∙ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം ∙ പതിനാറാമത്തെ വയസ്സിൽത്തന്നെ സാർ ഒരു ഉപന്യാസം എഴുതിയിരുന്നു. ആ ഉപന്യാസം സിനിമാഗാനശാഖയുമായി ബന്ധപ്പെട്ടതുമാണ്. ‘പി.ഭാസ്കരൻ എന്ന കവി’ എന്നായിരുന്നു ആ ഉപന്യാസം. ‘കൗമുദി’ വാരികയിൽ ബാലപംക്തിയിലേക്ക് അയച്ച ആ കവിത, ‘ഇവൻ ബാലനല്ല, വലുതായി’ എന്നു

∙ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം ∙ പതിനാറാമത്തെ വയസ്സിൽത്തന്നെ സാർ ഒരു ഉപന്യാസം എഴുതിയിരുന്നു. ആ ഉപന്യാസം സിനിമാഗാനശാഖയുമായി ബന്ധപ്പെട്ടതുമാണ്. ‘പി.ഭാസ്കരൻ എന്ന കവി’ എന്നായിരുന്നു ആ ഉപന്യാസം. ‘കൗമുദി’ വാരികയിൽ ബാലപംക്തിയിലേക്ക് അയച്ച ആ കവിത, ‘ഇവൻ ബാലനല്ല, വലുതായി’ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം ∙ പതിനാറാമത്തെ വയസ്സിൽത്തന്നെ സാർ ഒരു ഉപന്യാസം എഴുതിയിരുന്നു. ആ ഉപന്യാസം സിനിമാഗാനശാഖയുമായി ബന്ധപ്പെട്ടതുമാണ്. ‘പി.ഭാസ്കരൻ എന്ന കവി’ എന്നായിരുന്നു ആ ഉപന്യാസം. ‘കൗമുദി’ വാരികയിൽ ബാലപംക്തിയിലേക്ക് അയച്ച ആ കവിത, ‘ഇവൻ ബാലനല്ല, വലുതായി’ എന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം 

 

ADVERTISEMENT

 

∙ പതിനാറാമത്തെ വയസ്സിൽത്തന്നെ സാർ ഒരു ഉപന്യാസം എഴുതിയിരുന്നു. ആ ഉപന്യാസം സിനിമാഗാനശാഖയുമായി ബന്ധപ്പെട്ടതുമാണ്. ‘പി.ഭാസ്കരൻ എന്ന കവി’ എന്നായിരുന്നു ആ ഉപന്യാസം. ‘കൗമുദി’ വാരികയിൽ ബാലപംക്തിയിലേക്ക് അയച്ച ആ കവിത, ‘ഇവൻ ബാലനല്ല, വലുതായി’ എന്നു പറഞ്ഞ് കൗമുദി ബാലകൃഷ്ണൻ മുതിർന്ന എഴുത്തുകാരുടെ കൂട്ടത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു... 

 

കഥയും കവിതയും ഒരുമിച്ചു തുടങ്ങിയ ആളാണു ഞാൻ. അതുകൊണ്ടു ചെറുപ്പം മുതലേ ഗദ്യവും എഴുതിയിരുന്നു. തിരുനല്ലൂർ കരുണാകരന്റെയും ഒഎൻവിയുടെയുമൊക്കെ ഒപ്പം എന്റെ ലേഖനം ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി എന്ന പേരിൽ ‘കൗമുദി’ വാരികയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ എനിക്കുണ്ടായ സന്തോഷം പറയാനാവില്ല. ബാലേട്ടനാണു ശരിക്കു പറഞ്ഞാൽ എനിക്കാ പ്രമോഷൻ തരുന്നത്. രണ്ടു തരത്തിൽ അതെന്റെ ജീവിതത്തിൽ പ്രധാനമായി. പി.ഭാസ്കരനെക്കുറിച്ചാണ് ആദ്യത്തെ ലേഖനം. അദ്ദേഹം അതു വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. പിൽക്കാലത്തു പി.ഭാസ്കരന്റെ രംഗത്തുതന്നെ ഞാൻ വരികയും ചെയ്തു. 

ADVERTISEMENT

 

അങ്ങയുടെ തറവാട്ടിൽ പ്രതിഭയുടെ പ്രകാശം വളരെ നേരത്തേ വന്നതാണല്ലേ? 

 

എന്റെ മൂത്ത ചേട്ടൻ പി.വി.തമ്പി എന്ന പി.വാസുദേവൻ തമ്പി, അദ്ദേഹം 12 വയസ്സിൽ പുസ്തകം പ്രസിദ്ധീകരിച്ചയാളാണ്. 

ADVERTISEMENT

 

പതിനെട്ടാമത്തെ വയസ്സിൽ സാർ ആദ്യത്തെ പാട്ടെഴുതി. ഒരുപക്ഷേ, അതിനു മുൻപേ എഴുതിയതുമാവാം... 

