ചലച്ചിത്ര ഗാനങ്ങളുടെ ഭാഷ ഏറ്റവും ആധുനികമായത് ശ്രീകുമാരൻ തമ്പി പാട്ടെഴുതിയപ്പോഴാണ്. 1966 ൽ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെയായിരുന്നു തമ്പിയുടെ രംഗപ്രവേശം. ബാബുരാജ് സംഗീതം നൽകിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹൃദയാർദ്രമായിരുന്നു താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ എന്നു തുടങ്ങുന്ന

ചലച്ചിത്ര ഗാനങ്ങളുടെ ഭാഷ ഏറ്റവും ആധുനികമായത് ശ്രീകുമാരൻ തമ്പി പാട്ടെഴുതിയപ്പോഴാണ്. 1966 ൽ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെയായിരുന്നു തമ്പിയുടെ രംഗപ്രവേശം. ബാബുരാജ് സംഗീതം നൽകിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹൃദയാർദ്രമായിരുന്നു താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ എന്നു തുടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര ഗാനങ്ങളുടെ ഭാഷ ഏറ്റവും ആധുനികമായത് ശ്രീകുമാരൻ തമ്പി പാട്ടെഴുതിയപ്പോഴാണ്. 1966 ൽ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെയായിരുന്നു തമ്പിയുടെ രംഗപ്രവേശം. ബാബുരാജ് സംഗീതം നൽകിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹൃദയാർദ്രമായിരുന്നു താമരത്തോണിയിൽ താലോലമാടി താനേ തുഴഞ്ഞുവരും പെണ്ണേ എന്നു തുടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര ഗാനങ്ങളുടെ ഭാഷ ഏറ്റവും ആധുനികമായത് ശ്രീകുമാരൻ തമ്പി പാട്ടെഴുതിയപ്പോഴാണ്. 1966 ൽ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലൂടെയായിരുന്നു തമ്പിയുടെ രംഗപ്രവേശം. ബാബുരാജ് സംഗീതം നൽകിയ ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹൃദയാർദ്രമായിരുന്നു

 

ADVERTISEMENT

താമരത്തോണിയിൽ താലോലമാടി

താനേ തുഴഞ്ഞുവരും പെണ്ണേ

 

എന്നു തുടങ്ങുന്ന പാട്ടിലുപയോഗിച്ച ഇമേജറികളെല്ലാം മലയാള ചലച്ചിത്രഗാനശാഖ അതുവരെ പരിചയിക്കാത്തതായിരുന്നു. ആതിരചന്ദ്രികയും അല്ലിയാമ്പൽ പൂക്കളും താരമ്പനുമനുരാഗവുമെല്ലാം പാട്ടിന് പുതിയൊരു ഭാഷ നൽകി, നിന്റെ കാലൊച്ച കേട്ടാൽ ഞാൻ ആകെ മാറുമെന്ന് പ്രണയ പരവശയായി പറയുന്ന ഒരു കാമിനിയെ തമ്പി പാട്ടിലെഴുതി. വെളിച്ചവും ഗന്ധവും കരളിന്റെ നൊമ്പരവും നിറഞ്ഞ കവിത പോലെയുള്ള ഈ ഗാനം പി. ഭാസ്കരനും വയലാറിനും ഒഎൻവിക്കുമിടയിൽ തമ്പിയെ വലിയ സാന്നിധ്യമാക്കി മാറ്റി. പ്രണയത്തിന്റെ വൈവിധ്യം കേരളീയ പ്രകൃതിയുടെ പശ്ചാത്തലത്തിൽ വിവിധ രൂപങ്ങളിൽ ആവിഷ്കരിക്കാൻ തമ്പിക്ക് കഴിഞ്ഞു. മലയാളത്തിലെ ഗാനരചയിതാക്കളിൽ‍ ഇത്രയേറെ വൈവിധ്യമുള്ള പാട്ടുകളെഴുതിയ മറ്റൊരാളില്ല. കേരളം അതിന്റെ എല്ലാ സാംസ്കാരിക രൂപങ്ങളെയും തമ്പിയുടെ പാട്ടുകളിൽ പ്രതിഷ്ഠിച്ചു എന്നു പറയാം. മുനികുമാരന്റെ പ്രണയം തൊട്ട് ഇന്നത്തെ ടീനേജ് പ്രണയം വരെ തമ്പി പാട്ടിലേക്ക് കൊണ്ടുവന്നു.

