മറക്കാനാകുമോ ഇൗ ലോകകപ്പ് ഗാനങ്ങൾ

ലോകകപ്പ് ആരംഭിക്കാൻ ഏതാനം ദിവസങ്ങൾ ബാക്കി നിൽക്കെ ലോകം ഫുട്ബോൾ ആവേശത്തിലാണ്. ആരാധകർ തങ്ങളുടെ ഇഷ്ട ടീമിനായി സമൂഹമാധ്യമങ്ങളിലും അല്ലാതെയും  കളം നിറഞ്ഞുകഴിഞ്ഞു. അതിനിടെ ആരാധകർ ഉറ്റുനോക്കിയിരുന്ന ലോകകപ്പ്  ഗാനം ഈ ആഴ്ച പുറത്തിറങ്ങും. അമേരിക്കൻ ഗായകൻ നിക്കി ജാമാണ് ഈ പ്രാവശ്യത്തെ ഫിഫാ ലോകകപ്പ്  ഔദ്യോഗിക ഗാനം ഒരുക്കുന്നത്. ‘ലീവ് ഇറ്റ് അപ്പ്’എന്ന പേരിൽ ഇറങ്ങുന്ന ഗാനത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തും ഗായിക ഇറാ ഇസ്ട്രഫിയുമാണ് അണിനിരക്കുന്നത്. ഗാനം എത്തുന്നതോടെ ലോകകപ്പ് ആവേശം ഇരട്ടിയാകുമെന്ന് ഉറപ്പ്.

ലോകകപ്പ്  ആവേശം ആരാധകരിൽ എത്തിക്കുന്നതിൽ അതിനോടനുബന്ധിച്ച് ഇറങ്ങുന്ന ഗാനങ്ങളും സുപ്രധാന പങ്ക് വഹിക്കാറുണ്ട്. ലോകകപ്പ്  കഴിഞ്ഞാലും ചിലപ്പോൾ അതു സൃഷ്ടിക്കുന്ന അലകൾ അടങ്ങാറില്ല. അത്തരത്തിൽ ആരാധകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഫുട്ബോൾ ലോകകപ്പ്  ഗാനങ്ങൾ ചുവടെ :

‘വീ ആർ വൺ’

2014 ബ്രസീൽ ലോകകപ്പിന് ആരാധകർ ചുവടുവെച്ചത് പിറ്റ് ബുൾ ഒരുക്കിയ ഈ ഗാനത്തിനൊപ്പമായിരുന്നു. പിറ്റ് ബുള്ളിനൊപ്പം ഗായികയും നടിയുമായ ജന്നിഫർ ലോറൻസും ക്ലൗഡിയ ലിറ്റെയും അണിനിരന്നതോടെ ഗാനം എക്കാലത്തെയും മികച്ച ലോകകപ്പ്  ഗാനങ്ങളിലൊന്നായി. തുടക്കത്തിൽ ബ്രസീലിയൻ വികാരം കുറഞ്ഞുവെന്ന പേരിൽ വിവാദത്തിൽപ്പെട്ടെങ്കിലും കുറച്ചു മാറ്റങ്ങൾ വരുത്തിയെത്തിയ ഗാനം പിന്നീട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ലോകകപ്പിനു ശേഷം നടന്ന ഐഎസ്എൽ മത്സരങ്ങളിലും മറ്റും ഗാനം സ്ഥിരം സാന്നിധ്യമായത് അതിന്റെ പ്രേക്ഷകപ്രീതി ഇന്ത്യയിലും എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.

‘ലാ ലാ ലാ’

ബ്രസീൽ ലോകകപ്പിൽ ഔദ്യോഗിക ഗാനത്തോടൊപ്പം തന്നെ ആരാധകർ ഏറ്റുപാടിയ ഗാനമായിരുന്നു പോപ്പ് ഗായിക ഷക്കീറയുടെ ‘ലാ ലാ ലാ’. ‘വക്കാ വക്കാ’യ്ക്കു ശേഷം വീണ്ടുമൊരു ഷക്കീറ തരംഗം സൃഷ്ടിക്കാൻ ഗാനത്തിനു സാധിച്ചു. ബ്രസീലിയൻ ഗായകൻ കാർലിനോസ് ബ്രൗണും ഗാനത്തിൽ ഷക്കീറയോടൊപ്പം ചുവടുവെച്ചു. ‘ഡെയർ(ലാ ലാ ലാ)’ എന്ന ആൽബത്തിലെ മൂന്നാമത്തെ ഗാനമായി പുറത്തിറങ്ങിയ ഇത് പിന്നീട് റീമിക്സ് ചെയ്ത് ‘ലാ ലാ ലാ(ബ്രസീൽ 2014)’ എന്ന പേരിൽ ലോകകപ്പ്  തീം മ്യൂസിക്കായി പുറത്തിറക്കുകയായിരുന്നു.