 

എനിക്കു 18 വയസ്സുള്ളപ്പോഴാണ് ആകാശവാണിയിൽ എന്റെ ആദ്യ പാട്ടു വരുന്നത്. ‘ഞാനിഴനൊന്തു തകർന്നൊരു തംബുരു...’ എന്ന ലളിതഗാനമാണത്. 

ആ പ്രായത്തിൽ എഴുത്തോടെഴുത്താണ്. നല്ലതോ ചീത്തയോ എന്നൊന്നും ചിന്തയില്ല. ഞാനെഴുതുന്നതൊക്കെ എന്നെ സംബന്ധിച്ചു നല്ലതാണ്. ഒരു പത്തു പാട്ട് ആകാശവാണിക്കയച്ചാൽ നാലാം ദിവസം തിരിച്ചുവരും. അവിടെ വായിക്കുന്നേയില്ലെന്നർഥം. എങ്ങനെയോ ആരോ കണ്ടായിരിക്കാം, ‘ഞാനിഴനൊന്തോരു...’ തിരഞ്ഞെടുത്തത്! 

ഇന്ത്യയിലെ ഏറ്റവും വലിയ ഗസൽ ഗായകരിലൊരാളായ ഹരിഹരൻ പറഞ്ഞത്, ‘എനിക്കു മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് യേശുദാസ് പാടിയ ഒരു ലളിതഗാനമാണ്’ എന്നാണ്. ‘കരിനീലക്കണ്ണുള്ള പെണ്ണേ...’ ആണത്. പിന്നീട് ‘മധുരഗീതങ്ങൾ’ എന്ന ഡിസ്കിൽ ഈ പാട്ടു വന്നു. യേശുദാസിന്റെ ശബ്ദം സ്റ്റീരിയോയിൽ ആദ്യം കേൾക്കുന്നത് ഈ പാട്ടിലാണ്. 

 

ആലപ്പുഴ എസ്ഡി കോളജിൽ കൂടെ പഠിച്ച ഒരു പെൺകുട്ടിയാണു ‘കരിനീലക്കണ്ണുള്ള പെണ്ണേ...’ എന്ന പാട്ടിലെ കഥാപാത്രം അല്ലേ? 

 

അതെ. അങ്ങനെയൊരു പ്രണയമുണ്ടായിരുന്നു. കോളജിൽ പഠിക്കുമ്പോൾ എല്ലാവർക്കും കാണുമല്ലോ പ്രേമം. ചിലർ സമ്മതിക്കില്ല, ചിലർ സമ്മതിക്കും. നമ്മൾ പ്രണയിച്ചില്ലെങ്കിൽ ഹംസങ്ങളായി ചേർത്തുവയ്ക്കുന്ന കൂട്ടുകാരുണ്ട്. പതിനാറു വയസ്സിനും 20 വയസ്സിനുമിടയിലെ ആ പ്രണയം പിന്നെയൊരു നാലു വർഷംകൂടി നീണ്ടുനിന്നു. ആ പ്രണയം പരാജയപ്പെട്ടെങ്കിലും അക്കാലത്തു പ്രണയഗാനങ്ങളെഴുതാനുള്ള എന്റെ പ്രചോദനമായിരുന്നു. 

 

അങ്ങനെ സങ്കൽപിച്ചതിന്റെ പേരിൽ ആ കാമുകി പിണങ്ങിയിട്ടുമുണ്ടെന്നു തോന്നുന്നു... 

 

ഉണ്ടുണ്ട്. ‘ചിത്രമേള’യിലെ മുഴുവൻ ഗാനങ്ങളും ആ പ്രണയത്തിന്റെ നിരാശയാണ്. 1967 ലാണു ‘ചിത്രമേള’ വരുന്നതെങ്കിലും ’66 ലാണ് അതിലെ പാട്ടുകൾ എഴുതിയത്. ’66 ൽ ഞങ്ങൾ അകന്നു. ആ വർഷം അവൾ വിവാഹിതയായി. ‘ആകാശദീപമേ...’, ‘നീയെവിടെ നിൻ നിഴലെവിടെ...’ തുടങ്ങിയ പാട്ടുകളൊക്കെ ഈ പ്രണയപരാജയത്തിന്റെ പ്രതീകങ്ങളാണ്. ‘ഓർമകൾ തന്നുടെ വിരലുകളാൽ നീ ഓമനിക്കാറുണ്ടോ, അവയെ ഓമനിക്കാറുണ്ടോ...’ എന്നൊക്കെ എഴുതാൻ പ്രണയിച്ചവനെ പറ്റൂ. 