ADVERTISEMENT

 

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം

നിൻ ചിരിയിലലിയുമെൻ ജീവരാഗം (ഭാര്യമാർ സൂക്ഷിക്കുക)

 

ADVERTISEMENT

ചന്ദ്രകാന്തവും ജീവരാഗവും ദാഹമേഘവും ജീവമേഘവും പാട്ടിൽ മലയാളി ആദ്യമായി കേൾക്കുകയായിരുന്നു. നമ്മുടെ ഗാനശാഖയെ പുതുക്കിപ്പണിത ഓർമ കാമുകത്വത്തിന്റെ കണ്ണീരിൽ പുഞ്ചിരിക്കുന്നു. തമ്പിയുടെ ഗാനങ്ങളിലെ പ്രണയം പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്നതാണ്. അവിടെ അധരം തേടിവരുന്ന പൂത്തുമ്പികളുണ്ട്. ഇന്ദ്രിയങ്ങളിൽ പടരുന്ന ഇലഞ്ഞിപ്പൂമണം പോലുള്ള മുഖഗന്ധമുണ്ട്. മുത്തിനെ നക്ഷത്രമാക്കുന്ന പെൺചിരിയുണ്ട്. ഹൃദയേശ്വരിയുടെ നെടുവീർപ്പിൽ മധുരസംഗീതം കേൾപ്പിച്ച തമ്പിയുടെ ഗാനങ്ങളിലെല്ലാം പ്രണയിനിയോടുള്ള വലിയ ആദരം കാണാം. ഹൃദയേശ്വരി കർമധീരയായ പ്രാണേശ്വരി ആണ് എന്ന് പാട്ടിൽ തമ്പി എഴുതി. ‘വിഷാദവിപിനം’ എന്നൊരു പ്രയോഗം പാട്ടിൽ കാണാം. തമ്പിയുടെ പ്രണയിനി വിഷാദത്തിന്റെ കാട് വാടിക്കരിയാനും വികാരത്തിന്റെ മന്ദിരവാടി തളിർക്കാനും ഋതുകന്യകയായി പിറവി എടുത്തവളാണ്. അവളുടെ ചുണ്ടുകളിൽ എത്ര ചിരിച്ചാലും തീരാത്ത പൂവിതളുകൾ! 

 

പ്രണയത്തിന്റെ ഗന്ധർവവിരലുകൾകൊണ്ട് തൊടുമ്പോൾ പാടാത്ത വീണയും പാടുമെന്ന് തമ്പിയുടെ പ്രേമഗാനങ്ങൾ മലയാളിയെ അനുഭവിപ്പിച്ചു. തമ്പിയുടെ പ്രണയിനിക്കൊരു സവിശേഷതയുണ്ട്. അവൾ ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച മന്ദസ്മിതമുള്ളവളാണ്. അവളെ കാമുകൻ പുണ്യവതി എന്നു വിളിക്കും. കണ്ണിനു സായൂജ്യമാവുന്ന സ്വർണ ഗോപുര നർത്തകീശിൽപമാണവൾ. അവളുടെ ഭാവനകൾ തളിരണിയുമ്പോഴാണ് സർഗാത്മകതയുടെ പൂർണത. ഒരു ഗാനത്തിന്റെ മഴവിൽച്ചിറകിൽ തന്റെ സഖിയെ ഉയർത്താനാണ് ആ കാമുകൻ ആഗ്രഹിക്കുന്നത്. കവിതയോളം തന്നെ ഗാനത്തിനും പ്രാധാന്യം നൽകിയ കവിയാണ് ശ്രീകുമാരൻ തമ്പി. നീയൊരു മിന്നലായ് മറയുമ്പോൾ ഞാനൊരു ഗാനമായ് പിന്നാലെയുണ്ടാവുമെന്ന് തമ്പിയുടെ കാമുകൻ ഓർമപ്പെടുത്തുന്നുണ്ട്. ഒരിടത്ത് ഗാനകവി എന്നുതന്നെ ഒരു വിശേഷണമുണ്ട്.

