മലയാളികളുടെ പുച്ഛം വിഷയമാക്കി ഒരു ഗാനം

ഏത് നാട്ടിൽ ചെന്നാലും എങ്ങനെ ജീവിച്ചാലും മലയാളികൾ തനി മലയാളികൾ തന്നെയാണ്. എന്ത് മഹത്തായ കാര്യത്തിൽ ഒരു കുറ്റം കണ്ടെത്തിയില്ലെങ്കിൽ മലയാളികൾക്ക് ഉറക്കം വരില്ല. മിക്കതിനോടും പുച്ഛവുമുണ്ടാകും. എന്തിനോടും ഏതിനോടും പുച്ഛം. മലയാളികളുടെ ഈ ഭാവത്തെ വിഷയമാക്കി ഒരു ഗാനം തയ്യാറാക്കിയിരിക്കുകയാണ് രണ്ട് യുവഗായകർ. ശ്രീനാഥ്, വിദ്യ ശങ്കർ എന്നിവർ ചേർന്നാണ് പുച്ഛം എന്ന് പേരിട്ടിരിക്കുന്ന രസകരമായ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

മലയാളികളുടെ തനി സ്വഭാവത്തെ ദൃശ്യവത്കരിച്ചിരിക്കുകയാണ് ഈ ഗാനത്തിൽ. നൂറ് ദിവസം ഓടുന്ന സിനിമയ്ക്ക് കുറ്റം കണ്ടുപിടിക്കുക, ഒപ്പമുള്ള സുഹൃത്തിനെ കളിയാക്കുക തുടങ്ങി സ്ഥിരം മലയാളി സ്വഭാവത്തെ ഈ ഗാനത്തിൽ കളിയാക്കുന്നുണ്ട്. ഗാനത്തിന്റെ വിശേഷങ്ങളുമായി യുവഗായകൻ ശ്രീനാഥ്.

ആശയം വന്ന വഴി

ഒരു സംഗീത പരിപാടിയ്ക്കായി നിഖിൽ രാജിനും വിദ്യാശങ്കറിനുമൊപ്പം യാത്ര ചെയ്യുമ്പോൾ വന്ന ഒരു അഭിപ്രായമാണ് ഇത്തരം ഒരു ആശയത്തിലേക്ക് എത്തിക്കുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ചിന്തയിൽ നിന്നുമാണ് ഞാൻ ഉൾപ്പെടുന്ന മലയാളികളുടെ പുച്ഛത്തെ വിഷയമാക്കിയാലോയെന്ന് ചിന്തിക്കുന്നത്. ആശയം പറഞ്ഞപ്പോൾ സുഹൃത്തുക്കൾക്കും ഇഷ്ടപ്പെട്ടു.

പിന്നിൽ പ്രവർത്തിച്ചവർ

ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഞാൻ തന്നെയാണ്. സംഗീതം ചിട്ടപ്പെടുത്തിയത് ഞാനും നിഖിൽ രാജും ചേർന്നാണ്. വിഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിദ്യാശങ്കറാണ്. ഞാനും വിദ്യാശങ്കറും ചേർന്നാണ് പാടിയിരിക്കുന്നത്. അനൂപ് ചേട്ടനും നന്നായി സഹകരിച്ചു. പിശാരടി ചേട്ടനാണ് ക്ലൈമാക്സിൽ പുച്ഛത്തിന്റെ ഹൈലേറ്റ്.

മലയാളികളെ കളിയാക്കൽ ആണോ?

ഒരിക്കലുമല്ല. ഞാനുൾപ്പെടെയുള്ള മലയാളികൾ സമ്മതിക്കുന്നതും എന്നാൽ തിരുത്താൻ ശ്രമിക്കാത്തതുമായ ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് പുച്ഛം. എന്തിനെയും പുച്ഛത്തോടെ കാണുക. എന്തിലും സംശയം പ്രകടിപ്പിക്കുക, നെഗറ്റീവ് കണ്ടുപിടിക്കുക അങ്ങനെ പോകുന്നു മലയാളികളുടെ ഹാബിറ്റ്. അതിൽ പുച്ഛത്തെ ആക്ഷേപഹാസ്യ മോഡലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീതത്തിനൊന്നും വലിയ പ്രാധാന്യം നൽകിയിട്ടില്ല. ഒരു ഓളം ഉണ്ടാക്കാവുന്ന തരത്തിലുള്ള ടൂണുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

സിനിമാ ഗാനം ആലപിച്ചോ?

ഇതുവരെയും അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായില്ല. ഞാൻ ഇപ്പോൾ എം ബി എ കഴിഞ്ഞ് ഇറങ്ങിയിട്ടേയുള്ളൂ. പഠിച്ചത് എം ബി എ ആണെങ്കിലും സംഗീതം കരിയർ ആക്കണമെന്നാണ് ആഗ്രഹം. അതിനായുള്ള ശ്രമങ്ങളും നടക്കുന്നു.

നേരത്തെയുള്ള പ്രോജക്ടുകൾ

ഞാൻ വിദ്യാശങ്കറും ചേർന്ന് വൈഗ എന്നൊരു ഗാനം നേരത്തെ ചെയ്തിട്ടുണ്ട്. പിന്നെ കുറച്ച് അയ്യപ്പ ഭക്തിഗാനങ്ങളും എന്നാൽ കൂടുതൽ സ്വീകാര്യത കിട്ടുന്നത് പുച്ഛം എന്ന പ്രൊജക്ടിനാണ്. വിഷയം ഇങ്ങനെയായത് കൊണ്ടാകാം മലയാളികൾക്ക് കൂടുതൽ ഇത് ഇഷ്ടപ്പെടുന്നത്. എന്തായാലും ഇത് സ്വീകരിച്ച എല്ലാവർക്കും നന്ദി.