‘അപസ്വരങ്ങൾ’ എന്ന എന്റെ കഥയായിരുന്നു ‘ചിത്രമേള’യ്ക്ക് ആസ്പദമായത്. ‘നീയെവിടെ നിൻ നിഴലെവിടെ...’ എന്ന പാട്ടിന്റെ ഈണത്തിൽ ദേവരാജൻ മാഷ് എത്രമാത്രം മുന്നാലെ പോയി എന്നു മനസ്സിലാക്കാൻ കഴിയും. ഇപ്പോഴത്തെ കോഡ് സിസ്റ്റത്തിലാണതു ചെയ്തത്. അതായത് വെസ്റ്റേൺ മ്യൂസിക് സ്റ്റൈൽ. സാധാരണയായുള്ള ശോകഗാനത്തിന്റെ പതുക്കെയുള്ള ഈണമല്ല അതിന്. കോളജ് വിദ്യാർഥികളെ മനസ്സിൽക്കണ്ട് അദ്ദേഹം വേഗത്തിലുള്ള ഈണം നൽകുകയായിരുന്നു. 

 

സാർ നേരത്തേ കവിതയും ഗാനങ്ങളും എഴുതിയെങ്കിലും ആദ്യ സിനിമയിലേക്കുള്ള കടന്നുവരവ് തിരക്കഥാകൃത്തിന്റെ വേഷത്തിലാണ്. പക്ഷേ, സാറിനെ പി. സുബ്രഹ്മണ്യം തിരിച്ചറിഞ്ഞ് ‘തമ്പി എന്റെ സിനിമയിൽ പാട്ടെഴുതൂ’ എന്നു പറയുകയായിരുന്നു. അതേ സുബ്രഹ്മണ്യം മുതലാളി സാറെഴുതിയ ആദ്യ ഗാനങ്ങളെല്ലാം ഇഷ്ടപ്പെടാതെ ഒഴിവാക്കുകയും ചെയ്തു. എന്നു മാത്രമല്ല, സാറെഴുതിയ ‘താമരത്തോണിയിൽ...’ എന്ന ആദ്യ സിനിമയിലെ ഗാനമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് അവസാനം വരെ പറയുകയും ചെയ്തു... 

 

ഞാൻ അദ്ദേഹത്തിനു മകനെപ്പോലെയായിരുന്നു. മരിക്കുന്നതിനു മുൻപ് അദ്ദേഹത്തിനോടൊപ്പം വന്ന് ഒരാഴ്ച ഞാൻ താമസിച്ചിരുന്നു. എനിക്കു കിട്ടിയ ഒരു ഭാഗ്യം, നല്ല ഗുരുക്കൻമാരെയും വഴികാട്ടികളെയും കിട്ടി എന്നതാണ്. എനിക്കു ചെറുപ്പക്കാരായ കൂട്ടുകാർ ഇല്ലായിരുന്നു. എന്റെ കൂട്ടുകാർ പി.സുബ്രഹ്മണ്യം മുതലാളിയും ടി.ഇ.വാസുദേവനും ഭാസ്കരൻ മാഷുമൊക്കെയായിരുന്നു. 

 

മെറിലാൻഡ് സുബ്രഹ്മണ്യം അന്നു പാട്ടിലേക്കു വഴിതിരിച്ചു വിട്ടില്ലായിരുന്നെങ്കിലോ? അടിസ്ഥാനപരമായി ഏതു വഴിയിൽ വരണമെന്നാണു മോഹിച്ചിരുന്നത്? 

 

‘കാക്കത്തമ്പുരാട്ടി’യുടെ തിരക്കഥ എഴുതിയപ്പോൾ ഞാൻ പാട്ടും എഴുതിവച്ചു. ഞാൻ കവിയാണ്. പാട്ടെഴുത്തുകാരനാവുക തന്നെയായിരുന്നു അടിസ്ഥാന ആഗ്രഹം. അതിലേറെ എന്റെ ലക്ഷ്യം സിനിമ എടുക്കുകയെന്നതായിരുന്നു. പത്തിൽ പഠിക്കുമ്പോൾ കണക്കുപുസ്തകത്തിനകത്ത് അപ്പോൾ കണ്ട സിനിമയുടെ രൂപത്തിൽ ടൈറ്റിലൊക്കെ ഉണ്ടാക്കി, ‘സംവിധാനം: ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി’ എന്നെഴുതി വയ്ക്കുമായിരുന്നു. അതു നോക്കി ഞാനിങ്ങനെ ആസ്വദിക്കുമായിരുന്നു. അങ്ങനെ ആസ്വദിച്ച് 16 വർഷത്തിനകം ഞാൻ സംവിധായകനാവുകയും ചെയ്തു. ഒരു വ്യക്തിക്ക് അഹംബോധം വേണം. ഞാൻ ആരാണ്? എനിക്ക് എവിടെവരെ പോകാൻ പറ്റും? എന്റെ കഴിവിന്റെ പരിധിയെന്താണ്? ഒരുപാടു കഴിവുണ്ടെന്നു ധരിക്കുന്നതും തെറ്റാണ്, തീരെ കഴിവില്ലെന്നു കരുതുന്നതും തെറ്റാണ്. പക്ഷേ, കഴിവു തെളിയിക്കണം. 

 

ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പിയെന്ന പേരാണു സ്ക്രീനിൽ ആദ്യം വന്നത്. കുറച്ചു സിനിമകൾക്കകം അതു മാറ്റി... 