 

പ്രാണ വീണതൻ ലോലതന്ത്രിയിൽ 

ഗാനമായി വിടർന്നു നീ (എഴുതാത്ത കഥ)

 

പ്രണയത്തിന് എപ്പോഴും ഈ പാട്ടെഴുത്തുകാരനിൽ ഗാനപശ്ചാത്തലമുണ്ട്. നിദ്രയിൽ സ്വപ്നമെന്നപോലെ പ്രണയം ഗാനത്തിലോ ഗാനം പ്രണയത്തിലോ ലയിക്കുന്നു. ‘നീ അരികിൽ പൂത്തുനിൽക്കുമ്പോൾ എന്റെ മനസിൽ‌ നിർവൃതിയുടെ ഗാനമഞ്ജരി’ എന്നാണ് ഒരു പാട്ടിലെഴുതുന്നത്. ‘ഓരോ നിമിഷവും ഓർമയിൽ ഗാനോത്സവം’ എന്ന് മറ്റൊരു പാട്ടിൽ വിശദമാക്കുന്നു.

 

പകൽ സ്വപ്നത്തിൻ പവനുരുക്കും

പ്രണയ രാജശിൽപി (അമ്പലവിളക്ക്)

 

അപൂർവമായ ഒരു കൽപനയാണ് ഈ പാട്ടിലുള്ളത്. ഒരിക്കലും താരുണ്യസ്വപ്നങ്ങളെയോ രതിനടനങ്ങളെയോ ആർഭാടാഘോഷമാക്കി മാറ്റുന്നില്ല തമ്പി. തപസ് ചെയ്യുന്ന താരുണ്യവും മദനലാവണ്യവുമാണ് തമ്പിയുടെ ഗാനങ്ങളിലെ പ്രണയത്തിന്റെ സ്വഭാവം. മിക്കപ്പോഴും സദാഗതി പശ്ചാത്തലത്തിലുണ്ട്. നദിയുടെ ഹൃദയം കണ്ട കാറ്റാകുന്ന കാമുകകവിയെക്കുറിച്ച് ഒരു പാട്ടിൽ പറയുന്നുണ്ട്. കാറ്റ് ഈ കവിയുടെ ഇഷ്ടകാമുകനാണ്. ആ കാറ്റിലാണ് കസ്തൂരിയുടെയും മല്ലികപ്പൂവിന്റെയും മധുരഗന്ധമുള്ളത്. തമ്പിയുടെ പ്രേമഭാവനയുടെ ഉന്നതമായ ഒരു സങ്കൽപം ‘മല്ലികപ്പൂവിൻ മധുരഗന്ധം’ എന്ന് തുടങ്ങുന്ന പാട്ടിലുണ്ട്. അതിൽ പ്രണയിനി മാലാഖമാരുടെ മാലാഖയാണ്. അവളെന്ന മോഹനരാഗമില്ലായിരുന്നെങ്കിൽ താൻ നിശബ്ദ വീണയായി പോകുമായിരുന്നു എന്നാണ് കാമുകൻ പറയുന്നത്. ആ പ്രേമഭാവനയ്ക്ക് ഇങ്ങനെയും ഒരർഥമുണ്ട്

 

നീയെന്ന സങ്കൽപം ഇല്ലായിരുന്നെങ്കിൽ 

നിശ്ചല ശിൽപമായേനെ (ഹണിമൂൺ)

 

