ഗൗതം മേനോൻ ഇനി സൂര്യയുമായി ഒന്നിക്കില്ല

ഗൗതം മേനോനും സൂര്യയും

സിനിമാപ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രങ്ങളാണ് വാരണം ആയിരവും കാക്ക കാക്കയും. എന്നാൽ ആ വിജയചിത്രങ്ങളുടെ തുടർക്കഥ ഇനി ഉണ്ടാകില്ല. ഗൗതം വാസുദേവ മേനോൻ — സൂര്യ കൂട്ടുകെട്ട് ഇനി ഉണ്ടാകില്ല. ഗൗതം മേനോൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ യെന്നൈ അറിന്താൽ എന്ന ചിത്രത്തെ കുറിച്ചും സൂര്യയുമായുള്ള ബന്ധത്തെ കുറിച്ചും പറയുകയുണ്ടായി.കാക്ക കാക്കയും വാരണം ആയിരവും സംവിധായകൻ എന്ന നിലയിൽ ഗൗതം മേനോനും നടൻ എന്ന നിലയിൽ സൂര്യയ്ക്കും വലിയ നേട്ടമാണ് ഉണ്ടാക്കി കൊടുത്തത്. അടുത്ത ചിത്രമായ ധ്രുവനച്ചിത്തിരത്തിന്റെ ഇടയിലാണ് ഇരുവരും പിരിയുന്നത്. ധ്രുവ നച്ചത്തിരം എന്ന ചിത്രം അനൗൺസ് ചെയ്ത് ചിത്രീകരണം തുടങ്ങാനിരിക്കുമ്പോഴാണ് സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറുന്നത്. ഗൗതം മേനോൻ കഥ പൂർത്തിയാക്കാതിരുന്ന സാഹചര്യത്തിലാണ് താൻ പിന്മാറിയതെന്നായിരുന്നു സൂര്യ കാരണമായി പറഞ്ഞത്.

പിന്നീടാണ് അജിത്തിനെ നായകനാക്കി ഗൗതം യെന്നൈ അറിന്താൽ സംവിധാനം ചെയ്യുന്നത്. എന്നാൽ ധ്രുവനച്ചത്തിരം സിനിമയായി കാണണമെന്നും സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കണമെന്നും ആരാധകർക്ക് ആഗ്രഹമുണ്ടായിരുന്നു. ഇനി നിങ്ങൾ ഒന്നിക്കുമോ എന്ന ചോദ്യത്തിന്ഒറ്റ വാക്കിൽ ഗൗതം ഉത്തരം നൽകി. ‘നോ‘.

‘ഈ സാഹചര്യത്തിൽ ഇനി സൂര്യയുമായി ഒന്നിച്ചുപോകാനാകില്ല. രണ്ടുപേരും തമ്മിൽ പരസ്പരം ബന്ധമില്ല. തന്നെ മനസ്സിലാക്കാനുള്ള സാവകാശം സൂര്യക്കില്ലായിരുന്നു എന്നാണ് ഗൗതം പറയുന്നത്. ഇനിയൊരിക്കലും സൂര്യയ്ക്കൊപ്പം ഒരു സിനിമ ചെയ്യില്ലെന്നും ഗൗതം വ്യക്തമാക്കി.

സാമ്പത്തികമായി ഒരു കുറവും ഇപ്പോഴില്ല. പിന്നെ ഞാനെന്തിനാണ് എനിക്കെതിരെ പ്രവർത്തിക്കുന്ന ഒരാൾക്കൊപ്പം സിനിമ ചെയ്യുന്നതെന്നാണ് ഗൗതമിന്റെ ചോദ്യം. സൂര്യയെ നായകനാക്കി ധ്രുവനച്ചത്തിരം വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലൊരു സുഹൃത്തിനെ പോലെയാണ് സൂര്യയെ കണ്ടിരുന്നത് എന്നാൽ ആ കഥയ്ക്ക് സൂര്യ ഒരു വിശ്വാസം പോലും നൽകിയില്ല. ആ ചിത്രം നടന്നിരുന്നില്ലെങ്കിൽ ഇന്നുവരെ കാണാത്ത ഒരു ന്യൂ ഏജ് ചിത്രമായി മാറിയേനേ, ഗൗതം പറഞ്ഞു.

തനിക്ക് രജനികാന്തിനെയും അമിതാഭ് ബച്ചനെയും നായകന്മാരാക്കി സിനിമകൾ ചെയ്യാൻ താൽപര്യമുണ്ടെന്നുംകമൽഹാസനൊപ്പം ഇനിയും ചിത്രങ്ങൾ ചെയ്യുമെന്നും ഗൗതം പറഞ്ഞു. എന്നാൽ ഗൗതം മേനോന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ അജിത്ത് ആണ്. അദ്ദേഹത്തിനൊപ്പം എത്രസിനിമകൾ ചെയ്യാനും താൻ ഒരുക്കമാണെന്നും യെന്നൈ അറിന്താലിന്റെ രണ്ടാം ഭാഗം മനസ്സിലുണ്ടെന്നും ഗൗതം മേനോൻ പറഞ്ഞു.