 

അന്നു ഡിസ്കിനകത്തു നടുക്കു ചെറിയൊരു സ്ഥലമേയുള്ളൂ. അവിടെ ഹരിപ്പാട്ട് ശ്രീകുമാരൻ തമ്പി എന്നെഴുതാൻ പറ്റാത്തതുകൊണ്ട് ‘കാട്ടുമല്ലിക’യുടെ ഡിസ്കിൽ എച്ച്.എസ്.തമ്പി എന്നാണു പേരു വന്നത്! 

 

വിദ്യാഭ്യാസത്തിലും അങ്ങ് ഒട്ടും പിറകോട്ടായിരുന്നില്ല. എൻജിനീയറായിരുന്നു. സ്വന്തമായി കൺസ്ട്രക്‌ഷൻ കമ്പനി നടത്തിയിരുന്ന ആളാണ്. ഏതു പാട്ടെഴുതിക്കഴിഞ്ഞപ്പോഴാണ് എൻജിനീയറിങ് എനിക്കു വേണ്ട എന്നു തീരുമാനിച്ചത്? 

 

ഇരുപത്തൊൻപതു വയസ്സിൽ ഞാൻ സ്വന്തം കൺസ്ട്രക്‌ഷൻ കമ്പനി ആരംഭിച്ചു. ഏഴെട്ടു വർഷം അതു ഭംഗിയായി നടന്നു. അതുകൊണ്ടാണ് എനിക്കു നിൽക്കാൻ സാധിച്ചത്. അല്ലെങ്കിൽ പാട്ടെഴുതാൻ അവസരം കിട്ടിയില്ലെങ്കിൽ ഞാൻ പട്ടിണി കിടന്നേനേ. അന്നു പി.ഭാസ്കരനും വയലാറും പടങ്ങൾ പങ്കിട്ടെടുക്കുന്ന കാലമാണ്. ‘ചിത്രമേള’യിലെ എട്ടു പാട്ടുകൾ വന്നതോടെ കാര്യം മാറി. അതിലെ പല പാട്ടുകളും ഭാസ്കരൻ മാഷുടേതോ വയലാറിന്റേതോ ആണെന്നു പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. 

1961 ലാണു യേശുദാസ് സിനിമയിൽ പാടുന്നത്. 1966 വരെയും യേശുദാസിനെ 100% സമ്മതത്തോടെ അംഗീകരിക്കാൻ മലയാള സിനിമ തയാറായിരുന്നില്ല. പി.ബി.ശ്രീനിവാസും എ.എം.രാജയും കമുകറ പുരുഷോത്തമനുമൊക്കെ അപ്പോഴും പാടുന്നുണ്ട്. ’66 ൽ ഞാൻ ആദ്യം പാട്ടെഴുതിയ ‘കാട്ടുമല്ലിക’യിൽ പത്തു പാട്ടുകളാണ്. സ്വാഭാവികമായി ഇതിൽ മൂന്നെണ്ണമെങ്കിലും യേശുദാസ് പാടുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ, ഒരൊറ്റ പാട്ടാണു പാടിയത്. ബാബുരാജാണു സംഗീതസംവിധായകൻ. അദ്ദേഹത്തിന്റെ ‘താമസമെന്തേ വരുവാൻ...’ അടക്കം ധാരാളം ഹിറ്റുകൾ യേശുദാസ് അപ്പോഴേക്കു പാടിയിട്ടുണ്ട്. എന്നിട്ടും ഒരു ഡ്യുവറ്റ് പാട്ടാണു യേശുദാസിനു കൊടുത്തത്–‘താമരത്തോണിയിൽ താനേ തുഴഞ്ഞുവരും...’ എന്ന ഗാനം. 

ഇതിലെനിക്കു വലിയ വിഷമമുണ്ടായിരുന്നു. ‘ചിത്രമേള’യിലെ എട്ടു പാട്ടുകളും തെരുവുഗായകനായി പ്രേംനസീറാണു പാടുന്നത്. ഞാൻ നിർമാതാവ് മുത്തയ്യ സാറിനോടു പറഞ്ഞു: ‘ഒരാൾക്കു പല ശബ്ദം വരില്ലല്ലോ’. 

 

യേശുദാസിനു മുഴുവൻ പാട്ടുകളും കൊടുക്കാമെന്ന സാറിന്റെ നിർദേശം ദേവരാജൻ മാഷ് അംഗീകരിച്ചിരുന്നോ? 

 

ദേവരാജൻ മാഷുടെ ഇഷ്ടഗായകൻ എ.എം.രാജയാണ്. സംഗീതചിത്രം എന്നു വേണമെങ്കിൽ പറയാവുന്ന ‘ഭാര്യ’യിൽ, ‘പെരിയാറേ... പെരിയാറേ...’ എ.എം.രാജയ്ക്കാണു കൊടുത്തത്. ‘പഞ്ചാരപ്പാലുമിഠായി...’ എന്ന പാട്ടാണു യേശുദാസിനു കൊടുത്തത്. ‘ചിത്രമേള’യിലും രണ്ടു പാട്ട് ദേവരാജൻ മാഷ് എ.എം.രാജയ്ക്കു വച്ചിരുന്നു. 