ആർദ്രവിഷാദത്തിലും വാർത്തിങ്കൾ നിറഞ്ഞു ചിരിക്കുന്ന അനുഭവം തമ്പിയുടെ പാട്ടുകളിലുണ്ട്. ചന്ദ്രികയും പൗർണമിയും ആവർത്തിച്ചു പാട്ടുകളിൽ കടന്നുവരുന്നു. കൺമണിയുടെ കാർകൂന്തൽകെട്ട് അഴിഞ്ഞു വീണാൽ കറുത്തവാവിന്റെ തല കുനിയുമെന്നും പെണ്ണിന്റെ പുഞ്ചിരിപ്പൂനിലാവൊഴുകിയാൽ പൗർണമിരാവിന്റെ കണ്ണടയുമെന്നും വിശ്വസിക്കുന്ന ഒരു നിത്യ കാമുകനാണ് പ്രേമഗാനങ്ങളിലുള്ളത്. പലപ്പോഴും ചന്ദ്രബിംബത്തിന് നേരേയാണ് ആ കാമുകൻ ഉന്മുഖനാകുന്നത്. നിത്യസുന്ദര നിർവൃതി തേടുന്നവരാണ് തമ്പിയുടെ പ്രണയിതാക്കൾ. നിത്യയൗവനത്തിന്റെ വർണവും ഗന്ധവും രുചിയും അനുഭവിപ്പിക്കുന്ന ബിംബവിതാനമാണ് തമ്പി പാട്ടുകളിൽ സ്വീകരിക്കുന്നത്

 

എന്നെയൊരദ്ഭുത സൗന്ദര്യമാക്കി നീ

നിൻ വിരിമാറിൽ ചാർത്തുമ്പോൾ– രാഗ

നന്ദിനിയായ് ഞാൻ മാറുമ്പോൾ 

പ്രണയ പൗർണമി പൂത്തുലയുന്നു

പ്രേമാർദ്രമാധവം വിടരുന്നു– വിടരുന്നു

 

അന്വേഷണം എന്ന സിനിമയിലെ ‘ചന്ദ്രരശ്മിതൻ ചന്ദനനദിയിൽ’ എന്നു തുടങ്ങുന്ന പാട്ടിൽ ആണ് ഈ പ്രേമാർദ്രമാധവം. സ്ത്രീപക്ഷത്തുനിന്നുള്ള പ്രേമഭാവനയാണ് ഇത്. ‘താമരപ്പൂ നാണിച്ചു’ (ടാക്സി കാർ) എന്നു തുടങ്ങുന്ന പാട്ടിൽ കാമിനിയുടെ തങ്കവിഗ്രഹം തന്നെ വിജയിക്കുകയാണ്. അവൾ പ്രകൃതിയെ അതിശയിക്കുകയാണ്. കേരളീയ പ്രകൃതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന രൂപങ്ങളാണ് തമ്പിയുടെ പാട്ടികളിലുള്ളത്, കാമിനിയുടെ മന്ദഹാസം പോലെ മലയാള ഭാഷ മാദകഭംഗി നിറഞ്ഞതാണ്.  ‘കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലിയിൽ’ താമരക്കിളിയുടെ പാട്ടും കൈകൊട്ടിക്കളിത്താളവും പൂവെയിലിന്റെ നൃത്തവും ദൃശ്യവൽക്കരിക്കുന്നതാണ് തമ്പിയുടെ ഗാനഭാഷ.

 

മനോഹരി നിൻ മനോരഥത്തിൽ

മലരോടു മലർതൂവും മണിമഞ്ചത്തേരിൽ

മയങ്ങുന്ന മണിവർണനാരോ....!

ആരാധകനാണോ– ഈ ആരാധകനാണോ? (ലോട്ടറി ടിക്കറ്റ്)

 

ഒരു ആരാധകന്റെ കാമിനിയോടുള്ള നിവേദനമാണിത്. ആ പ്രണയമയിയുടെ മധുരവനത്തിലേക്ക് പ്രവേശനത്തിന് അനുവാദം ചോദിക്കുകയാണ്. അവളുടെ മണിമുത്തു വീണയിലെ സ്വരരാഗകന്യകകൾ ഉണരുന്നതാണ് അയാളുടെ സ്വപ്നം. അധരദളപുടത്തിൽ ശലഭമായ് അമരുന്ന ഒരു കിനാവ് ചില പാട്ടുകളിലുണ്ട്. അധരദളത്തിലെ കവിതകളാണ് ‘ പാലരുവിക്കരയിൽ’ എന്നു തുടങ്ങുന്ന പാട്ടിൽ ചോദിക്കുന്നത്. പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ ‘ പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി’ എന്ന് ഒരു പാട്ടിലെഴുതിയിട്ടുണ്ട്. 

