ലഗ് ജാ ഗലേ...കേൾക്കാം ഗായത്രിയുടെ സ്വരമാധുരിയിൽ

ദീനദയാലോ രാമാ... പോലെ എത്രയോ ക്ലാസിക് ആയ ഗാനങ്ങളാണ് ഈ ഗായിക നമുക്ക് പാടിത്തന്നിട്ടുള്ളത്. പ്രിയപ്പെട്ട കുറേ പുസ്തകങ്ങളും ഗ്രാമഫോണുമുള്ള എപ്പോഴും നിശബ്ദമായ ഒരു മുറിയിൽ കയറി കണ്ണടിച്ചിരുന്ന് കേൾക്കാൻ തിരയുന്ന പാട്ടുകളുടെ ചേലുണ്ട് അവരുടെ കുറേ ഗാനങ്ങൾക്ക്. വിശുദ്ധമായ സ്വരമാധുരി. ഗായത്രി അശോകനെ കുറിച്ചുള്ള ഏറ്റവും ലളിതമായ പരിചയപ്പെടുത്തലാണിത്. സംഗീതത്തെ അറിഞ്ഞ് അതിലൊപ്പം അലിഞ്ഞു ചേർന്ന് യാത്ര ചെയ്യുന്ന ഗായത്രിയാണ് മനോരമ ഓൺലൈൻ മ്യൂസിക് ഷോ‌ട്സിലെ ഇത്തവണത്തെ പാട്ടുകാരി. 

'ലഗ് ജാ ഗലേ' എന്ന പാട്ടാണ് ഗായത്രി പാടുന്നത്. ലതാ മങ്കേഷ്കറിന്റെ അനേകം മനോഹര ഗാനങ്ങളിലൊന്ന്. 1964ൽ പുറത്തിറങ്ങിയ വോ കോൻ ഥി എന്ന ചിത്രത്തിലേതാണീ ഗാനം. രാജാ മെഹ്ന്ദി അലി ഖാനിന്റെ വരികൾക്ക് സംഗീതം മദൻ മോഹന്റേതാണ്. എന്നെന്നും ഓർത്തിരിക്കുന്ന ലതാ മങ്കേഷ്കർ ഗാനങ്ങളിലൊരെണ്ണമാണിതും. 

സിനിമ ഗാനങ്ങൾക്കപ്പുറം സംഗീതത്തോടൊപ്പം സഞ്ചരിക്കുന്ന ഗായത്രി പല വേദികളില്‍ ഗസലുകൾ പാടി അതിശയിപ്പിച്ചിട്ടുണ്ട്. ഗസലുകൾ കേൾക്കുന്ന പോലെ നിസ്വാർഥമായ സ്നേഹം സംവദിക്കുന്ന ആലാപനമാണ് ഇവിടെയും ഗായത്രി സമ്മാനിക്കുന്നത്. രാഹുൽ രാജാണ് ഈ പാട്ടിന്റെ കവർ വേർഷന്‍ ചിട്ടപ്പെടുത്തിയത്. ലളിതമായ ഓർക്കസ്ട്രയിൽ ഗായത്രി പാടുമ്പോൾ ബോളിവുഡ് സംഗീതത്തിലെ ഏറ്റവും പ്രൗഢമായ കാലത്തെ ഒരു സൃഷ്ടിയെ കൂടുതൽ അടുത്തറിയുക മാത്രമല്ല, ഈ ഗായികയുടെ സ്വരത്തിനെത്രയാ ഭംഗിയെന്നു നമ്മൾ അറിയാതെ പറഞ്ഞു പോകുകയും ചെയ്യും. അത്രമേൽ ശാന്ത സുന്ദരമാണ് ഈ ആലാപനം. 

Read More: Music Shots Videos