ പണ്ടേ പിരിച്ചുവിട്ടു. എന്നിട്ടും ‘തലാാാ...’ എന്ന് ആർത്തുവിളിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. 

പ്രമേയത്തിലെ അതിശയോക്തിയോ ക്ലൈമാക്സിലെ അവിശ്വസനീയതയോ ട്വിസ്റ്റുകളോ ഒന്നും വിഷയമല്ല, ‘തല’ മാത്രമാണു മുഖ്യമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അജിത്തിന്റെ ഓരോ പുതിയ ചിത്രത്തിന്റെയും റിലീസ് ആരാധകർക്കു ‘തല ദീപാവലി’യാകുന്നതും അതിനാൽത്തന്നെ! 

സിൽവർ ജൂബിലി, സിക്സ് പായ്ക്ക് 

അഭിനയ ജീവിതത്തിന്റെ 25–ാം വർഷം അടയാളപ്പെടുത്തുന്ന അജിത് കുമാർ ചിത്രമായി ‘വിവേകം’ റിലീസ് ചെയ്തപ്പോൾ ആഘോഷങ്ങളുടെ മട്ടും പകിട്ടും കൂടി. 125 കോടി കലക്‌ഷനുമായി റെക്കോർഡിട്ട ‘വേതാള’ത്തിനുശേഷം രണ്ടുവർഷം കഴിഞ്ഞാണു ‘വിവേകം’ എത്തിയത്. വീരം, വേതാളം എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സംവിധായകൻ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമെന്നതും ആവേശം ഇരട്ടിയാക്കി. സിക്സ് പായ്ക്ക് ലുക്കിൽ കരിയറിലെ ഏറ്റവും കഠിനമായ മേക്കോവറിലാണ് അജിത് ഈ ചിത്രത്തിൽ. 

ഇഷ്ടം മതി, യുദ്ധം വേണ്ട 

58000ൽ അധികം ഫാൻസ് ക്ലബ്ബുകളുമായി തമിഴ്നാട്ടിൽ മുന്നിൽ നിൽക്കുമ്പോഴാണ് 2011ൽ, ആരാധകർ അച്ചടക്കംവിട്ട് പെരുമാറുന്നതു കണ്ട് അജിത് സ്വന്തം ഫാൻസ് ക്ലബ്ബുകൾ പിരിച്ചുവിട്ടത്. ആക്‌ഷൻ പടത്തിലെ ഇന്റർവെൽ പഞ്ച് പോലൊരു നീക്കം. എങ്കിലും സമൂഹമാധ്യമങ്ങളിൽ അജിത് – വിജയ് ഫാൻസ് ഏറ്റുമുട്ടലിന് ഇപ്പോഴും കുറവില്ല. ‘വിവേക’ത്തിന്റെ റിലീസിനു തൊട്ടുമുൻപ് അഭിഭാഷകർ വഴി ഇറക്കിയ പ്രസ്താവനയിൽ ഇത്തരം തെരുവുയുദ്ധങ്ങളെ വിലക്കിയ താരം, തന്റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ക്ഷമ പറയുകയും ചെയ്തു. 

കട്ടൗട്ട് മാത്രമല്ല, പ്രചോദന കേന്ദ്രം 

അജിത് നേതൃത്വം നൽകുന്ന, അംഗീകൃത ഫാൻസ് ക്ലബ്ബുകൾ ഇല്ലെങ്കിലും തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും സ്വയംസന്നദ്ധ അജിത് ഫാൻസ് അസോസിയേഷനുകൾ ഒട്ടേറെയുണ്ട്. സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ സ്വീകാര്യമായ അജിത് എന്ന നടന്റെ വ്യക്തിത്വമാണ് ഇതിനു കാരണം. സിനിമാ പശ്ചാത്തലമേതുമില്ലാതെ വന്ന്, ഒരുപാടു തിരിച്ചടികൾക്കു ശേഷവും ആത്മവിശ്വാസത്തോടെ ഉദിച്ചുയർന്ന അജിത്തിനെ ‘സെൽഫ് മെയ്ഡ് സൂപ്പർ സ്റ്റാർ’ എന്നു വിളിക്കാൻ കാരണവും ഇതുതന്നെ. 

അജിത് എങ്ങനെ ‘തല’ ആയി ? 

എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത ‘ദീന’ എന്ന ചിത്രത്തിലെ ചെല്ലപ്പേരായിരുന്നു തല. അൾട്ടിമേറ്റ് സ്റ്റാർ എന്ന മുൻവിശേഷണത്തിനു പകരമായി ആരാധകർ ഇതേറ്റെടുത്തു. 

പ്രഫഷനൽ കാറോട്ട മൽസര വിദഗ്ധൻ. ഒരു അപകടത്തെ തുടർന്നാണു ബൈക്ക് റേസിങ് ഉപേക്ഷിച്ച് കാറിലേക്കു തിരിഞ്ഞത്. 2004 ബ്രിട്ടിഷ് ഫോർമുല 2 സീസൺ, ജർമനി, മലേഷ്യ ഫോർമുല ചാംപ്യൻഷിപ്പുകൾ തുടങ്ങിയവയിൽ പങ്കെടുത്തു. 

 കാലിനും നടുവിനുമായി നടത്തിയ പത്തിലേറെ ശസ്ത്രക്രിയകൾക്കു ശേഷവും സാഹസിക രംഗങ്ങൾ ചെയ്യുന്നു. ‘വിവേക’ത്തിനായി ദിവസവും നാലു മണിക്കൂറിലധികമാണ് കഠിന വ്യായാമമുറകൾ ചെയ്തത്. 

 ഫൊട്ടോഗ്രഫി കമ്പക്കാരനായ അജിത് എടുത്ത ചിത്രങ്ങളുടെ പ്രദർശനം ഈയിടെ ചെന്നൈയിലെ ആർട് ഗാലറിയിൽ നടന്നപ്പോൾ മികച്ച അഭിപ്രായം നേടി. 

 2011ൽ വെങ്കട് പ്രഭു ചിത്രം ‘മങ്കാത്ത’യിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി കയ്യടി നേടിയശേഷം മിക്കവാറും കഥാപാത്രങ്ങൾ ഇതേ ലുക്കിലാണ്.