 

കേരളീയ പ്രകൃതിയിൽ പ്രണയത്തിന്റെ പുതിയ സ്വപ്നചിത്രങ്ങൾ രചിക്കുകയായിരുന്നു ശ്രീകുമാരൻ തമ്പി. ‘മകരം പോയിട്ടും മാടമുണർന്നിട്ടും’ എന്നു തുടങ്ങുന്ന ഫോക്ക് ടച്ചുള്ള പാട്ടിൽ ‘കെട്ടിപ്പിടിക്കുമ്പോഴെന്റെ മനസിൽ ചെട്ടിക്കുളങ്ങര തേരോട്ടം’ എന്നു കാണാം. ദേശത്തിന്റെ പുരാവൃത്തങ്ങളും സംസ്കാരഘടകങ്ങളും ദൃശ്യകലകളും തന്റെ പ്രേമഗാനങ്ങളിലേക്ക് തമ്പി കൊണ്ടുവരാറുണ്ട്. സ്വർണമുഖിയായ കാമിനിയുടെ സ്വപ്നസദസ്സിലെ സ്വരമഞ്‍ജരിയിലേക്ക് തീർഥാടകനായ തന്നുടെ മോഹം കീർത്തനമായൊഴുകുന്ന ചിത്രം സ്വർണ മുഖി എന്നു തുടങ്ങുന്ന സ്വർഗപുത്രിയിലെ പാട്ടിലുണ്ട്. വസന്തകാലമാണ് പാട്ടിൽ തമ്പി ആവർത്തിക്കുന്നത്. പ്രേമവസന്തത്തിന്റെ കവിതകളാണ് അദ്ദേഹം പാട്ടുപോലെ എഴുതുന്നത്. ‘വാർമുകിൽ വാതിൽ തുറന്ന് അവിടെ വാർത്തിങ്കൾ നിന്ന് ചിരിക്കും.’ ‘ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങി നിൽക്കും’ ‘എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ... എന്ന് ചോദിക്കുന്ന തമ്പിയുടെ പ്രേമഭാവന ഓർമയുടെ വിരലുകൾകൊണ്ട് ഓമനിക്കുകയാണ് ഒരു വസന്തകാലം. അവിടെ ചിലമ്പുപോലെ ചിരിക്കുന്ന താരകരൂപിണിയായ ഒരു കാമിനി തനി മലയാളിപ്പെണ്ണായി നിറഞ്ഞു നിൽക്കുന്നു. ചന്ദനത്തിൽ കടഞ്ഞെടുത്ത പ്രണയഗീതകശിൽപം പോലെ!

 

കേരളം എന്നു തുടങ്ങുന്ന പാട്ട് സിനിമയിലെഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. ചിങ്ങപ്പൂവിളിയും പുന്നെല്ലിൻ പാടവും നിളാനദിയും തോണിപ്പാട്ടുമുള്ള കേരകേളീസദനമായി അദ്ദേഹം കേരളത്തെ കണ്ടു. പാട്ടിൽ പൊന്നോണത്തിന്റെ പൂവിളി കേട്ടു. കേരളീയആചാരങ്ങളെയും ആഘോഷങ്ങളെയും ഏറ്റവും കൂടുതലായി പാട്ടിലെഴുതിയത് ശ്രീകുമാരൻ‌ തമ്പിയാണ്. തിരുവോണപ്പുലരിയുടെ തിരുമുൽക്കാഴ്ച തന്നെ അദ്ദേഹം പാട്ടിലേക്ക് ഏറ്റുവാങ്ങി. മണ്ണിൽ വിണ്ണിന്റെ സങ്കൽപമെഴുതിയ മഹാകാവ്യമായി മലയാളത്തെ കണ്ടു. ഋതുക്കൾ ഓരോന്നും വിഭിന്ന തരത്തിൽ തമ്പിയുടെ പാട്ടുകളിൽ നൃത്തം വച്ചു. കേരളത്തിന്റെ സമഗ്രഭൂപടമാണ് തമ്പി പാട്ടുകളിൽ വരച്ചു വച്ചത്. നീലവാനവും ഉദയദീപികയും സ്വർണപ്പൂവെയിലും ഹരിതഭൂമിയും പുഴയും കാവും കാടും നിറഞ്ഞ ഒരു ലോകമാണ് തമ്പിയുടെ പാട്ടുലോകം. മകരമഞ്ഞും ഇടവപ്പാതിയും ഇളം വെയിലും കുളിരും ആ പാട്ടുകൾ അനുഭവിപ്പിച്ചു