‘ചിത്രമേള’യിലെ എട്ടു പാട്ടിൽ രണ്ടു വീതം വയലാർ, പി.ഭാസ്കരൻ, ഒഎൻവി, പിന്നെ രണ്ടു പാട്ട് ‘പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ...’ എന്ന് എഴുതിയ ചെറുക്കൻ, പയ്യൻ (എന്നെയാണത് ഉദ്ദേശിച്ചത്) എന്നാണു മുത്തയ്യ സാർ തീരുമാനിച്ചത്. ‘പ്രിയതമ’ എന്ന രണ്ടാമത്തെ പടത്തിലെ പാട്ടാണത്. ഈ പാട്ടു കേട്ടപ്പോൾ മുത്തയ്യ സാർ അത് ആരാണ് എഴുതിയതെന്ന് അന്വേഷിച്ചു, ഭാസ്കരൻ മാഷാണോ? സുബ്രഹ്മണ്യം മുതലാളി പറഞ്ഞു: ‘അല്ല. അതൊരു എൻജിനീയർ പയ്യനാ’. 

‘പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ...’ ടൈപ്പിൽ രണ്ടു പാട്ടു വേണമെന്നാണു മുത്തയ്യ സാർ ആഗ്രഹിച്ചത്. അപ്പോഴാണു ഞാൻ നസീർ സാറിനെ അന്വേഷിച്ച് അവിടെ ചെല്ലുന്നത്. ‘കഥയായിട്ടില്ല, ഒരു മ്യൂസിക്കൽ പിക്ചറാണു ഞാൻ പ്ലാൻ ചെയ്യുന്നത്. ലൈലാ മ‍ജ്നു പോലൊരു കഥ വേണം’–മുത്തയ്യ സാർ പറഞ്ഞു. 

ഞാൻ ചിന്തിച്ചു, എനിക്കെന്തുകൊണ്ട് ഒരു കഥ പറഞ്ഞുകൂടാ? അങ്ങനെയാണ് ‘അപസ്വരങ്ങൾ’ എന്ന എന്റെ കഥ പറയുന്നത്. ഞാനാണ് എഴുതിയതെന്നു പറഞ്ഞിട്ടു മുത്തയ്യ സാറിനു വിശ്വാസമാവുന്നില്ല. ‘സംഗതി പറഞ്ഞാൽ പോരല്ലോ, എനിക്കൊന്ന് അറിയണമല്ലോ. എന്നെ തിരക്കഥയെഴുതിക്കാണിക്കണം’ – അദ്ദേഹം പറഞ്ഞു. 

ഞാനൊരു പത്തുപന്ത്രണ്ടു ദിവസംകൊണ്ടു തിരക്കഥയെഴുതി. എനിക്കു രണ്ടു പാട്ടുമുണ്ട്. ആദ്യത്തെ പാട്ട് ‘മദംപൊട്ടിച്ചിരിക്കുന്ന മാനം...’. രണ്ടാമത്തേതു തീം സോങ്ങാണ്, ‘അപസ്വരങ്ങൾ അപസ്വരങ്ങൾ..., അംഗഭംഗം വന്ന നാദകുമാരികൾ...’. കവിയൂർ പൊന്നമ്മയുടെ ഭർത്താവ് മണിസ്വാമി മുത്തയ്യ സാറിന്റെ വളരെ അടുത്തയാളാണ്. അദ്ദേഹം ഈ പാട്ടുകളെ പിന്തുണച്ചു. ‘നീയൊരപസ്വരം ഞാനൊരപസ്വരം നിത്യദുഃഖത്തിൻ നിരാലംബനിസ്വനം, നിന്നിലും എന്നിലും നിന്നുതുളുമ്പുന്ന നിഷ്ഫലസ്വപ്നമോ മറ്റൊരപസ്വരം...’ എന്നാണ് ‘അപസ്വരങ്ങൾ...’ എന്ന പാട്ടിന്റെ അനുപല്ലവി. ഇത് എഴുതിക്കഴിഞ്ഞപ്പോൾ മുത്തയ്യ സാറിന്റെ കണ്ണൊക്കെ നിറഞ്ഞു. എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: ‘മോനേ, എട്ടു പാട്ടും നീ എഴുതിയാൽ മതി. ഇതിൽക്കൂടുതൽ ഇനിയെന്തെഴുതാനാ?’. 

 

അതിനോടു ദേവരാജൻ മാഷിന്റെ സമീപനം എന്തായിരുന്നു? 

 

അതുതന്നെ ഞാനും മുത്തയ്യ സാറിനോടു ചോദിച്ചു: ‘ദേവരാജൻ മാഷ് സമ്മതിക്കുമോ?’. 