‘വക്കാ വക്കാ’

ഫിഫാ ലോകകപ്പ്  ഗാനമെന്ന് കേൾക്കുമ്പോഴേ മിക്കവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് 2010 ആഫ്രിക്കൻ ലോകകപ്പിന് പോപ്പ് ഗായിക ഷക്കീറ ഒരുക്കിയ ‘വക്കാ വക്കാ’ എന്ന ഗാനമായിരിക്കും. അത്രയ്ക്കായിരുന്നു  ഗാനം സൃഷ്ടിച്ച തരംഗം. ലോകം മുഴുവൻ ഈ ഗാനം ഷക്കീറയോടൊപ്പം ഏറ്റുപാടി. യൂട്യൂബിലെ പല റെക്കോർഡുകളും അന്ന് വക്കാ വക്കായ്ക്കു വഴിമാറിയിരുന്നു. പോപ്പ് ഗായിക എന്ന പേരിൽ നേടിയതിനൊപ്പം പ്രശസ്തി ഷക്കീറ ഈ ഒറ്റ ഗാനം കൊണ്ട് നേടി. ഇപ്പോഴും പല മത്സരങ്ങളിലും ഗാനം ഉപയോഗിക്കുന്നു.

‘വേവിൻ ഫ്ലാഗ്’

വക്കാ വക്കായോടൊപ്പം തന്നെ ആഫ്രിക്കൻ ലോകകപ്പിലെ ജനപ്രിയ ഗാനമായിരുന്നു സൊമാലിയൻ-കനേഡിയൻ ഗായകൻ കെനാൻ ഒരുക്കിയ ‘വേവിൻ ഫ്ലാഗ്’. സൊമാലിയൻ സ്വാതന്ത്ര്യാഭിലാഷവുമായി ഒരുക്കിയ ഗാനം പ്രേക്ഷക മനസ്സിനെ പെട്ടെന്നു കീഴടക്കി. ലോകകപ്പാവേശം ഉണർത്തുന്നതിനപ്പുറം, 2010ലെ ഹെയ്തി ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സമർപ്പണമായാണ് ഗാനം എത്തിയത്. ഗാനത്തിന്റെ ഈണത്തേക്കാളുപരി വരികളാണ് ആരാധക മനസ്സിൽ ഇടം പിടിച്ചത്.

‘ടു ബി നമ്പർ വൺ’

യൂട്യൂബിന്റെ കാലം വരുന്നതിനു മുൻപു തന്നെ ആരാധകർ ഏറ്റുപിടിച്ച ലോകകപ്പ്  ഗാനമായിരുന്നു 1990 ലെ ഇറ്റലി ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ടു ബി നമ്പർ വൺ’. ഇറ്റാലിയൻ ഗായകരായ എഡ്വാർ‍ഡോ ബെനറ്റോയും ഗിയാനാ നന്നിനിയും േചർന്നൊരുക്കിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഒരുക്കിയത് ജോർജിയോ മൊറോഡർ പ്രൊജക്ടായിരുന്നു. ലോകകപ്പ്  ഗാനങ്ങളിൽ ആദ്യമായി കരോക്കെ വേർഷൻ ഇറങ്ങിയത് ഇതിനായിരുന്നു.

‘ദ് കപ്പ് ഓഫ് ലൈഫ്’

1998ലെ ഫ്രാൻസ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു ‘ദ് കപ്പ് ഓഫ് ലൈഫ്’. സ്പാനിഷ് ഗായകൻ റിക്കി മാർട്ടിനായിരുന്നു ഗാനം ഒരുക്കിയത്. ഡിജിറ്റൽ യുഗത്തിനു മുൻപാണ് ഗാനം ഇറങ്ങിയതെങ്കിലും ഇതിന്റെ ഒരു ലക്ഷത്തിലധികം ഡിജിറ്റൽ കോപ്പികളാണു വിറ്റഴിഞ്ഞത്.