 

നീലക്കുട നിവർത്തീ– വാനം

എനിക്കുവേണ്ടി

നീളെ പൂ നിരത്തി ഭൂമി

എനിക്കു വേണ്ടി (രക്തപുഷ്പം)

 

ഈ ആകാശവും ഭൂമിയും പല വർണങ്ങളിൽ പാട്ടുകളിൽ വിതാനിക്കപ്പെട്ടു. കാറ്റ് അവിടെ പ്രധാന സാക്ഷിയായി. സ്വരങ്ങൾ പ്രിയസഖികളായി. നിറങ്ങൾ ഭാവലയങ്ങളായി. ഭൂപാളരാഗം തുയിലുണർത്തുന്ന ഭൂമിയാണ് തമ്പിയുടേത്. തമ്പി ഒരുക്കുന്ന കേരളീയ ചിത്രത്തിന് സവിശേഷമായ ഒരു റിഥമുണ്ട്. അതൊരു തബലയുടെ നാദം പോലെ കേൾക്കാം

 

കാട്ടരുവി  ചിലങ്ക കെട്ടി

കാറ്റലകൾ തബല കൊട്ടി

കടമ്പിൻ ചില്ലകൾ കസവുകെട്ടി

കരിയിലക്കുരുവികൾ കൂടുകെട്ടി (ലേഡീസ് ഹോസ്റ്റൽ)

 

കാറ്റിന്റെയും അരുവിയുടെയും കുരുവിയുടെയും ശബ്ദങ്ങൾ കൊണ്ടാണ് ഈ താളമേളം സൃഷ്ടിക്കുന്നത്. വസന്തത്തിന്റെ വർണമോഹരാജികൾ വാരിയെറിഞ്ഞ പൂവനങ്ങളെ എത്രയോ പാട്ടുകളിൽ തമ്പികൊണ്ടുവന്നു. തിരുവോണപ്പുലരി ആവർത്തിച്ചു. തുലാവർഷ മേഘങ്ങൾ തുള്ളിയാടി. തുമ്പികൾ തുയിലുണർത്തി. മലയാള പ്പെൺകൊടികൾ താലമേന്തി. ഉത്രാടപ്പൂനിലാവ് പാൽ ചുരത്തി. മലയാളത്തെയും മലയാള നാടിനെയും പി. കുഞ്ഞിരാമൻ നായരും വൈലോപ്പള്ളിയും കവിതയിൽ ആവിഷ്ക്കരിച്ചതുപോലെ ശ്രീകുമാരൻ തമ്പി തന്റെ ഗാനങ്ങളിലെഴുതിയിട്ടുണ്ട്. മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള സ്നേഹാദരം പകിട്ടോടെ ആവിഷ്ക്കരിക്കുന്നതാണ് തമ്പിയുടെ ഒരു രീതി. സമഗ്രമായ ഓണാനുഭവം ആവിഷ്ക്കരിക്കാൻ കഴിഞ്ഞതാണ് ആ പാട്ടുകൾ മലയാളികൾ അത്രയേറെ സ്വീകരിക്കാൻ കാരണം, കേരളത്തിന്റെ വിവിധ ഉത്സവാന്തരീക്ഷത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന കുറെ പാട്ടുകൾ തമ്പി എഴുതിയിട്ടുണ്ട്. ‘ചെട്ടികുളങ്ങര ഭരണിയും’ ‘ആലപ്പുഴ വേലയും’ ‘തൈപ്പൂയകാവടിയാട്ടവും’ അവയിൽ ചിലതാണ്. കേരളത്തിന്റെ സമസ്ത കാലാവസ്ഥയാണ് അദ്ദേഹം പാട്ടിലേക്ക് കൊണ്ടുവന്നത് എന്നു പറയാം.

