തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; വിശാലിനെതിരെ ആക്രമണം

തമിഴ് നാട്ടിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം. നടന്‍ വിശാലിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പോളിങ് ബുത്തില്‍ വച്ചാണ്‌ സംഘര്‍ഷമുണ്ടായത്‌. നടി സംഗീത വോട്ടു ചെയ്യാനെത്തിയപ്പോളുണ്ടായ ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇടയില്‍ കയറിയ വിശാലിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഇടതുകൈക്ക് പരുക്കേറ്റ വിശാലിന് ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

വിശാല്‍ നേതൃത്വം നല്‍കുന്ന പാണ്ഡവര്‍ അണിയും ശരത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും തമ്മിലാണ്‌ മത്സരം. നടികര്‍ സംഘം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വിശാല്‍ മത്സരിക്കുന്നത്. നിലവില്‍ പ്രസിഡന്റ് ആയ ശരത്കുമാര്‍ നേതൃത്വം നല്‍കുന്നതാണ് എതിര്‍മുന്നണി. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ താരങ്ങള്‍ തമ്മില്‍ കടുത്ത ഭിന്നതയിലാണ്‌. വിശാല്‍ വിഭാഗത്തിന്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കമല്‍ ഹാസനെതിരെ ശരത്‌ കുമാര്‍ പരസ്യ വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത്‌ വന്നിരുന്നു.

മൈലാപ്പൂരിലെ സെന്റ്‌ എബ്ബാസ്‌ സ്‌കൂളില്‍ കനത്ത പോലീസ്‌ കാവലിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തിയ സൂപ്പര്‍ താരം രജനീകാന്ത്‌ ഒരു വിഭാഗത്തിനും പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സംഘടനയുടെ പേര്‌ തമിഴ്‌നാട്‌ ആര്‍ട്ടിസ്‌റ്റ്സ്‌ അസോസിയേഷന്‍ എന്ന്‌ മാറ്റണമെന്ന്‌ രജനീകാന്ത്‌ ആവശ്യപ്പെട്ടു. വിജയ് ,അജിത് തുടങ്ങിയവരും ആര്‍ക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വിശാലുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെങ്കിലും വോട്ട്‌ പിതാവ്‌ നേതൃത്വം നല്‍കുന്ന പാനലിനായിരിക്കുമെന്ന്‌ നടി വരലക്ഷ്‌മി ശരത്‌കുമാര്‍ പറഞ്ഞു. കാര്‍ത്തി,ശിവകുമാര്‍,രാധാ മോഹന്‍, കമലഹാസന്‍, ഗൗതമി,ഖുഷ്ബു,രാധിക ശരത്കുമാര്‍ എന്നിവര്‍ വോട്ട് ചെയ്ത് മടങ്ങി.