മോഹൻലാൽ അല്ല പ്രഭാസിനൊപ്പം ലാല്‍

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോയിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ചിത്രത്തിൽ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നായിരുന്നു വാർത്ത. എന്നാൽ മോഹന്‍ലാൽ അല്ല മലയാളത്തിൽ നിന്നും മറ്റൊരു താരമാണ് പ്രഭാസിനൊപ്പം സാഹോയിൽ എത്തുക. അത് സംവിധായകനും നടനുമായ ലാൽ ആണ്. പേരിലെ സാദൃശ്യമാണ് മോഹൻലാലിന്റെ പേര് തെറ്റായി പ്രചരിക്കാൻ കാരണമായത്. 

150 കോടി ബജറ്റില്‍ ചിത്രീകരണമാരംഭിച്ച ആക്ഷന്‍ ത്രില്ലറിൽ ശ്രദ്ധ കപൂര്‍ ആണ് നായിക. നീൽ നിഥിന്‍ മുകേഷ്, ജാക്കി ഷ്രോഫ്, ചങ്കി പാണ്ഡേയും മഹേഷ് മഞ്ജ്‌രേക്കർ, ടിന്നു ആനന്ദ്, മന്ദിരാ ബേദി, നരേന്ദ്ര ഷാ, ആദിത്യ ശ്രീവാസ്തവ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

തമിഴില്‍നിന്ന് അരുണ്‍ വിജയ്‌യും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാഹുബലിയെപ്പോലെ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലുമെത്തും ചിത്രം.