പ്രേക്ഷകമനസ് കട്ടെടുത്ത തത്ത!

കരിമിഴിക്കുരുവി എന്ന മീശമാധവനിലെ ഒരൊറ്റ ഗാനത്തിലൂടെയാണ് ദേവാനന്ദ് എന്ന ഗായകൻ മലയാളികളുടെ മനസിൽ കൂടുകൂട്ടിയത്. ഇന്നിതാ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്ത എന്ന ഗാനത്തിലൂടെ ആ ശബ്ദം വീണ്ടും പ്രേക്ഷകമനസ് കട്ടെടുക്കുകയാണ്. ദിലീപും ദേവാനന്ദും തമ്മിലുള്ള രസതന്ത്രമാവാം, ഇവർ ചേർന്നാൽ ആ പാട്ടും പടവും ഒരുപോലെ ഹിറ്റ്. കരിമിഴിക്കുരുവി ( മീശമാധവൻ), തൊട്ടൊരുമ്മിയിരിക്കാൻ (രസികൻ), അറിയാതെ ഇഷ്ടമായ് ( പാണ്ടിപ്പട), കാടിറങ്ങി ഓടിവരുമൊരു ( സിഐഡി മൂസ), കണ്ണിൻ വാതിൽ ചാരാതെ (മുല്ല) എന്നിവ അതിനുദാഹരണങ്ങളാണ്. ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ എന്ന മര്യാദരാമനിലെ ഗാനത്തിലൂടെ ഇരുവരും വീണ്ടും ചേരുമ്പോൾ പാട്ട് ഹിറ്റ്, പടവും ഹിറ്റാവുമോ? ദേവാനന്ദ് മനോരമ ഓൺലൈനിൽ...

‍ഉമ്മറത്തെ ചെമ്പകത്തെ...

∙ എവിടെയായിരുന്നു ഈ കരിമിഴിക്കുരുവി? ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. സിനിമയിൽ പാടുന്നുമുണ്ട്. മനോഹരമായ പാട്ടുകൾ തന്നെയാണ് എന്നെ തേടി വരുന്നതും. പക്ഷേ, നിർഭാഗ്യമായിരിക്കാം ഒന്നുകിൽ ഞാൻ പാടുന്ന പാട്ട് സിനിമയിൽ ഉണ്ടാവില്ല. ഇല്ലെങ്കിൽ സിനിമ ഇറങ്ങില്ല. പിന്നെ എനിക്ക് തന്നെ തോന്നി സിനിമ ഇറങ്ങിയതിന് ശേഷം മാത്രമേ ഞാൻ അതിൽ പാടിയിട്ടുണ്ടെന്ന് പറയൂ എന്ന്.

∙ അന്ന് കരിമിഴിക്കുരുവി, ഇന്ന് തത്ത

മീശമാധവനിലെ കരിമിഴിക്കുരുവി എന്ന ഗാനം ശരിക്കും എന്റെ രാശിയാണെന്ന് പറയാം. ഇത് നിന്റെ പാട്ടാണെന്ന് പറഞ്ഞ് അന്ന് വിദ്യാസാഗർ എനിക്ക് ആ ഗാനം തരുമ്പോൾ അത് ഒരു സൂപ്പർഹിറ്റ് ഗാനമാവുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചില്ല. ഇന്നും കരിമിഴിക്കുരുവിയുടെ ഗായകൻ എന്നാണ് ഞാൻ അറിയപ്പെടുന്നത്. മര്യാദരാമനിലെ ഉമ്മറത്തെ ചെമ്പകത്തെ എന്ന ഈ ഗാനം ഗോപി എനിക്ക് തന്നതും ചേട്ടന് വേണ്ടിയുള്ള പാട്ടാണെന്നാണ് പറഞ്ഞാണ്. ആകസ്മികമാവാം എന്നാലും ഈ ഗാനവും ജനങ്ങൾ ഏറ്റെടുത്തു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.k

∙ തത്ത വന്ന വഴി

ഗോപി സുന്ദറിനെ എനിക്ക് പതിനഞ്ച് വർഷമായി അറിയാം. മദ്രാസിൽ വച്ച് ഞങ്ങൾ മറ്റ് വർക്കുകളുമായ് ബന്ധപ്പെട്ട് പലപ്പോഴും കാണാറുമുണ്ടായിരുന്നു. സംഗീത സംവിധായകൻ ആയതിന് ശേഷം ഞങ്ങൾ തമ്മിൽ കാണുമ്പോഴെല്ലാം ഗോപി എന്നോട് പറയും – ചേട്ടാ , ചേട്ടന് വർക്കൗട്ടാകുന്ന പാട്ടെ ഞാൻ തരൂ കേട്ടോ? അത് മതിയെന്ന് ഞാൻ തിരിച്ച് പറയുകയും ചെയ്യും. രണ്ട് മാസം മുൻപ് ദിലീപേട്ടനെ യാദൃശ്ചകമായി കണ്ടപ്പോൾ – ദേ, ഇന്നലെ ഞാനും ഗോപിയും കൂടി ദേവാനന്ദിന്റെ കാര്യം പറഞ്ഞതേ ഉള്ളൂ. മര്യാദരാമനിൽ ഒരു ഗാനം ഉണ്ട്!!! എന്ന് പറഞ്ഞു. അന്ന് തന്നെയാണ് എന്നെ ഗോപി വിളിച്ച് പാട്ടിനെക്കുറിച്ച് പറയുന്നതും.

‍കരിമിഴിക്കുരുവി...

∙ ദിലീപ് – ദേവാനന്ദ് കെമിസ്ട്രി!

മീശമാധവൻ, രസികൻ, പാണ്ടിപ്പട, സിഐഡി മൂസ, മുല്ല തുടങ്ങി ദിലീപേട്ടന്റെ ഹിറ്റ് പടത്തിലെല്ലാം പാടിയിരിക്കുന്നത് ഞാനാണ്. ദിലീപേട്ടന്റെ ശബ്ദവുമായി എന്റെ ശബ്ദം നന്നായി ചേരുമെന്ന് ദിലീപേട്ടൻ തന്നെ ഒരിക്കൽ പറഗഞ്ഞിട്ടുണ്ട്. ദിലീപേട്ടന്റെ ചില മാനറിസത്തോട് എന്റെ ശബ്ദം നന്നായി ഇണങ്ങുന്നതായി എനിക്കും തോന്നിയിട്ടുണ്ട്. ആ ചിരിയും നാണവും കുസൃതിയുമൊക്കെ തന്നെയാവാം എനിക്കും (ദിലീപേട്ടൻ കേൾക്കേണ്ട). മര്യാദരാമനിലെ ഗാനത്തിലും ആ മാനറിസമെല്ലാം ഉണ്ട്. എന്തായാലും പാട്ട് ഹിറ്റായി, സിനിമയും ഹിറ്റാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാർഥിക്കുന്നു.