‘വരട്ടെ, നമുക്കു നോക്കാം’. 

ദേവരാജൻ മാഷ് വന്നു. അദ്ദേഹം പറഞ്ഞു: ‘അതു ശരിയാവില്ല. അയാളെഴുതിയ പാട്ടുകളൊക്കെ ഞാൻ കേട്ടിട്ടുണ്ട്. തരക്കേടില്ല എന്നേയുള്ളൂ. വയലാറിന്റെ നിലയിലേക്കൊന്നും വരുന്നില്ല’. 

‘മാഷൊരു കാര്യം ചെയ്യ്. എട്ടു പാട്ടും പയ്യൻ എഴുതിക്കഴിഞ്ഞു. മാഷ് ആ എട്ടു പാട്ടും ഒന്നു വായിച്ചുനോക്ക്. മാഷ് ഉദ്ദേശിക്കുന്ന നിലവാരം വന്നില്ലെങ്കിൽ നമുക്കു മാറ്റാം’–മുത്തയ്യ സാർ പറഞ്ഞു. 

പാട്ടുമായി ഞാനല്ല, മുത്തയ്യ സാറാണു പോയത്. പാട്ടുകളെല്ലാം വായിച്ചുകഴിഞ്ഞപ്പോൾ മുത്തയ്യ സാർ ചോദിച്ചു: ‘നമുക്കു പയ്യനെ വച്ചുതന്നെ മുന്നോട്ടുപോകാമല്ലോ, അല്ലേ?’. 

‘ആ, തരക്കേടില്ല. ചെയ്യാം’ എന്നു ദേവരാജൻ മാഷുടെ മറുപടി. 

ജ്യോതിഷത്തിലൊന്നും അപ്പോൾ എനിക്കു വിശ്വാസമില്ല. ദേവരാജൻ മാഷ് കമ്യൂണിസ്റ്റാണ്. ഈശ്വരവിശ്വാസമില്ല. പക്ഷേ, വലിയ ജ്യോതിഷവിശ്വാസിയാണ്. നക്ഷത്രം നോക്കാതെ ഒന്നും ചെയ്യില്ല. 

എന്നെ പരിചയപ്പെട്ടപ്പോഴേ ചോദിച്ചത്, ‘എന്താ തന്റെ നക്ഷത്രം?’ എന്നാണ്. 

ഞാൻ പറഞ്ഞു, ‘രോഹിണി’. 

‘അത്തം, രോഹിണി, തിരുവോണം’, അനുജൻമനക്ഷത്രങ്ങളാ. അപ്പം നമ്മളു തമ്മിൽ ചേർന്നാൽ കുഴപ്പം വരില്ല’– അദ്ദേഹം പറഞ്ഞു. 

പക്ഷേ, അദ്ദേഹം പൂജാമുറിയിലൊന്നും വരുന്നയാളല്ല. ‘എന്റെ വീട്ടിലെ പൂജാമുറിയിൽ വച്ച് ഒന്നു വന്നിട്ടു തുടങ്ങിത്തരണം’ – മുത്തയ്യ സാർ അഭ്യർഥിച്ചു. മനസ്സില്ലാമനസ്സോടെ മാഷ് വന്നു. ഞാൻ അവിടെ ഇരിക്കുന്നുണ്ട്. എന്നെയൊന്നും നോക്കുന്നുപോലുമില്ല. 

‘ഞാൻ പാട്ട് എടുത്തിട്ടില്ല. ഒരു നാലു വരിയിങ്ങ് എഴുതിത്താ’ – ദേവരാജൻ മാഷ് ആവശ്യപ്പെട്ടു. 

ഞാൻ എന്റെ സത്യസന്ധതയ്ക്ക് ‘അപസ്വരങ്ങൾ... അപസ്വരങ്ങൾ..., അംഗഭംഗം വന്ന നാദകുമാരികൾ, ഗാനപ്രപഞ്ചത്തിൽ രാഗവിരൂപകൾ, വാനത്തിലുയരാത്ത വർണക്കുരുന്നുകൾ...’ എന്ന ടൈറ്റിൽ സോങ് തന്നെ എഴുതിക്കൊടുത്തു. ഇതു വായിച്ചിട്ട് മാഷ് ചുരുട്ടിക്കൂട്ടി എന്റെ മുഖത്തേക്കൊരേറ്. 

‘ജീവിതത്തിൽ ആദ്യമായി നാലു വരി ട്യൂൺ ചെയ്യാൻ പറഞ്ഞാൽ അപസ്വരങ്ങളാ എഴുതിത്തരുന്നേ. താനെവിടുകാരനാടോ, താനെങ്ങനെ നന്നാവും? താനൊരു കുന്തവും ആകാൻ പോകുന്നില്ല. എന്നെപ്പോലൊരു സംഗീതസംവിധായകന്റെ അടുത്ത് അപസ്വരങ്ങൾ ട്യൂൺ ചെയ്യാൻ എഴുതിത്തന്നിരിക്കുകയാ. അതോ, വാനത്തിലുയരാത്ത വർണക്കുരുന്നുകൾ. വാനത്തിൽ ഉയരുന്നില്ലെങ്കിൽ എന്താടോ പ്രയോജനം?’ – മാഷ് പൊട്ടിത്തെറിച്ചു. 