 

‘കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ കരിമഷിക്കോലങ്ങളാ’യിട്ടാണ് തമ്പി ഭൂമിയിലെ മനുഷ്യരെ കാണുന്നത്. സുഖവും ദുഃഖവും മരീചികയായി അനുഭവിക്കുന്നവർ. ജീവിതം, സുഖം, ദുഃഖം, സ്വന്തം, ബന്ധം എന്നീ വാക്കുകളുടെ പൊരുൾ ഗാനത്തിലൂടെ അന്വേഷിച്ച മറ്റൊരു കവിയില്ല, ദുഃഖത്തിന് പുലർകാല വന്ദനം പറഞ്ഞ് കാലത്തെ അഭിനന്ദിക്കുന്നു. മറയുന്ന ദൈവത്തെ നോക്കി മന്ദഹസിക്കുന്നു. എന്നാലും ചിലപ്പോൾ കാലത്തെ അജ്ഞാതകാമുകനായും ജീവിതത്തെ പ്രിയ കാമുകിയായും ആരോഹണാവരോഹണമുള്ള ഗാനമായും സങ്കൽപ്പിക്കും.

 

ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം

ആർത്തി കാണിച്ചിട്ടെന്തുകാര്യം (സിംഹാസനം)

 

ശ്രീകുമാരൻ തമ്പിയുടെ മനുഷ്യൻ ഒരു അജ്ഞാതസ്വത്വമാണ്. ‘മനുഷ്യാ നിന്റെ നിറമേത്’ എന്ന് പ്രത്യക്ഷത്തിൽത്തന്നെ അദ്ദേഹം പാട്ടിൽ ചോദിക്കും. ജീവിതത്തെ കൃത്യമായി നിർവചിക്കും

 

സുഖമൊരു ബിന്ദു

ദുഃഖമൊരു ബിന്ദു

ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു

പെൻഡുലമാടുന്നു

ജീവിതം, അതു ജീവിതം (ഇതു മനുഷ്യനോ?)

 

പാട്ടെഴുതുന്നതിലെ സമർഥമായ ചില ഭാഷാവിദ്യകൾക്ക് ഉദാഹരണമാണ് ഈ ഗാനം PENDULUM  എന്ന ഇംഗ്ലിഷ് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് അങ്ങനെയൊരു വാക്ക് മലയാള ഗാനത്തിൽ വരുന്നത്. ബിന്ദു((Bindu) എന്ന് പറയുമ്പോൾ അതിനു സമാനമായി പെൻഡുലം വരുന്നു. രണ്ടിലും ‘ndu’ വിന്റെ റിഥം ചേർന്ന് ഭംഗി പകരുന്നു. തത്വചിന്താത്മകമായ ചോദ്യങ്ങൾ കൊണ്ട് സമ്പന്നമാണ് തമ്പിയുടെ പാട്ടുകൾ. എവിടെ എവിടെ എന്ന് അത് മുഴങ്ങിക്കേൾക്കാം. എന്നാലും കാലത്തിൽ ജീവിതത്തിന്റെ അവിരാമഗതി തമ്പി രേഖപ്പെടുത്തുന്നു

 

കാലം മാറിവരും

കാറ്റിൻ ഗതിമാറും

കടൽവറ്റിക്കരയാകും

കരപിന്നെ കടലാകും

കഥയിതു തുടർന്നുവരും, ജീവിത

കഥയിതു തുടർന്നുവരും (ക്രോസ്ബെൽറ്റ്)

 

English Summary: VR Sudheesh Writes about Sreekumaran Thampi and his Songs