ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി...

1992ൽ റിലീസ് ചെയ്ത കുടുംബസമേതം എന്ന ചിത്രത്തിനുവേണ്ടി കൈതപ്രം രചിച്ച് ജോൺസൻ സംഗീതം പകർന്ന് ഊഞ്ഞാലുറങ്ങി എന്നു തുടങ്ങുന്ന ഗാനം മിൻമിനിയുടെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ഇതേ ചിത്രത്തിലെ നീലരാവിലിന്നു നിന്റെ താരഹാരമിളകി... എന്ന യേശുദാസുമായി ചേർന്നു പാടിയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മിൻമിനി റിക്കോർഡിങ് ദിവസത്തെ ഓർക്കുന്നു. ഊഞ്ഞാലുറങ്ങി എന്ന പാട്ടിനെപ്പറ്റി പറയുമ്പോൾ ഞാനെന്റെ അമ്മച്ചിയെ ഓർക്കും. റിക്കോർഡിങ്ങിനൊന്നും അമ്മച്ചി വരാറില്ല. കൂടെ വന്ന ഏക മലയാളപാട്ടിന്റെ റിക്കോർഡിങ് ഇതായിരുന്നു. ഇന്ന് അമ്മച്ചി ഞങ്ങളെ വിട്ടുപോയി. നാട്ടിൽ നിന്നും ഞാനും അമ്മച്ചിയും നേരെ പോയത് ചെന്നൈയിലെ പ്രസാദ് ലാബിൽ ഈ പാട്ടിന്റെ റിക്കോർഡിങ്ങിനാണ്. ജോൺസൺ മാഷിനെ ഞാൻ വിളിച്ചിരുന്നതു ചേട്ടൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ ധാരാളം നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടി. എനിക്കു ശബ്ദം നഷ്ടപ്പെട്ട സമയത്ത് അദ്ദേഹം ഒത്തിരി വിഷമിച്ചു. വീണ്ടും ഞാൻ പാടിത്തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

1992 ഓഗസ്റ്റ് 18ന് ആണ് കുടുംബസമേതത്തിലെ ഗാനങ്ങളുടെ റിക്കോർഡിങ് നടന്നത്. 2011 ഓഗസ്റ്റ് 18ന് ജോൺസൻ എന്ന മഹാപ്രതിഭ നമ്മെ വിട്ടുപോയതിൽ എന്തൊരു വേദനാജനകമായ യാദൃശ്ചികത. ചിന്ന ചിന്ന ആശൈ എന്ന റോജയിലെ ഗാനത്തോടെ മിൻമിനി ദക്ഷിണേന്ത്യയിലെ പ്രിയ ഗായികമാരിലൊരാളായി. ആലുവക്കാരിയായ മിനി ജോസഫിനു മിൻമിനി എന്നു പേരിട്ടത് ഇളയരാജയാണ്. മലയാളത്തിൽ സൗപർണികാമൃത വീചികൾ പാടും, കുഞ്ഞുവാവയ്ക്കിന്നല്ലോ നല്ല നാള് . കാക്ക പൂച്ച കൊക്കരക്കോഴി, പാതിരവായ് നേരം പനിനീർക്കുളിരമ്പിളി, വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.

ഊഞ്ഞാലുറങ്ങി ഹിന്ദോളരാഗം മയങ്ങി

നോവുന്ന തെന്നലിൻ നെഞ്ചിലെ

ആദിതാളമെങ്ങോ തേങ്ങി

കണ്ണീർത്തുമ്പിയും താനേ കേണുപോയ്

( ഊഞ്ഞാലുറങ്ങി )

ചാമരങ്ങൾ വാടി

കളിത്താരകങ്ങൾ മാഞ്ഞു

ഓണവില്ലു വീണുലഞ്ഞുപോയ്

തേക്കുപാട്ടിലൊഴുകി തേനരിമ്പുകൾ

ആരവങ്ങളിൽ അറിയാതെ വീഴും

കണ്ണീർത്തുമ്പിയും താനേ കേണുപോയ്

( ഊഞ്ഞാലുറങ്ങി )

രാവിറമ്പിലേതോ കളിവള്ളമൂയലാടി

അലയുണർന്ന കായലോടിയിൽ

പൂവണിഞ്ഞ വഴിയിൽ നിഴലുതിർന്നുപോയ്

ഒരു തലോടലിൽ കുളിരാനായ് എങ്ങോ

കണ്ണീർത്തുമ്പിയും താനേ കേണുപോയ്

( ഊഞ്ഞാലുറങ്ങി )