ഞാൻ പറഞ്ഞു: ‘മാഷേ, ഞാൻ അങ്ങനെയൊന്നും ആലോചിച്ചില്ല. എന്റെ കഥയുടെ പേര് ‘അപസ്വരങ്ങൾ’ എന്നാണ്. അതിന്റെ തീം സോങ്ങാണിത്. പാട്ടുകാരന്റെ ജീവിതം അപസ്വരങ്ങളിലായിപ്പോയി എന്നാണ് ഉദ്ദേശിക്കുന്നത്’. 

ദേവരാജൻ മാഷ് ഇറങ്ങിയങ്ങു പോയി. മുത്തയ്യ സാർ പിറകെ പോയി വിളിച്ചുകൊണ്ടുവന്നു. 

‘വേറെ നാലു വരി എഴുതിക്കൊണ്ടുവാ’. 

‘മദംപൊട്ടിച്ചിരിക്കുന്ന മാനം...’ എഴുതിക്കൊടുത്തു. അതു വായിച്ചു. അതിഷ്ടപ്പെട്ടു. ഒരു ട്യൂൺ പാടി മാഷ് പോയി. 

മാഷ് പൊതുവേ ആരെയും ട്യൂൺ കേൾപ്പിക്കില്ല, സംവിധായകനെപ്പോലും. ‘നിങ്ങൾക്ക് എന്നെ വിശ്വാസമുള്ളതുകൊണ്ടാണ് എന്നെ വച്ചിരിക്കുന്നത് അല്ലേ, റിക്കോർഡിങ്ങിൽ കേട്ടാൽ മതി’ എന്നു പറയും. 

മുത്തയ്യ സാറിനെയും പാടിക്കേൾപ്പിച്ചില്ല. മുത്തയ്യ സാർ എന്നോടു പറഞ്ഞു: ‘മോനേ, ഒന്നു പോ. എന്റെ ആദ്യത്തെ പടമാ ഇത്’. 

എം.കൃഷ്ണൻ നായർ സംവിധാനം ചെയ്യുന്ന സിനിമയാണത്. കൃഷ്ണൻ നായർ സാർ കൊമേഴ്സ്യൽ ഡയറക്ടറാണ്. അദ്ദേഹത്തെ ദേവരാജൻ മാഷിന് ഇഷ്ടമല്ല. കാരണം, ട്യൂൺ മാറ്റാൻ പറയും. കൃഷ്ണൻ നായർക്കു പൊതുവേ ബാബുരാജാണ്. ഇതിൽ ദേവരാജൻ മാഷ് തന്നെ വേണമെന്നു പറഞ്ഞതുകൊണ്ട് കൃഷ്ണൻ നായർ സാർ അതിനെ എതിർത്തില്ല. 

മുത്തയ്യ സാർ നിർബന്ധിച്ചിട്ടു ഞാൻ ദേവരാജൻ മാഷുടെ വീട്ടിൽ പോയി. കോളിങ് ബെൽ അടിച്ചു. 

‘ആ, എന്താ’. 

‘മുത്തയ്യ സാർ പറഞ്ഞു, ട്യൂൺ കേൾക്കാൻ’. 

‘ട്യൂൺ കേൾക്കാനോ?! നീയാരാ ട്യൂൺ കേൾക്കാൻ. പാട്ടു ഞാൻ ട്യൂൺ ചെയ്യാൻ സമ്മതിച്ചപ്പോഴേക്കു ട്യൂൺ കേൾക്കാൻ വന്നിരിക്കുന്നു. പ്രൊഡ്യൂസറെയും ഡയറക്ടറെയും കേൾപ്പിക്കില്ല ഞാൻ. ട്യൂണൊന്നും കേൾക്കണ്ട. പോണം’– എന്നു പറഞ്ഞു. 

 

‘അപസ്വരങ്ങൾ’ എന്ന വരികളിൽ തുടങ്ങിയതിന്റെ എന്തോ ഒരു പ്രശ്നമുണ്ടോ എന്നറിയില്ല, ദേവരാജൻ മാഷുമായുള്ള സാറിന്റെ ബന്ധത്തിൽ ഒരുപാട് അപസ്വരങ്ങളുണ്ടായിട്ടുണ്ട്... 

 

നിമിത്തങ്ങളുണ്ട് എന്നതു സത്യമാണ്. ‘അപസ്വരങ്ങൾ’ എന്ന് ആദ്യം എഴുതിക്കൊടുത്തു. ഞങ്ങളുടെ ബന്ധമേ അപസ്വരത്തിലായി. 

