കാവേരി പ്രശ്‌നത്തെക്കുറിച്ച് ചോദ്യം; അവതാരകയോട് പൊട്ടിത്തെറിച്ച് പ്രകാശ്‌രാജ്

ജോയ്മാത്യു സംവിധാനം ചെയ്ത് മലയാളത്തിൽ പുറത്തിറങ്ങിയ ഷട്ടറിന്റെ തെലുങ്ക്, കന്നഡ റീമേയ്ക്ക് റിലീസിനൊരുങ്ങുകയാണ്. കന്നഡയിൽ 'മന ഊരി രാമായണ'മെന്നും തെലുങ്കില്‍ 'ഇഡൊല്ലെ രാമായണ' എന്നും പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് രാജ് ആണ്. അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും.

ഈ സിനിമയുടെ പ്രചാരണത്തിനായി ഒരു കന്നഡ ടെലിവിഷന്‍ ചാനലില്‍ എത്തിയതായിരുന്നു നടൻ. സിനിമയെക്കുറിച്ച് സംസാരിക്കാനെത്തിയ പ്രകാശ് രാജിനോട് അവതാരക കാവേരി പ്രശ്നത്തെക്കുറിച്ച് ചോദിക്കാനാണ് തിടുക്കം കൂട്ടിയത്.

അഭിമുഖത്തിനിടെ പെട്ടെന്ന് പ്രകോപിതനായ പ്രകാശ് രാജ് അവതാരികയോട് തട്ടിക്കയറി. തന്റെ സിനിമയെക്കുറിച്ച് സംസാരിക്കാനാണ് ഇവിടെ വന്നതെന്നും ‘കാവേരി’ ഒരു രാഷ്ട്രീയപ്രശ്‌നമാണെന്നും പ്രകാശ് രാജ് പറഞ്ഞു. മാത്രമല്ല ഈ വിഷയം നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഒരു ചെറിയ കാര്യമല്ലെന്നും അതിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമറാമാനോട് താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യാനും ഇതുകൊണ്ട് വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും പ്രകാശ് രാജ് പറഞ്ഞു. മാത്രമല്ല ഇനി ഇവിടെ നിന്നാരും അഭിമുഖത്തിനായി സമീപിക്കേണ്ടെന്നും കോപത്തോടെ പറയുകയുണ്ടായി.

എന്നാല്‍ ഇതേ ചാനൽ തന്നെ ഈ അഭിമുഖവും പ്രകാശ് രാജ് ദേഷ്യപ്പെടുന്ന വിഡിയോയും പ്രക്ഷേപണം ചെയ്തു.