 

പക്ഷേ, ആദ്യ സിനിമയിൽ പ്രേംനസീറിന്റെ മുറിയിൽ താമസിച്ച ശേഷം കുറച്ചു ദിവസം ദേവരാജൻ മാഷുടെ കൂടെ സാർ താമസിച്ചിട്ടുണ്ടല്ലോ? 

 

അങ്ങനെ താമസിക്കുമ്പോഴും നസീർ സാറിന്റെ പെരുമാറ്റമല്ലല്ലോ ദേവരാജൻ മാഷുടേത്. ആ ബന്ധമൊന്നും അദ്ദേഹം അംഗീകരിച്ചില്ല. 

 

ഈ ഇരുപത്താറാം വയസ്സിൽത്തന്നെ സാർ അദ്ദേഹവുമായി പിണങ്ങിപ്പിരിയുകയാണ്... 

 

അതു പിന്നീടാണ്. ‘വെളുത്ത കത്രീന’യുടെ നിർമാതാവ് മയ്യനാട്ട് ഹൈസ്കൂളിൽ ദേവരാജൻ മാഷുടെ കൂടെ പഠിച്ചയാളാണ്. ഞാൻ അദ്ദേഹത്തിനുവേണ്ടി വാട്ടർ ടാങ്ക് ഡിസൈൻ ചെയ്ത എൻജിനീയറാണ്. അദ്ദേഹത്തിന് എന്നെയും ദേവരാജൻ മാഷെയും വച്ചേ പറ്റൂ. ‘ഞാൻ ആ പയ്യന്റെ പാട്ട് ട്യൂൺ ചെയ്യില്ല’ എന്നു ദേവരാജൻ മാഷ്. അപ്പോഴാണു ഞാൻ പറഞ്ഞത്, ‘സാറിന്റെ ഹാർമോണിസ്റ്റ് പാട്ടു ചെയ്താലും ശരിയാവുമോയെന്നു നോക്കട്ടെ’ എന്ന്. പക്ഷേ, ആ സിനിമ കൂടി ഞങ്ങൾ ചെയ്തു. 

 

സാർ പിന്നീടു പറഞ്ഞത്, ഇരുപത്താറാം വയസ്സിൽ നമ്മൾ ഇന്റലിജന്റ് ആയിരിക്കും. പക്ഷേ, വൈസ് ആയിരിക്കില്ല എന്നാണ്. അപ്പോൾ അന്നങ്ങനെ പറഞ്ഞതിനെക്കുറിച്ചു പിന്നീടൊരു കുറ്റബോധം തോന്നിയോ? 

 

ഇരുപത്താറു വയസ്സിൽ ഞാൻ അങ്ങനെ പറയാൻ പാടില്ല. എന്റെ വളർച്ച എപ്പോഴും തടഞ്ഞിട്ടുള്ളതു ഞാൻ തന്നെയാണ്. ഇണക്കവും പിണക്കവും തുടർക്കഥയായിരുന്നു ദേവരാജൻ മാഷും ഞാനും തമ്മിലുള്ള ബന്ധം. പക്ഷേ, അവസാനകാലത്തു വളരെ നല്ല ബന്ധമായിരുന്നു. 

 

നിങ്ങൾ തമ്മിൽ അപസ്വരങ്ങൾ ഇല്ലായിരുന്നെങ്കിൽ എത്രയധികം പാട്ടുകൾ പിറന്നേനേ? 

 

ഒരിക്കലും ദേവരാജൻ മാഷ് ക്ഷമ ചോദിക്കുകയോ താൻ ചെയ്തതു തെറ്റായെന്നു സമ്മതിക്കുകയോ ചെയ്യാറില്ല. പക്ഷേ, എന്റെ മകളുടെ വിവാഹ റിസപ്ഷൻ മദ്രാസിൽ നടക്കുമ്പോൾ എന്റെ അടുത്തിരുന്നു മാഷ് പറഞ്ഞു: ‘തമ്പീ, നമ്മൾ തമ്മിൽ പിണങ്ങാൻ പാടില്ലായിരുന്നു. പിണങ്ങിയില്ലായിരുന്നെങ്കിൽ നമ്മളൊരു ആയിരം പാട്ടു ചെയ്തേനേ. ഇപ്പോൾത്തന്നെ നമ്മൾ 220 പാട്ടു ചെയ്തു’ 

അദ്ദേഹം എണ്ണിവച്ചിരിക്കുന്നു. ഞാൻ എണ്ണിയിട്ടില്ല. എനിക്കതു വല്ലാതെ ഫീൽ ചെയ്തു. 

ഞാൻ പറഞ്ഞു: ‘മാഷേ, ഇതൊന്നും നമ്മൾ തീരുമാനിക്കുന്നതല്ല. കാലം തീരുമാനിക്കുന്നതാണ്’. 

 

(തുടരും...) 

 

ഈ അഭിമുഖത്തിന്റെ പൂർണരൂപം മനോരമ മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ വിഡിയോയിൽ കാണാൻ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 

 

https://www.youtube.com/watch?v=HJoIDsQpzQU